താൾ:33A11415.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 119

പോരെ? എങ്കിലും ഞാൻ സത്യം പറയാം; ഈ മാർഗ്ഗം നടക്കും; അതു
എങ്ങും വ്യാപിക്കും; വേറൊരു മതവും വേദവും അവസാനം വരെ
നില്ക്കയും ഇല്ല.

നായർ. അതു എങ്ങിനെ ഉണ്ടാകും. സർക്കാരുടെ കല്പന കൊണ്ടൊ?

ഗുരു. അല്ല, പരമ രാജാവിന്റെ കല്പനയാലത്രെ. അവൻ പണ്ടു തന്നെ
അപ്രകാരം പറഞ്ഞിരിക്കുന്നു; തനിക്കു ബോധിക്കും പോലെ, അതിനെ
ഒപ്പിക്കയും ചെയ്യും, നിശ്ചയം.

നായർ. കലിയുഗം അവസാനിച്ചാലൊ, കല്പാന്തര പ്രളയം ഇല്ലയൊ?

ഗുരു. നിങ്ങൾ പ്രളയം എന്നു പറയുന്ന പ്രകാരം ഉണ്ടാകയില്ല; ദൈവം ഇറങ്ങി
പോകുന്ന ഒരു രാത്രി വരികയുമില്ല. ഭൂമി ദഹിച്ചുപോയി, പുതുതായ്‌തീരും
സത്യം; എങ്കിലും അതിന്നു മുമ്പെ ഒരു നല്ല കാലം വരുവാറാകുന്നു.
ദൈവപുത്രൻ തന്നെ പിശാചിനെ ചങ്ങല ഇട്ടടച്ചു വെക്കും, അപ്പൊൾ
മായമുള്ള വേദങ്ങൾ എല്ലാം ഒടുങ്ങും. തനിക്കു മാത്രമല്ല,
കൂടയുള്ളവർക്കും സൌഖ്യം ഉണ്ടാകെണം. എന്നു സകല മനുഷ്യർക്കും
ഒരു പക്ഷം ഉണ്ടല്ലൊ. അതുകൊണ്ടു പലരും മനോരാജ്യം വിചാരിച്ചു.
ഇന്നിന്നപ്രകാരം സർവ്വലോകത്തിലും മഹോത്സവം വരുത്തെണം എന്നു
ഭാവിച്ചിരിക്കുന്നു. അതു മനുഷ്യപ്രയത്നത്താൽ വരികയില്ല.

നായർ. പണ്ടു ഇപ്രകാരം മംഗല കാലങ്ങൾ ഉണ്ടായി, എന്നു പറഞ്ഞു
കേൾക്കുന്നു. ഇനിയും വരുമൊ?

ഗുരു. വരും, നിശ്ചയം. നളന്റെ കാലത്തെ ഇങ്ങിനെ സ്തുതിച്ചതു. (3 പാദം)
എങ്ങുമെ ദരിദ്രത്വം എന്നതു കേൾപ്പാനില്ലാ
സംഗതി കൂടാതുള്ള വൈരസംഭവമില്ലാ
അംഗനാ ജനങ്ങൾക്കു ചാരിത്ര ഭംഗമില്ലാ
തങ്ങളിൽ കലഹവും ക്രൂരകർമ്മവുമില്ലാ
വ്യാധിയും ദുർഭിക്ഷവും ദുർഗ്രഹ ക്ഷോഭങ്ങളും
ക്രോധവും ദുർബ്ബോധവും ദുർമ്മതങ്ങളുമില്ലാ
അക്ഷരജ്ഞാനം കൂടാതുള്ള മർത്ത്യനുമില്ലാ
പക്ഷപാതംകൊണ്ടാരു സത്യലംഘനമില്ലാ
കൃത്യരക്ഷണം ചെയ്യാതുള്ള ജാതികളില്ലാ
മൃത്യുവെന്നതും ബാല്യ കുത്രചിൽ കാണുന്നില്ലാ
സത്യം എന്നിയെ വദിച്ചീടുന്ന ജനമില്ലാ
നിത്യസന്തോഷം കൂടാതുള്ള മർത്ത്യനുമില്ലാ
സജ്ജനങ്ങളെ ബഹുമാനിയാത്തവനില്ലാ
ദുർജ്ജനങ്ങളിൽ സ്നേഹമുള്ള മാനുഷനില്ലാ
ഈശ്വരൻ പ്രമാണം എന്നൊർക്കാത്ത ജനമില്ലാ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/191&oldid=199888" എന്ന താളിൽനിന്ന് ശേഖരിച്ചത്