താൾ:33A11414.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xx

നടപ്പായി വന്നു. നസ്രത്തെ ഊരിൽ നിന്നു പുറപ്പെട്ടുപൊന്ന യെശുവിനെ
സെവിക്കയാൽ നസ്രാണികൾ എന്ന പേര് പറവാനും കാരണം.'
മഹാപണ്ഡിതനായ ഗുണ്ടർട്ടിന് ഇക്കാര്യത്തിൽ നോട്ടപ്പിഴ സംഭവിച്ചു പോയി.
സുറിയാണികൾ എന്ന പേരിന് ഡച്ചുകാരുടെ കാലത്തിനപ്പുറം വ്യാപകമായ
പ്രചാരമുണ്ടായിരുന്നില്ല. പോർത്തുഗീസുകാരുടെ കാലത്തു പുതുതായി
ക്രിസ്തുമതം സ്വീകരിച്ചവരുടെ ആരാധന ഭാഷ ലത്തീനായിരുന്നു. അവരിൽ
നിന്ന് സാമൂഹികമായി അകന്നു നില്ക്കാൻ ജാതിചിന്തയിൽ ജനിച്ചു വളർന്ന
പരമ്പരാഗത ക്രൈസ്തവർ നിർബന്ധം കാണിച്ചു. അവരുടെ അന്നത്തെ
ആരാധന ഭാഷസുറിയാനിയായിരുന്നു. ക്രൈസ്തവസമൂഹത്തിൽ പ്രകടമായി
നിലനിന്നിരുന്ന ഈ വിഭജനം ഇരുവിഭാഗക്കാർക്കും പ്രത്യേക പേരുകൾ
നൽകാൻ വിദേശീയരെ പ്രേരിപ്പിച്ചു. ആരാധന ഭാഷ മുൻനിർത്തി ഒരു കൂട്ടരെ
സുറിയാനികൾ എന്നും മറ്റുള്ളവരെ ലത്തീൻകാർ എന്നും വിളിച്ചു.
ഡച്ചുകാരാണ് ഈ പേരുകൾക്കു വ്യാപകമായ പ്രചാരം നൽകിയത്.
ഇംഗ്ലീഷുകാർ അവ ഉറപ്പിക്കുകയും ചെയ്തു. അതിനാൽ സുറിയാനികളെ
സിറിയയുമായി ബന്ധിപ്പിക്കാനുള്ള ഗുണ്ടർട്ടിന്റെ ശ്രമം അനാവശ്യമാണ്.
പോർത്തുഗീസുകാരുടെ കാലം വരെ ഇവിടെ ഉണ്ടായിരുന്ന പഴയ ക്രൈസ്തവ
സമൂഹം നസ്രാണികൾ എന്നറിയപ്പെട്ടിരുന്നു. നസ്രാണി അറബി വാക്കാണ്.
അർത്ഥം ക്രിസ്ത്യാനി എന്നു തന്നെ! ലളിതമായ ഭാഷാ സത്യം
ഗ്രഹിക്കാഞ്ഞതിനാൽ നസ്രാണിയുടെ നിഷ്പത്തിയെച്ചൊല്ലിചരിത്രകാരന്മാർ
കഠിനാധ്വാനം ചെയ്യേണ്ടിവന്നു! ഉദയം പേരുർ സുന്നഹദോസിന്റെ
കാനോനകൾ (1599) റോസിന്റെ നിയമാവലി (1606) തുടങ്ങിയ പ്രാചീന
മലയാള രേഖകളിൽ നസ്രാണിയേ ഉള്ളൂ, സുറിയാനി ഇല്ല.

പത്തൊൻപതാം നൂറ്റാണ്ടിലെ ഗുണ്ടർട്ടും പതിനാറാം നൂറ്റാണ്ടിലെ
ആർച്ചു ബിഷപ്പ് മെനേസിസും (ഉദയംപേരൂർ സൂനഹദോസിന്റെ
സംഘാടകൻ) ഒരേ കുറ്റമാണ് നസ്രാണികളുടെ മേൽ ആരോപിക്കുന്നത്.

'നസ്രാണികൾ അപ്പൊൾ നാട്ടാചാരത്തിന്നു നീക്കം വരുത്തുവാനും
കള്ളദൈവകളെ മുടിച്ചു മെശിഹായെ മാത്രം ഉയർത്തുവാനും ഒട്ടും
മനസ്സില്ലാഞ്ഞു സത്യവൈദത്തിനും ബ്രാഹ്മണ്യവ്യാജത്തിന്നും അന്യോന്യം
പൊരില്ലാതെ ആക്കിവച്ചു. യഹൂദ്യരൊടും ബ്രാഹ്മണരൊടും ഐക്യം പ്രാപിച്ചു
എല്ലാവരും ഒരു പൊലെ ലൊകസൗഖ്യത്തിന്നായിപ്രയത്നം കഴിച്ചു വസിക്കയും
ചെയ്തു." ഏതാനും ദശകങ്ങൾ മുമ്പു വരെ പാശ്ചാത്യർക്ക് ചിന്തിക്കാൻ കൂടി
വയ്യാത്ത സഹവർത്തിത്വ മനോഭാവമാണ് ഇവിടെ അവർ കണ്ടത്.
സഹിഷ്ണുതയോടെ മതങ്ങൾ വർത്തിക്കുന്ന പാരമ്പര്യം, മിഷണറിമാർക്കു
മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല. ഇതിന്റെ വല്ലായ്മ പല
മിഷണറി രചനകളിലുമുണ്ട്. ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥ പരമ്പര (HGS) യിലെ
വജ്രസൂചി എന്ന വാല്യത്തിൽ ഇതിനു കൂടുതൽ ഉദാഹരണങ്ങളും
വിശദീകരണങ്ങളും കാണാം.

മഹാനായ ഡോക്ടർ ഹെർമൻ ഗുണ്ടർട്ടിനു പോലും
സഹിഷ്ണുതയുടെ പാഠങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇവിടെ
ഉൾപ്പെടുത്തിയിരിക്കുന്ന കൃതികളിൽ നിന്ന് ഇന്നത്തെ സാഹചര്യത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/24&oldid=199247" എന്ന താളിൽനിന്ന് ശേഖരിച്ചത്