താൾ:33A11415.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 239

നിർത്തി പിന്നെ വാനദേശത്തിന്റെ കർത്താവിനെ നിരസിച്ചു, അവന്റെ
പരിശുദ്ധസഞ്ചാരികളെ നശിപ്പിപ്പാൻ അന്വേഷിക്കുന്ന ആശാഭഗ്നാസുരന്റെ
സംശയപുരിയിലേക്ക് പോകുന്ന വഴി ഈ വേലിക്കടായിൽ കൂടി തന്നെ
ആകുന്നു; എന്നതിന്മേൽ കൊത്തി എഴുതിക്കയുംചെയ്തു. ശേഷംകടന്ന
സഞ്ചാരികളും ആ എഴുത്തു നോക്കി വായിച്ചതിനാൽ തെറ്റാതെ നേർവ്വഴിയിൽ
തന്നെ നടന്നു കൊണ്ടിരുന്നു. അപ്പോൾ അവർ:

നാം വഴി തെറ്റി വേഗത്തിൽ
നിഷിദ്ധ ദിക്സുഖത്തെ കണ്ടു
വിചാരിയാതെ ആർ ഇതിൽ
പുക്കാലും പേടിച്ചോടി മണ്ടു
ഈ കോട്ടയിന്തുറുങ്കു സംശയം
അതിൽ വസിപ്പോർക്കാശ വിസ്മൃതം.

എന്നു പാടി.

അനന്തരം അവർ യാത്രയായി മുഞ്ചൊന്ന ഗിരിയുടെ കർത്താവിനുള്ള
വാഞ്ഛിതമലപ്രദേശത്തിൽ എത്തി, അവിടെയുള്ള പറമ്പുകളും പൂങ്കാവുകളും
മുന്തിരിങ്ങാത്തോട്ടങ്ങളും നീരുറവുകളും മറ്റും കാണ്മാൻ മുകളിൽ കയറി
വെള്ളം കുടിച്ചും കുളിച്ചും മുന്തിരിങ്ങാപ്പഴം ഭക്ഷിച്ചുംകൊണ്ടു സന്തോഷിച്ചു.
അവിടെ ആട്ടിങ്കൂട്ടങ്ങളെ മേച്ചു കൊള്ളുന്ന ഇടയന്മാർ വഴിയരികെ തന്നെ
നില്ക്കകൊണ്ടു സഞ്ചാരികൾ അവരുടെ അടുക്കൽ ചെന്നു ക്ഷീണന്മാരായ
വഴിപോക്കരുടെ മര്യാദ പ്രകാരം വടി ഊന്നിനില്ക്കുന്നതു കണ്ടു, ഈ മലകളും
ആട്ടിങ്കൂട്ടങ്ങളും ആർക്കുള്ളതാകുന്നു? എന്നു ചോദിച്ചു.

ഇടയന്മാർ : ഈ മലകൾ ഇമ്മാനുവേലിന്റെ ദേശവും തന്റെ
പട്ടണത്തിൽനിന്നു നോക്കെത്തുന്നതുമാകുന്നു; അവന്റെ ആടുകൾ ഇതാ;
ഇവ നിമിത്തം അവൻ തന്റെ ജീവനെ വെച്ചു കൊടുത്തു.

ക്രിസ്തി: ഇതു വാനപട്ടണവഴി തന്നെയോ?

ഇടയ: അതെ നിങ്ങൾ വഴിയിൽതന്നെ.

ക്രിസ്തി: അവിടേക്ക് എത്ര ദൂരം?

ഇടയ: അവിടേക്ക് തന്നെ പോകുന്നവർക്കല്ലാതെ മറ്റാർക്കും
എത്തുവാൻ കഴിയാത്ത ദൂരം.

ക്രിസ്തി: വഴി നല്ലതൊ ദുർഗ്ഗമമൊ?

ഇടയ: നല്ലവർക്കു നല്ല വഴി, അക്രമക്കാർ അതിൽ വീഴും.

ക്രിസ്തി: വലഞ്ഞും ക്ഷീണിച്ചും ഇരിക്കുന്ന സഞ്ചാരികൾക്ക് വേണ്ടി
ഇവിടെ വല്ല ഉപകാരവും ഉണ്ടാകുമോ?

ഇടയ: അതിഥിസല്ക്കാരത്തെ മറക്കരുതെന്നു ഈ മലകളുടെ കർത്താവ്
ഞങ്ങളോടു കല്പിച്ചിരിക്കയാൽ, ഈ സ്ഥലത്തിലുള്ള നന്മകളെ യഥേഷ്ടം
അനുഭവിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/311&oldid=200013" എന്ന താളിൽനിന്ന് ശേഖരിച്ചത്