താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാതൃഹൃദയം

രാത്രിയുടെ ഏകാന്തമായ നിശ്ശബ്ദത അവൾക്കു ഭീകരമായി തോന്നി. നിർമ്മലമായ ഒരവ്യക്തസ്വരം അവളുടെ കണ്ണുകളിൽ പതിച്ചപോലെ അവൾക്കുതോന്നി. അവൾ ശ്രദ്ധിച്ചു. ഒരുമാതാവിന്റെ മനമലിഞ്ഞൊഴുകുന്ന താരാട്ടു്, അതാണ് അവളുടെ ശുഷ്കകർണ്ണങ്ങൾക്കു് ധാരകോരിയതു്. അവൾ ഏകാകിനിയല്ല ആ വിജനസ്ഥലത്തു് ആ താരാട്ടു് അവൾക്കു് മൃതസജ്ജീവിനിയായി തോന്നി. അവൾ പലതുമോർത്തു. ഒരു മാതാവായിരുന്നകാലങ്ങൾ-- ഒരു പിഞ്ചുപൈതലിനെ താലോലിച്ച സന്ദർഭങ്ങൾ-- ഒരു നിർമ്മലവദനത്തിൽ ചുംബിച്ചനിമിഷങ്ങൾ-- ഒരു പൈതലിന്റെ പൂപ്പുഞ്ചിരിയിൽ ലയിച്ചിരുന്ന വിനാഴികകൾ-- ചിന്തയിൽനിന്നവളുണർന്നു. ആ താരാട്ടു് അവളെ ഉണർത്തി. സ്തംഭിച്ച കാലുകൾ തിരുമ്മി ചൂടുവരുത്തി അവൾ എഴുന്നേറ്റു. അവളെ തണുപ്പിക്കുന്ന നീരുറവയുടെ ഉത്ഭവസ്ഥാനംതേടി അവൾ നടന്നു. മൂന്നുവഴികൾ സന്ധിക്കുന്ന ഒരു മുക്കു് ചെറുവൃക്ഷങ്ങളുടെ ശിഖരങ്ങളിൽകൂടി ഇഴഞ്ഞുവന്ന ഒരു തിരിയുടെ പ്രകാശം അവളുടെ കണ്ണുകളിൽ പതിച്ചു. ചെളികൊണ്ടുണ്ടാക്കിയ ഒരു ചെറുകുടിൽ അതിന്റെ ജനലിൽകൂടിയാണു് ആ ദീപം അവൾ കണ്ടതു്. ആ കുടിലിനകത്തു് ആരോ സംസാരിക്കുന്നു. അവ്യക്തങ്ങളായ ശബ്ദങ്ങൾ, അവൾ അതു ശ്രദ്ധിച്ചു. അവളുടെ ഹൃദയം വേഗം തുടിച്ചു. ആ അന്തരീക്ഷത്തിൽ അതു മാറ്റൊലികൊള്ളുന്നപോലെ തോന്നി. ആകാംക്ഷയോടെ കവാടത്തിൽ മുട്ടി.