താൾ:33A11415.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 209

ഞാനും വിചാരിപ്പാൻ സംഗതിയുണ്ടായിരുന്നു. അതു കൂടാതെ ദൈവശത്രുക്കൾ
മാത്രം അവന്നു അപവാദം പറഞ്ഞാൽ, അതു മറ്റ എല്ലാ വിശ്വാസികൾക്കും
വരുന്ന ലോകനിന്ദ തന്നെ എന്നു വിചാരിച്ചു, പ്രമാണിക്കാതെ ഇരുന്നു എങ്കിലും,
ഞാൻ പറഞ്ഞതിനേക്കാൾ അധികം ദുഷ്കർമ്മങ്ങൾ അവനിൽ ഉണ്ടു എന്നു
ഞാൻ കണ്ണാലെ കണ്ടു തെളിയിപ്പാനും കഴിയും. പിന്നെ നല്ല ക്രിസ്തിയാനികൾ
അവന്റെ പേർ കേട്ടാൽ, ലജ്ജിച്ചു പാർക്കുന്നു, അവനെ ഒരു നാളും
സഹോദരനായും സ്നേഹിതനായും വിചാരിക്കയുമില്ല.

വിശ്വ: പറയുന്നതും പ്രവൃത്തിക്കുന്നതും രണ്ടുകാര്യം എന്നു
എനിക്കിപ്പോൾ ബോധിച്ചിരിക്കുന്നു; ഇനിമേലാൽ ഞാൻ ഈ വ്യത്യാസം
ഓർത്തുവിചാരിക്കും.

ക്രിസ്തി: അവ രണ്ടു കാര്യവും സത്യം. ആത്മാവ് വിട്ടു ശരീരം
ശവമായിരിക്കുന്ന പ്രകാരം, പ്രവൃത്തി കൂടാത്ത വാക്കും ശവം തന്നെ. പിതാവായ
ദൈവത്തിൻ മുമ്പാകെ ശുദ്ധവും നിർമ്മലതയും ഉള്ള ആരാധനയോ,
അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും,
തന്നെത്താൻ ലോകത്തിൽനിന്നു കളങ്കമില്ലാത്തവനായി കാത്തിരിക്കുന്നതു
മത്രെ (യാക. 1, 27) എന്ന ദൈവവചനത്തെ വാഗീശൻ അറിയാതെ കേൾക്കയും
സംസാരിക്കയും തന്നെ ചെയ്കയാൽ, നല്ല ക്രിസ്തിയാനിയാകും എന്നു വിചാരിച്ചു.
സ്വന്ത ആത്മാവിനെ വഞ്ചിക്കുന്നു. കേൾക്കുന്നതു നട്ട വിത്തുപോലെ ആകുന്നു
സത്യം, എങ്കിലും ഹൃദയത്തിലും നടപ്പിലും ഫലമുണ്ട് എന്ന് വാക്കായിട്ടു
പറഞ്ഞാൽ പോരാ. വിധിദിവസത്തിൽ നീ വിശ്വസിച്ചുവോ? നീ നല്ലവണ്മം
സംസാരിച്ചുവോ? എന്നല്ല നീ നല്ല പ്രവൃത്തി ചെയ്തിട്ടുണ്ടോ? എന്ന ചോദ്യവും
വിധിയും ഉണ്ടാകുമ്പോൾ, ഓരോരുത്തൻ അവനവന്റെ ഫലം അനുഭവിക്കും.
കൊയ്ത്തുകാലത്തിൽ ജനങ്ങൾ ഫലമല്ലാതെ മറെറാന്നും വിചാരിക്കാത്ത
പ്രകാരം ലോകാവസാനത്തിൽ വിശ്വാസത്തിന്റെ ഫലം മാത്രം
അന്വേഷിക്കപ്പെടും. ആ ദിവസത്തിൽ വാഗീശന്റെ അതിഭാഷണം എല്ലാം
സാരമില്ലാതെയായി പോകും നിശ്ചയം.

വിശ്വ: കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞു തേക്കി അരെക്കുന്ന
മൃഗമെല്ലാം ശുദ്ധമുള്ളതാകുന്നു, തേക്കി അരെക്കുന്നെങ്കിലും കുളമ്പുപിളരാതെ
ഇരുന്നാൽ ശുദ്ധമല്ല എന്നു മൊശെ എഴുതിയതു എനിക്ക് ഓർമ്മ വരുന്നുണ്ടു.
മുയൽ തേക്കി അരെക്കുന്നെങ്കിലും കുളമ്പു പിളരാതെ നായുടെയും
കരടിയുടെയും ചേലിൽ കാലുള്ളതായി അശുദ്ധമാകുന്ന പ്രകാരം, വാഗീശൻ
ജ്ഞാനം അന്വേഷിച്ചു വചനത്തെ അരെച്ചു വളരെ സംസാരിക്കുന്നു, എങ്കിലും
പാപവഴി വിടാതെ നടക്കകൊണ്ടു അശുദ്ധൻ തന്നെ.

ക്രിസ്തി: നീ പറഞ്ഞതുകാര്യംതന്നെ; ആ വാക്കുകളുടെ
സുവിശേഷാർത്ഥം നിണക്ക് തോന്നി വന്നിട്ടുണ്ടായിരിക്കും. പിന്നെ, ഞാൻ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/281&oldid=199982" എന്ന താളിൽനിന്ന് ശേഖരിച്ചത്