താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാതൃഹൃദയം

ഒരു സായാഹ്നത്തിൽ നാരകീയമായ കാരാഗ്രഹകവാടങ്ങൾ തുറക്കപ്പെട്ടു. നിറം മാഞ്ഞ സിൽക്കുകൊണ്ടുള്ള വേഷം, വ്യായാമമില്ലാതെ തടിച്ചുകൊഴുത്തു മഞ്ഞളിച്ച മാംസളമായ ശരീരം, പ്രസന്നരഹിതമായ വദനം, അലങ്കോലപ്പെട്ടു് കാറ്റിലാടുന്ന കേശം,-- അങ്ങിനെ ഒരു സ്ത്രീരൂപം വിശാലമായ ലോകത്തിലേക്ക് കാൽവച്ചിറങ്ങി. അവൾ സ്വതന്ത്രയാണ്. ആറുകൊല്ലംമുമ്പു് അവളുടെ പൈതലിനെ വധിച്ചു എന്ന കുറ്റംചുമത്തി അവളെ തടങ്കലിൽ വച്ചതാണു്. കാരാഗൃഹജീവിതത്തിൽ ചില്ലറജോലിചെയ്തുണ്ടാക്കിയ അല്പസംഖ്യ അവൾക്കു് ധനമായിട്ടുണ്ടു്. ജയിലിൽനിന്നു വിടുന്നദിവസംതന്നെ ആ ദേശംവിട്ടുകൊള്ളണമെന്നു് അവൾക്കു് കർശനമായ ആജ്ഞയുമുണ്ടു്. അവിടെനിന്നും മറ്റുസ്ഥലങ്ങളിലേക്കുള്ള അവസാന വണ്ടി പോലും പോയിക്കഴിഞ്ഞു. സ്വതന്ത്രയാണെങ്കിലും നിരാശ്രയയായ അവൾ അടുത്തുള്ള സത്രത്തിലേക്കു തിരിച്ചു. അതിന്റെ കവാടത്തിലെത്തി തൊണ്ടയിടറിവിളിച്ചു. അവൾ വിറച്ചു കൊണ്ടു് അഭയം ആവശ്യപ്പെട്ടു. പഞ്ജരവിമുക്തയായ ഒരു പക്ഷിക്കു് അവിടെ അനുവാദം നിഷേധിക്കപ്പെട്ടു. അടുത്ത ഗ്രാമത്തിലുള്ള ഒരു സങ്കേതത്തിലേക്കു് അവൾക്കു് വഴി അവർ പറഞ്ഞുകൊടുത്തു.