താൾ:33A11414.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxvii

ഈ കുസൃതിപ്പണിചെയ്യിച്ചതെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

പാഠപുസ്തകങ്ങളെന്ന നിലയിൽ ഗുണ്ടർട്ടു രചിച്ച രണ്ടു ചരിത്ര
ഗ്രന്ഥങ്ങളുണ്ട്. 1849-51 ഘട്ടത്തിൽ തലശ്ശേരിയിലെ കല്ലച്ചിൽ തയ്യാറാക്കിയ 407
പുറമുള്ളഗ്രന്ഥമാണ് ലൊകചരിത്രശാസ്ത്രം. അതു പൂർണ രൂപത്തിൽ ഇവിടെ
പുനർമുദ്രണം ചെയ്യാൻ സാധിക്കയില്ല. ഏതാനും ഭാഗങ്ങൾ തിരഞ്ഞെടുത്തു
ചേർക്കുന്നു. ലൊകചരിത്രശാസ്ത്രം ഗുണ്ടർട്ടിന്റെ കൃതികളുടെ പട്ടികയിൽ
നിന്ന് എങ്ങനെയോ പുറത്തായിപ്പോയി. ഉള്ളൂർ, ഡോ. പി.ജെ.തോമസ്, എ.ഡി
ഹരിശർമ്മ തുടങ്ങിയവരൊന്നും ഈ കൃതിയെക്കുറിച്ചു അറിഞ്ഞിരുന്നില്ല.
കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച ഗുണ്ടർട്ട്ഗ്രന്ഥസൂചി (ഡോ.ഹെർമൻ ഗുണ്ടർട്ട്,
1991) യിലൂടെയാണ് ഈ ബൃഹത്കൃതി പൊതുശ്രദ്ധയിലെത്തിയത്. ബാസൽ
മിഷന്റെ വിദ്യാലയങ്ങളിൽ പഠിച്ചിരുന്ന കുട്ടികൾക്കു വേണ്ടിയാണ് ഇതു
രചിച്ചതെന്നു ഊഹിക്കാം. ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള രാജ്യങ്ങൾ,
ജനതകൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായ അറിവു നൽകുന്ന ഈ ഗ്രന്ഥം
സ്വതന്ത്രകൃതിയോ സ്വതന്ത്രതർജമയോ എന്നു വ്യക്തമായി നിർണയിക്കാൻ
കഴിയുന്നില്ല. 1859-ൽ മദിരാശി സർക്കാരിന്റെ അഭ്യർത്ഥനയനുസരിച്ചു
ഗുണ്ടർട്ടു തയ്യാറാക്കിയ പാഠ പുസ്തകമാണ് ലൊകചരിത്രസംക്ഷെപം.

ലോകചരിത്ര സംക്ഷെപത്തിന്റെ തുടക്കം:

ലോകചരിത്രാർത്ഥം

ലോകചരിത്രം എന്നത് ലൊകത്തിൽ ചരിച്ചതിന്റെ വിവരമേത്രെ. ആയത
എന്തന്നാൽ ഭൂമിയിൽ ഉണ്ടായതിന്റെ വിവരം അല്ലാതെ പരലൊകത്തിലുള്ള
നടപ്പുകൾ എങ്കിലും മനുഷ്യജാതിയുടെ ക്രിയകളല്ലാതെ സുരാസുരന്മാരുടെ
കഥകൾ എങ്കിലും ഈ വിദ്യയിൽ അടങ്ങിയിരിക്കുന്നില്ല. ഈ ഭൂലോകത്തിൽ
മനുഷ്യർ ഓരൊകാലത്തിൽ പ്രവൃത്തിച്ചതിനെമാത്രം ഇതിൽ
കഥിപ്പാൽനൊക്കുന്നു.

എങ്കിലും എല്ലാമനുഷ്യരും അതാതഊരുകളിലും നാടുകളിലും
പ്രവൃത്തിച്ചത ഒക്കയും എഴുതുവാൻ സ്ഥലം പോരാ അതിന പ്രയൊജനവും
ഇല്ല. ആയിരംവർഷം മുമ്പെ കണ്ടൻ എന്ന മുക്കുവൻ ഒരു വലിയ ശ്രാവിനെ
പിടിച്ചു എന്നും മൂവായിരം വർഷം മുമ്പെ ഇന്ന ഊരിൽ ഇന്നവൾ മൂന്നു പെറ്റു
എന്നും മറ്റും വിശേഷങ്ങളെ എഴുതുകയും വായിക്കയും ചെയ്താൽ ഫലം
എന്ത. അതുകൊണ്ട അതാതമനുഷ്യരുടെ വിശെഷങ്ങൾ അല്ല ഓരോരൊ
മഹാവംശങ്ങളുടെ നടപ്പുകളെയും വൃത്താന്തങ്ങളെയും മാത്രം അറിയിക്കുന്നു.
മഹാവംശം എന്നതൊ ജനസംഖ്യ അധികമുള്ള വംശം തന്നെയല്ല
അതിമഹത്തായ ക്രിയകളെ നടത്തിയ കൂട്ടം എന്നത്രെ.

ചരിത്രത്തിന്റെ ഉറവുകൾ

ഉണ്ടായത എങ്ങിനെ അറിയാം എന്നു ചോദിച്ചാൽ താൻ കണ്ടു എങ്കിൽ
ബോധിച്ചു എന്നുണ്ടല്ലൊ. ദൂരത്തിൽ ഉണ്ടായതും പുരാണകാലത്തിൽ
ഉണ്ടായതും ഓരോന്നു കണ്ടു കേട്ടവരുടെ സാക്ഷ്യത്താൽ അത്രെ
അറിയായ്വരും. അതിൽ ചിലത പാരമ്പര്യമായി ചൊല്ലിവരുന്നത. ഇങ്ങിനെ
കുലപാരമ്പര്യം വംശപാരമ്പര്യം സ്ഥലപാരമ്പര്യം മുതലായതുണ്ട. അതിന്റെ
ദൃഷ്ടാന്തം കേരള ഉൽപത്തി എന്ന ഗ്രന്ഥം തന്നെ. അതിൽ കേരളബ്രാഹ്മണൻ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/41&oldid=199264" എന്ന താളിൽനിന്ന് ശേഖരിച്ചത്