താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

അവന്റെ ആനന്ദം കാഴ്ചവച്ചശേഷവും കദനഭാരവും താങ്ങി മാതേവൻ വീർപ്പുമുട്ടി വിങ്ങിക്കരഞ്ഞുകൊണ്ടു് മാടത്തിലേക്കു മടങ്ങി. അടുത്തദിവസം ഇരുമ്പുകൂട്ടിലിട്ടു് മൈനായെ തമ്പുരാന്റെ വീടിന്റെ പൂമുഖത്തു് തൂക്കിയിരുന്നു. വികാരപരവശത വ്യക്തമായി പ്രകാശിച്ചിരുന്ന നീണ്ട രോദനങ്ങൾ അതു് ഇടയ്ക്കിടെ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. കൂട്ടിൽ വച്ചിരുന്ന പാലും പഴവും അതു് തിന്നില്ല. അതു അപ്പഴപ്പോൾ കൂട്ടിനുള്ളിൽ ചുറ്റി നടക്കും. ചിറകടിച്ചു് ദീനരോദനം പുറപ്പെടുവിക്കും. വീണ്ടും നിശ്ചലമായി ഇരിക്കും. അങ്ങനെ രണ്ടുമൂന്നുദിവസങ്ങൾ കഴിഞ്ഞു. മൈനായുടെ ഉണർവ്വം ഉശിർപ്പും നശിച്ചു. അതു് ഇന്നു് ചൂളമിടുകയില്ല. ആരേയും അനുകരിച്ചു് സംസാരിക്കുകയും ഇല്ല. കിളിയുടെ ഭാവവ്യത്യാസത്തിൽ തമ്പുരാനു് അതിശയം തോന്നി. മാതേവൻ തമ്പുരാന്റെ വീട്ടിൽ ഈയിടെ പോകാറില്ല. തമ്പുരാന്റെ പശുക്കളെ മേയ്ക്കുന്നപതിവും അവൻ നിറുത്തി. പുലയന്റെ കുടിലിലിരുന്ന കിളി മനുഷ്യരുള്ള സ്ഥലത്തുവച്ചപ്പോൾ ഉണ്ടായ ഭാവവ്യത്യാസം! അട്ടയെ പിടിച്ചു് മെത്തയിൽ വച്ചാൽ ഇങ്ങനെയിരിക്കും-- തമ്പുരാൻ അഭിപ്രായപ്പെട്ടു. രാവിലെ പാലും പഴവും വച്ചുകൊടുക്കുമ്പോൾ അല്ലാതെ മൈനായുടെ അടുത്തെങ്ങും ആരും ചെല്ലുകയില്ല. സ്നേഹമുള്ള ഒരു ഹൃദയംപോലും അതിനെ തിരിഞ്ഞുനോക്കാറില്ല. തട്ടിൻപുറത്തു് ഇരുന്നു് കണ്ടൻ അതിനെ കണ്ണുതുറിച്ചു കാണിച്ചു് ഭയപ്പെടുത്തും.