താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആത്മമിത്രം

അവൾ നടക്കുകയാണു്. വിശാലാന്തരീക്ഷത്തേയും ചിറകടിച്ച് കൂടുകേറുന്ന പക്ഷികളെയും നോക്കി അവൾ നടന്നു. അടുത്തു് കണ്ട ഒരു വീട്ടിന്റെ ഗേറ്റിൽ തട്ടി അവൾ ശാന്തമായി വിളിച്ചു. കതകുതുറന്നു് ഒരാൾ അവളെ രൂക്ഷമായി നോക്കി. ആളിനെ കണ്ടതോടെ കാര്യ്യം ഗ്രഹിച്ച അയാൾ, ദീർഘമായി ശ്വസിച്ചുകൊണ്ടിരുന്ന അവളോടു പറഞ്ഞു. ഇവിടെ സ്ഥലമില്ല. പോ! കതകടഞ്ഞു അകത്തു് അയാളുടെ കാലൊച്ച ക്രമത്തിൽ നിലച്ചതോടെ അവൾ റോഡിലേക്കു കയറി. സ്വദേശമായ ഗ്രാമത്തിലേക്കു് കാൽനടയായി പോവുകയല്ലാതെ മറ്റുമാർഗ്ഗമൊന്നും അവൾ കണ്ടില്ല. അവൾ നടന്നു. അന്ധകാരം വിശ്വമെങ്ങും പരന്നുതുടങ്ങി. പൊടി നിറഞ്ഞ വഴി നീണ്ടുവളഞ്ഞു് അവളുടെ മുമ്പിൽ ഇരുവശങ്ങളിലും ആൾപ്പാർപ്പില്ലാത്ത ശൂന്യസ്ഥലങ്ങൾ. അപ്പഴപ്പോൾ കാറ്റു് വന്മരങ്ങളുടെ ശിഖരങ്ങളിൽ കൂടി കുഴലൂതിപായുന്നുണ്ടു്. വൃക്ഷങ്ങളിൽനിന്നു ഉണങ്ങിവീഴുന്ന ഇലകൾ അവളുടെ ശരീരത്തു വീണുകൊണ്ടിരുന്നു. ആറുകൊല്ലത്തെ സ്വസ്ഥതയ്ക്കുശേഷം ആദ്യമായിട്ടാണു് അവൾ നടക്കുന്നതു്. കാലുകൾ മരവിച്ചും മാംസപേശികൾ സ്തംഭിച്ചും തുടങ്ങി. ഏകദേശം രണ്ടുമൈൽ നടന്നപ്പോഴേക്കു് അവൾ ക്ഷീണിച്ചു. വഴിയരികിൽ ക്കണ്ട ഒരു പാറ അവളുടെ താവളമായി വിശപ്പും ക്ഷീണവും കലശലായി. ഒന്നു മയങ്ങുവാൻ അവൾ ആശിച്ചു. മരിച്ചുപോകുമെന്നുഭയന്നു അവൾ ഉറങ്ങിയില്ല. എന്തൊക്കെയോ ചിന്തിച്ചുകൊണ്ടു് അവൾ അവിടെയിരുന്നു.