താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവന്റെ കിളി

പറയുമേ! എന്നാലൊന്നു കേൽക്കട്ടെ! മൈനാ!-- മാതേവൻ മൈനായെ കയ്യിലെടുത്തുകൊണ്ടു് അതിനോടു പറഞ്ഞു. മൈനാ!-- ആ കിളി ഏറ്റുപറഞ്ഞു: ഓണത്തിന്റെ കാഴ്ച-- അവൻ പറഞ്ഞു. ഓണത്തിന്റെ കാഴ്ച!-- ആ പക്ഷി ഏറ്റുപറഞ്ഞു. തമ്പുരാന് അത്യധികം സന്തോഷംതോന്നി. മാതേവന്റെ കയ്യിൽനിന്നു് അതിനെ അദ്ദേഹം വാങ്ങി. ആ പക്ഷി ഭയന്നു് ചിറകടിച്ചു. തമ്പുരാന്റെ മാംസളമായ മുഖത്തേക്കു് അതു് ഭയത്തോടെ നോക്കി. അത് ഒന്നും മിണ്ടിയില്ല. ഈ കിളിയെ ഇവിടെവേണം കേട്ടോ മാതേവാ.!-- തമ്പുരാൻ ആ കിളിയുടെ സൗന്ദര്യ്യം നോക്കിയശേഷം പറഞ്ഞു. മാതേവൻ ഞെട്ടിപ്പോയി. അവന്റെ ആനന്ദസൗധം ഇടിഞ്ഞുതാണു. തമ്പുരാനോടു് എന്തുപറയും! ആശയോടെ ആ കിളിയെ അവൻ നോക്കി. തമ്പുരാന്റെ തടിച്ചകൈകളിൽനിന്നു് രക്ഷപ്പെടാൻ മൈനാ പണിപ്പെട്ടുകൊണ്ടിരുന്നു. മാതേവന്റെ കണ്ണുകൾ നിറഞ്ഞു. അത്യാശയോടെ അവൻ അച്ഛനെനോക്കി. അയാളുടെ നഗ്നമായ മാറിടത്തിൽ തല ചരിച്ചുകൊണ്ടു് അവൻ വിങ്ങിവിങ്ങി കരഞ്ഞു. നമുക്കു് വേറൊരു കിളിയെ പിടിക്കാം മോനെ! അയാൾ അവനെ സാന്ത്വനപ്പെടുത്തുവാൻ ശ്രമിച്ചു. എന്താടാ ഇത്ര കരയാൻ! ചെറുക്കന്റെ ശാഠ്യം!-- തമ്പുരാൻ സ്വരമുയർത്തി ചോദിച്ചു. അവരാരും അതിനു് ഉത്തരം പറഞ്ഞില്ല.