താൾ:33A11414.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxvi

കുങ്കിനയും കൊണ്ടമൊതല പൊയി
ഉരുളിയും കൊണ്ട ചൂയിപ്പും പൊയി
തച്ചൊളിച്യണിച്ചിരനങ്ങിയാറ്
പൊയ നീന്തി മൂന്നു മറിയും വെച്ച്
തച്ചൊളി ഒതെനനുന്നായിമ്മാറും
ആർത്തുവിളിച്ചിറ്റബരും പൊയി.
ചീനം ബീട്ടത്തങ്ങള് പാഉന്നൊറ്
തലയിത്തൂണിയിട്ടബറും പൊയി

ഗുണ്ടർട്ടിന്റെ ഏറ്റവും പ്രശസ്തമായ ചരിത്രഗ്രന്ഥം കേരളപഴമയാണ്.
അനേകം വിദേശരേഖകൾ ഉപയോഗിച്ചെഴുതിയ കേരളപഴമയിൽ
ഗ്രന്ഥകർത്താവ് ആദ്യവസാനം പുലർത്തുന്ന വീക്ഷണകോണം കേരളീയമാണ്.
പോർത്തുഗീസുകാരുടെ വരവോടെ ചരിത്ര ഗ്രന്ഥം തുടങ്ങുന്നു. കേരള
പഴമയുടെ ഘടനയും മൗലികതയും ഡോ. എൻ. എം. നമ്പൂതിരി (കേരളപഴമ,
മാതൃഭൂമിപ്പതിപ്പ്, ആമുഖപഠനം 1988) ഭംഗിയായി വിശദീകരിച്ചിട്ടുള്ളതിനാൽ
അതിലേക്കു ഇവിടെ കടക്കുന്നില്ല. 1847-ൽ തലശ്ശേരിയിൽ നിന്നു പ്രസാധനം
ചെയ്തു തുടങ്ങിയ പശ്ചിമോദയത്തിലാണ് കേരളപഴമ ഖണ്ഡശ്ശ
പ്രസിദ്ധീകരിച്ചത്. ഒരു പൊതുപ്രസിദ്ധീകരണത്തിനുവേണ്ടി തയ്യാറാക്കിയതു
കൊണ്ടാവാം അത്യന്തം ആകർഷകമാണ് കേരളപഴമയുടെ ആഖ്യാന ശൈലി.
ചരിത്ര സിനിമയോ നാടകമോ ആസ്വദിക്കുന്നതുപോലെ രംഗബോധത്തോടു
കൂടി ഉൾക്കൊള്ളാവുന്ന കൃതിയാണിത്. ജനകീയതയ്ക്കക്കുവേണ്ടി ശാസ്ത്രീയത
ബലികഴിച്ചിട്ടില്ലതാനും. 1845-46 ഘട്ടത്തിൽ ജർമ്മനിയിലായിരുന്ന ഗുണ്ടർട്ട്
അവിടത്തെ ഗ്രന്ഥാലയങ്ങളിലിരുന്ന അനേകം പോർത്തുഗീസ് ഗ്രന്ഥങ്ങൾ
വായിച്ചതായി മനസ്സിലാക്കാം. അന്നു കുറിപ്പുകളെഴുതിയ ചിലനോട്ടു
ബുക്കുകൾ ഇപ്പോൾ ട്യൂബിങ്ങനിലും ബാസലിലും സൂക്ഷിച്ചിട്ടുണ്ട്. ഇവയിൽ
ചിലതെല്ലാം ഒന്ന് ഓടിച്ചുനോക്കാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിലും ഇവയിൽ
കാണുന്ന ഓരോ ഗ്രന്ഥവും കേരളപഴമയുടെ ഏതേതു ഭാഗത്തു എത്രത്തോളം
നിഴലിക്കുന്നു എന്നു പറയാൻ ഈ ലേഖകനു നിവൃത്തിയില്ല. അതു പുതിയ
ഗവേഷകർ കണ്ടെത്തുമെന്നു പ്രതീക്ഷിക്കാം. മലബാർ തീരത്തെ
ജനജീവിതത്തെയും വിദേശീയരുടെ ബലപരീക്ഷയെയും കുറിച്ചു അനേകം
പ്രാചീന ഗ്രന്ഥങ്ങൾ യൂറോപ്പിലെ പ്രശസ്തഗ്രന്ഥാലയങ്ങളിലുണ്ട്.
പോർത്തുഗീസ്, ഡച്ച് തുടങ്ങിയ ഭാഷകളിൽ അവഗാഹം നേടിയ
ഗവേഷകർക്കുമാത്രം തുറന്നു കിട്ടുന്ന വിജ്ഞാന കുംഭങ്ങളാണ് അവ. മൂല
ഗ്രന്ഥങ്ങൾ കാണാതെ സ്വാധീനത്തെക്കുറിച്ചു സംസാരിച്ചു എന്തിനു
വഷളാകണം!ഇന്നത്തെ നിലയിൽ പറഞ്ഞാൽ, മലയാളികൾക്കു വളരെയധികം
ഇഷ്ടപ്പെട്ട കേരളചരിത്രഗ്രന്ഥമാണ് കേരളപഴമ. 1868-ൽ ഇതു മംഗലാപുരത്തു
പുസ്തകരൂപത്തിൽ അച്ചടിച്ചു. 1869-ൽ പുതിയ പതിപ്പ് അവിടെ നിന്നു തന്നെ
ഉണ്ടായി. 1983-ൽ കോട്ടയത്തും 1988-ൽ കോഴിക്കോട്ടും പുതിയ പതിപ്പുകൾ
അച്ചടിച്ചു. ബർലിനിലെ കൂറ്റൻ ലൈബ്രറിയിൽ കേരളപഴമയുടെ ഒരു
പകർപ്പുണ്ട്. അതു ഓലയിലാണ്! 134 ഓലയിൽ 1871-ൽ കണ്ണൂർ പുല്ലെകണ്ടത്തി
കൃഷ്ണമാരിയാർ എഴുതിയ പകർപ്പാണിത്. ജി.ജി. പിയേഴ്സ് എന്ന സായ്പാണ്

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/40&oldid=199263" എന്ന താളിൽനിന്ന് ശേഖരിച്ചത്