താൾ:33A11415.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 235

രാത്രിയിൽ വേലിക്കടായിക്കൽ എത്തുവാൻ കഴിയാതെ, ഒരു പർണ്ണശാലയെ
(ഇലക്കുടിഞ്ഞിൽ) കണ്ടു, അകത്തു പ്രവേശിച്ചു ക്ഷീണത നിമിത്തം കണ്ണും
മയങ്ങി പുലരുവോളം കിടന്നുറങ്ങുകയും ചെയ്തു.

അവർ ഇങ്ങിനെ കിടന്നുറങ്ങിയ സ്ഥലത്തിന്റെ സമീപത്തു
സംശയപുരി എന്നൊരു കോട്ടയുണ്ടായിരുന്നു. അവിടെ വാഴുന്ന
ആശാഭഗ്നാസുരൻ എത്രയും പുലർച്ചക്കു എഴുനീറ്റു തന്റെ നിലങ്ങളിൽ
എങ്ങും സഞ്ചരിച്ചു ആശാമയ ക്രിസ്തിയന്മാർ ഉറങ്ങുന്നതു കണ്ടു കോപിച്ചു
"ഉണരുവിൻ" എന്നു ക്രുദ്ധിച്ചു: നിങ്ങൾ എവിടെനിന്നു വരുന്നു? എന്റെ
ഭൂമിയിൽ നിങ്ങൾക്ക എന്തു പണി? എന്നു ചോദിച്ചാറെ, അവർ: ഞങ്ങൾ
സഞ്ചാരികളാകുന്നു; വഴിയും തെറ്റി നടന്നു എന്നു ചൊല്ലിയതു രാക്ഷസൻ
കേട്ടപ്പോൾ, നിങ്ങൾ ഈ രാത്രിയിൽ എന്റെ ഭൂമിയെ തീണ്ടി കളഞ്ഞതിനാൽ
എനിക്ക ദ്രോഹികളാകകൊണ്ടു എന്റെ കൂട വരേണം എന്നുകല്പിച്ചു, അവരെ
ബലംപ്രമാണമായി കൊണ്ടുപോകയും ചെയ്തതിന്നു തങ്ങളുടെ കുറ്റം
അറികയാൽ വിരോധം പറവാൻ കഴിയാതെ ഇരുന്നു. ഇങ്ങനെ രാക്ഷസൻ
അവരെ തന്റെ കോട്ടയിലേക്ക് പായിച്ചശേഷം, എത്രയും ഇരുട്ടും മലിനതയും
ദുർമ്മണവും നിറഞ്ഞ തടവിൽ പാർപ്പിച്ചു; അതിൽ അവർ ബുധനാഴ്ച തുടങ്ങി
ശനിയാഴ്ച വൈകുന്നേരത്തോളം അന്നപാനമിത്രങ്ങൾ കൂടാതെ കിടന്നിരുന്നു.
ഈ കഷ്ടമെല്ലാം എന്റെ കുറ്റത്തിന്റെ ഫലം എന്നു ക്രിസ്തിയൻ
അറികകൊണ്ടു ഇരട്ടിയായി ദുഃഖിച്ചു.

അന്നു രാത്രിയിൽ ആശാഭഗ്നാസുരൻ ഭാര്യയായ നിരാശയോടു:
അല്ലയോ പ്രിയേ, രണ്ടു പരദേശികൾ എന്റെ ഭൂമിയെ ചവിട്ടി
തീണ്ടിയതുകൊണ്ടു ഞാൻ അവരെ പിടിച്ചു തടവിൽ പാർപ്പിച്ചിരിക്കുന്നു.
അവരെ ഞാൻ എന്തു ചെയ്യെണം എന്നു ചോദിച്ചാറെ, അവർ ആരെന്നും;
എവിടെനിന്നു വരുന്നു. എവിടേക്ക് പോവാൻ വിചാരിക്കുന്നു എന്നും അവൾ
അന്വേഷിച്ചറിഞ്ഞപ്പോൾ: നീ കാലത്തു എഴുനീറ്റു അവരെ നല്ലവണ്ണം
അടിക്കെണം എന്നുമന്ത്രിച്ചപ്രകാരം അവൻ രാവിലെ എഴുനീറ്റു ഒരു മുൾവടി
വാങ്ങി തടവിൽ ചെന്നു തനിക്ക ഒരുനാളും വെറുപ്പു കാണിക്കാത്ത
സഞ്ചാരികളെ നായിക്കളെ പോലെ നിന്ദിച്ചു കഠോരമായി (കടുപ്പമായി) അടിച്ചു
പോകയും ചെയ്തു. ഇപ്രകാരം കൊണ്ട അടിയാൽ അവർ വളരെ വലഞ്ഞു
അനങ്ങുവാൻ കഴിയാതെ ആ ദിവസം മുഴുവൻ കരഞ്ഞും വീർത്തും മുറയിട്ടും
കൊണ്ടിരുന്നു. പിറ്റെ രാത്രിയിൽ രാക്ഷസി തടവുകാരുടെ അവസ്ഥ
അന്വേഷിച്ചു, അവർ ഇനിയും ജീവിച്ചിരിക്കുന്നു എന്നു കേട്ടാറെ, തങ്ങൾ തന്നെ
മരിച്ചു കളയേണ്ടതിന്നു അവരോടു കല്പിക്കേണം എന്നു ഭർത്താവിനോടു
പറഞ്ഞു. അതുകൊണ്ടു അവൻ രാവിലെ പിന്നെയും തടവിലേക്ക ചെന്നു
എത്രയും വല്ലാത്ത മുഖലക്ഷണം കാട്ടി, അവരുടെ മുറിവുതിണർപ്പുകളും മറ്റും

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/307&oldid=200009" എന്ന താളിൽനിന്ന് ശേഖരിച്ചത്