താൾ:1946 – ആത്മമിത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മഹാകവി വന്നു. മട്ടുപ്പാവിലെ കുളുർമ്മയേറിയ മാർബിൾകസേരയിൽ ഇരുന്നു ചിന്തതുടങ്ങി. അങ്ങിനെയിരുന്നു എത്രനേരമുറങ്ങി എന്നു മഹാകവിയ്ക്കും ഓർമ്മയില്ല. അത്താഴസമയമായപ്പോൾ ഭാര്യ്യവന്നാണുണർത്തിയതു്. കയ്യിലിരുന്ന കടലാസു കാറ്റിൽ പറന്നു മട്ടുപ്പാവിന്റെ ഒരു കോണിൽ കിടക്കുന്നു. നിലത്തുകിടന്ന പേന ഭാര്യ്യയുടെ കാലിൽ തടഞ്ഞു. അവൾ അതു കയ്യിന്റെടുത്തു. ഇതാ നോക്കണം പേനാ സൂക്ഷിച്ചില്ലെങ്കിൽ ഇങ്ങനെയൊക്കെ ഇരിയ്ക്കും. വിലപിടിച്ച ഈ പേനാ വെറുതെ കളഞ്ഞു. മഹാകവി അതു വാങ്ങി നോക്കി. മട്ടുപ്പാവിലെ സിമന്റുതറയിൽവീണു അതിന്റെ മുന വളഞ്ഞുപോയി. ഉണ്ണാൻ ക്ഷണിച്ചിട്ടു ഭാര്യ്യ അകത്തേയ്ക്കു പോയി. മഹാകവി എഴുന്നേറ്റു. ഭയങ്കരമായ നിരാശയുടെ നിഴൽ ആ മുഖത്തു വ്യാപിച്ചിരിക്കുന്നു. മുമ്പോട്ടു നടന്നു മട്ടുപ്പാവിന്റെ അരമതിലിൽ കൈപിടിച്ചു വിദൂരതയിലേയ്ക്കു നോക്കിക്കൊണ്ടു കുറേനേരം നിന്നു. എന്തോ ഒരു നിശ്ചയംചെയ്തതുപോലെ അദ്ദേഹത്തിന്റെ മുഖഭാവം മാറി. ഇല്ല! ഇനിയും ഞാൻ തൂലികയെടുക്കുകയില്ല. നൈരാശ്യപൂരിതമായ, അധഃപതിച്ച നിത്യജീവിതത്തിലേയ്ക്കു അവർ എന്നെ ബന്ധിച്ചുകളഞ്ഞു. ആ കെട്ടു പൊട്ടിച്ചു ഉയരുവാൻ എനിയ്ക്കിനി സാദ്ധ്യമല്ല. ജീവിതത്തിലെ എന്റെ ആശകളെല്ലാം സാധിച്ചു. അതോടെ എന്റെ ഭാവന നശിച്ചു അതോടൊന്നിച്ചു എന്റെ കവിതയും. അവളുമായുള്ള ബന്ധമാണ് എന്നെ മനുഷ്യനാക്കിയത്. ഇനിയുമങ്ങിനെ ജീവിക്കാം! അല്ലാതെന്തുചെയ്യും? മഹാകവി അത്താഴമുണ്ണാൻ വേഗം അകത്തേയ്ക്കു നടന്നു.