താൾ:33A11415.pdf/543

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രിസ്തസഭാചരിത്രം 471

ബ്രിതന്യയിൽനിന്നു രോമസൈന്യങ്ങൾ എല്ലാം വാങ്ങി പോകയാൽ,
സ്കോതർ അതിക്രമിച്ചു സഭകളെ നശിപ്പിച്ചു, അതുകൊണ്ടു ആ ദ്വീപുകാർ
കടല്പിടിക്കാരായ്വാഴുന്ന അംഗ്ലസഹ്സരുടെ പരാക്രമം അറിഞ്ഞു, അവരെ
രക്ഷെക്കായി വിളിച്ചു (449). ആയവരും ഹെംഗിസ്ത്, ഹൊർസ്സ എന്ന
മേധാവികളുമായി വന്നിറങ്ങി, സ്കോതരെ നീക്കിയശേഷം, ബ്രിതന്യയിൽ
തന്നെ കുടിയേറി വീര്യം ഇല്ലാത്ത പുരാണനിവാസികളെ പടിഞ്ഞാറെ
കൊണോളം ഉന്തി തള്ളി, സഭകളെ തകർത്തിടിച്ചു, ബിംബങ്ങളെ
പ്രതിഷ്ഠിക്കയും ചെയ്തു. (ഇതത്രെ എങ്ക്ലിഷ്കാരുടെ ഉല്പത്തി ആകുന്നത്).

ആ ഹാനികാലത്തിങ്കൽ തന്നെ സുവിശേഷം ഐരലന്ത് ദ്വീപിൽ പരന്നു.
സ്കൊതനായ പത്രിക്യൻ അച്ഛനോടു സത്യം ഗ്രഹിച്ച ശേഷം,
കടല്പിടിക്കാർക്ക് അടിമയായി, ഐരലന്തിൽ കന്നുകാലികളെ മെയ്ക്കുമ്പോൾ,
പ്രാർത്ഥിപ്പാൻ തുടങ്ങി, 16 വയസ്സിൽ മനസ്സു തിരിഞ്ഞു, ദേവസഹായത്താൽ
ഓടിപ്പോയി, പിതൃഭവനത്തിൽ എത്തിയശേഷം, ആ മ്ലേച്ഛ ജാതിയോടു
സുവിശേഷം അറിയിപ്പാൻ പുറപ്പെട്ടു, ബ്രിതന്യയിൽ അദ്ധ്യക്ഷസ്ഥാനം ലഭിച്ചു,
ഐരലന്തിൽ എത്തി പറ കൊട്ടി, നാട്ടുകാരെ ചേർത്തു, ക്രിസ്തകഥകളെ
അറിയിച്ചു, ചില തലവന്മാരെയും ഒരു കവിയേയും വിശ്വസിപ്പിച്ചു, അവരുടെ
സഹായത്താൽ ജനത്തിന്നു ബോധം വരുത്തി. അവന്റെ ഉപദേശത്താൽ
വിശ്വാസിയായ ബനിഗ്നൻ എന്ന ബാലൻ അവന്റെ സകല യാത്രകളിലും
കൂടെ ചെന്നു, തളരാതെ അദ്ധ്വാനിച്ചു പോന്നു. പത്രിക്യൻ ഐരിഷ് വാക്കിന്ന
അക്ഷരങ്ങളെ നിർമ്മിച്ചും, മഠങ്ങളെ സ്ഥാപിച്ചും, സത്യവിദ്യയെ പൂകിച്ചു.
കള്ളരാലും പുരോഹിതരാലും ജീവപര്യന്തം എത്രയും കഷ്ടപ്പെട്ടുംകൊണ്ടു
മരിച്ചാറെ, അവന്റെ ശിഷ്യർ സുവിശേഷം പരദേശത്തിൽ ഘോഷിപ്പാൻ
എത്രയും മുതിർന്നു. അവന്റെ നാമം ഇന്നോളവും ഐരിഷ്വംശത്തിൽ
പരദേവത എന്നപോലെ കീർത്തിപ്പെട്ടുമിരിക്കുന്നു.

കിഴക്കെ സഭയിൽ പടിഞ്ഞാറേതിലെ എന്നപോലെ സംഹാരവും
പീഡയും ഇല്ല; ഔഗുസ്തീന്നു സമമായ വെളിച്ചം ഉദിച്ചതും ഇല്ല. കൈസർമ്മാർ
മന്ത്രികൾക്കും അദ്ധ്യക്ഷന്മാർക്കും കീഴ്പെട്ടു, ഗൊഥർ മുതലായ ശത്രുക്കളെ
പണംകൊടുത്തും കൌശലം പ്രയോഗിച്ചും അകറ്റി, ഏകദേശം സമാധാനത്തെ
രക്ഷിച്ചുപോന്നു.

പാർസിയിലെ യസ്തജർദ്ദ രാജാവ് കൈസരോടു സന്ധിക്കുമ്പോൾ,
ബുദ്ധിയുള്ള ഒരു അദ്ധ്യക്ഷൻ ക്രിസ്ത്യപള്ളികളെ പാർസിയിൽ എങ്ങും
എടുപ്പിക്കാം എന്നു അനുജ്ഞയെ1 വാങ്ങി, ക്രിസ്ത്യാനർക്കു സമാധാനം വരുത്തി.
പടക്കാലത്തിൽ അവിശ്വാസികളായ പാർസികൾ 7000 പേർ രോമസേനയുടെ
വശത്തായി, യാത്രയുടെ തീൻപണ്ടങ്ങൾ കുറകയാൽ നന്ന വലഞ്ഞപ്പോൾ,

1. അനുവാദം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/543&oldid=200452" എന്ന താളിൽനിന്ന് ശേഖരിച്ചത്