താൾ:33A11415.pdf/542

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

470 ക്രിസ്തസഭാചരിത്രം

സഹായിച്ചു. താൻ എഴുതിയ പ്രബന്ധങ്ങളെ പിന്നെയും നോക്കികൊണ്ടു
തെറ്റായി പറഞ്ഞത് എല്ലാം തള്ളി തിരുത്തി,"പട്ടണനാശം ഞാൻ കാണരുതെ"
എന്നു യാചിച്ചു രോഗം പിടിച്ചാറെ, കണ്ണീർ ഓലോല വാർത്തു,
യൌവനപാപങ്ങളെയും അദ്ധ്യക്ഷവേലയിലെ പിഴകളെയും ഓർത്തനുതപിച്ചു,
തന്നിൽ ഗുണം ഒന്നും കാണാതെ ദോഷവാന്മാരെ പുനീകരിക്കുന്നവനിൽ 1
ആശ്രയിച്ചു, പൊടിയോളം തന്നെ താൻ താഴ്ത്തി, ഉറങ്ങിപ്പോകയും ചെയ്തു
(430-ഔഗു 28), ബൊനിഫക്യനും പോരിൽ മുറിഞ്ഞു മരിച്ചാറെ, വണ്ടാലർ
ജയിച്ചുകയറി, ഊരും നാടും നശിച്ചശേഷം, (431) ധനവും വേശ്യാദോഷാദികളും
മുഴുത്തിട്ടുള്ള കർത്ഥഹത്ത് നഗരത്തെയും ഉപായത്താൽ കൈവശമാക്കുകയും
ചെയ്തു. അന്നുമുതൽ (477) പര്യന്തം ഗൈസരീക് അപ്രിക്കരാജാവായി വാണു,
വസന്തകാലം തോറും കപ്പലേറി, കാണുന്ന ഉരുക്കളെ പിടിച്ചു, സികില്യാദി
ദ്വീപുകളെയും ഇതല്യ കടല്ക്കരയെയും മറ്റും ആക്രമിച്ചു കവർന്നു പോന്നു.
സാധാരണസഭക്കാരുടെ പീഡകളെ എന്തിന്നു പറയുന്നു. അവരിൽ അനേകർ
രാജ്യം വിട്ടു, പലരും അരീയക്കാരുടെ കൈകളാൽ രക്തസാക്ഷികളായി മരിച്ചു.
പഴയർ രോമകൈസർമ്മാരാൽ അനുഭവിച്ചത് എല്ലാം യേശുവിന്റെ സ്തുതിക്കായി
സഹിച്ചു, ജയം കൊൾവാൻ ഇവർക്കു ഔഗുസ്തീന്റെ ഉപദേശത്താൽ പ്രാപ്തി
വന്നത്.

ഗൈസരീക് ഒരു നാൾ ഭാര്യയുടെ മൂക്കും ചെവിയും അറുത്തപ്പോൾ,
അവളുടെ അച്ഛൻ വാഴുന്ന വൈസ്ത്ഗോഥരുമായി പട ഉണ്ടാകും എന്നു ശങ്കിച്ചു,
അവരെ കുഴക്കുവാൻ ഒരു വഴി വിചാരിച്ചു. ഹുണരുടെ മഹാരാജാവും
ദേവച്ചമ്മട്ടിയും ആയ അത്തിലയോടു "നീ പടിഞ്ഞാറൂടെ വന്നാക്രമിക്കേണം"
എന്ന് അപേക്ഷിച്ചു. ആയവൻ അനവധി പടകളോടും കൊംസ്കന്തീനപുരിയോളം
നാടെല്ലാം പാഴാക്കിയശേഷം, ആരും എതിരിടാതെ ദനുവ്നദിയുടെ ഉറവോളം
കയറി, രൈനെയും കടന്നു, എങ്ങും മൂലചേരദം വരുത്തിയാറെ, കതലൌന
സമഭൂമിയിൽ 2 മാറ്റാനെ കണ്ടു (451). രോമനായകനായ അയെത്യൻ വളരെ
കഷ്ടിച്ചു, വെസ്ത്ഗോഥർ, ഫ്രാങ്കർ, ബുരിഗുന്തർ, ബ്രീതർ മുതലായ ജാതികളെ
ചേർത്തു, അവരുടെ രാജാക്കന്മാരോടു ഒന്നിച്ചു യുരോപയുടെ
ഉദ്ധാരണത്തിന്നാമാറു പൊരുതപ്പോൾ, ഗോഥ രാജാവായ തെയോദോരിക1,
ലക്ഷവും പോർക്കളത്തിൽ പട്ടുപോയശേഷം, രോമവിദ്യയോടും
ഗർമ്മന്യശൌര്യത്തോടും ആവതില്ല എന്നും അത്തില കണ്ടു, മടങ്ങിപോയി,
മ്ലേച്ഛഭയം യുരോപയിൽനിന്നു നീങ്ങുകയും ചെയ്തു. എങ്കിലും അയേത്യന്റെ
മരണശേഷം, ഗാല്യയിലും രോമവാഴ്ച ഒടുങ്ങി ഫ്രാങ്കരുടെ കൈക്കലായി (അവർ
പരിങ്ക്രീശ തന്നെ).

1. തുയ്യപ്പെടുത്തുന്നവനിൽ 2. ഫ്രാഞ്ച് രാജ്യത്തിൽ (ശലോൻ സീർ മാർന്ന്
എന്ന പട്ടണത്തിനരികെ),

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/542&oldid=200450" എന്ന താളിൽനിന്ന് ശേഖരിച്ചത്