താൾ:11E607.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxi

ബന്ധങ്ങളിലേക്കു പയ്യന്നൂർപ്പാട്ട് വെളിച്ചം പകരുന്നു. അതു സാമ്പത്തിക ചരിത്ര
പഠനത്തിൽ പ്രസക്തമായ കാര്യമാണ്. കപ്പൽ നിർമാണത്തിൽ (ചെറിയ
ചരക്കുകപ്പലുകളായിരിക്കണം) മലബാറിനുള്ള പാരമ്പര്യം, കച്ചവട സംഘങ്ങളുടെ
പ്രവർത്തനം, വിഭവ സമാഹരണം, ശേഖരണം, വിതരണം എന്നിവയെക്കുറിച്ചെല്ലാം
ഇവിടെ പരാമർശമുണ്ട്. ഗുണ്ടർട്ടിനു ഏറ്റവും കൗതുകകരമായതു അഞ്ചുവണ്ണം
മണിഗ്രാമം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങളാണ്. കോവാ തല ചെട്ടി,
പാണ്ടിയർ, ചൊനവർ, ചൊഴിയർ, നാലർ കുടികൾ തുടങ്ങിയവരെക്കുറിച്ചുള്ള
അന്വേഷണം ചരിത്രവിദ്യാർത്ഥിയെ ഇങ്ങോട്ടു നയിക്കും.

വടക്കെമലബാറിലെ കടൽവാണിജ്യത്തിൽ നല്ല പങ്കുവഹിച്ച ചാലിയരും
ചെട്ടികളും തഞ്ചാവൂരിൽ നിന്നാണ് ഇവിടെ കുടിയേറിയതു എന്ന ഐതിഹ്യം
പരിഗണിക്കുമ്പോൾ പയ്യന്നൂർപ്പാട്ടിന്റെ ചരിത്രപ്രാധാന്യം വർധിക്കുന്നു. ഇത്രയും
സൂചിപ്പിച്ചത് പയ്യന്നൂർപ്പാട്ട് വെറുമൊരു വടക്കൻ വീരഗാഥയല്ല എന്നു
വ്യക്തമാക്കാനാണു്. കേരളത്തിന്റെ ഗതകാല ചരിത്രം പ്രതിഫലിപ്പിക്കുന്ന
വിശാലമായ സാംഗോപാംഗഘടനയുള്ള ഇതിഹാസമാണ് പയ്യന്നൂർപ്പാട്ട്. അതു
മലയാളിയുടെ വർഗ്ഗസ്മൃതികൾ തൊട്ടുണർത്തുന്നു. സാഹിത്യവിമർശകർക്ക്
മനോവിജ്ഞാനീയത്തിന്റെ കൂട്ടുപിടിച്ച് ഇതിലെ സ്ത്രീപുരുഷ ബന്ധത്തിൽ
കാണുന്ന രാഗദ്വേഷക്കലർപ്പിനെക്കുറിച്ചു പഠിക്കാം.

ഭാഷാചരിത്രത്തിൽ

മലയാള ഭാഷാ ചരിത്രത്തിൽ പയ്യന്നൂർപ്പാട്ടിന്റെ സ്ഥാനം എന്താണ്?
ഭാഷയിലെ ഏറ്റവും പഴക്കമേറിയ കൃതിയായിട്ടാണ് ഡോക്ടർ ഗുണ്ടർട്ട് ഇതിനെ
പരിഗണിക്കുന്നത്. സംസ്കൃതാതിപ്രസരത്തിന്റെ തോതു വച്ചുനോക്കിയാൽ ഈ
കൃതിപ്രാചീനമാണെന്നു ബോധ്യപ്പെടും. പക്ഷേ, കണ്ണുമടച്ചു സംസ്കൃതാനുപാതം
കാലനിർണ്ണയത്തിൽ മാനദണ്ഡമാക്കരുത് എന്നു എം.പി. ശങ്കുണ്ണിനായർ
മുന്നറിയിപ്പു നല്കുന്നു:

'ഏതായാലും ഭാഷയെ മുൻനിറുത്തി മലയാളത്തിലെ
കാവ്യങ്ങളുടെ കാലം നിർണ്ണയിക്കുന്ന സമ്പ്രദായം അപകടം പിടിച്ചതാണ്.
വിഷയ സ്വരൂപം, കവിയുടെ ജാതി, പ്രസ്ഥാനഭേദം മുതലായതെല്ലാം
ഇക്കാര്യത്തിൽ വലിയ വൈവിധ്യം വരുത്തിവയ്ക്കും. പയ്യന്നൂർ പാട്ടിന്റെ
ഉള്ളടക്കം നോക്കിയാൽ അതിൽ സംസ്കൃതപദങ്ങക്കു വലിയ സ്ഥാനം
വയ്യാ. പോരാത്തതിനു സംസ്കൃത തത്സമങ്ങൾ ആ കാവ്യത്തിലുണ്ടെന്നു
ഗുണ്ടർട്ടിന്റെ ഉദ്ധരണങ്ങൾ കൊണ്ടുതന്നെ തെളിയുന്നുമുണ്ട്' —
മാതൃഭൂമി ആഴ്ചപ്പതിപ്പ് 1956 ഡിസംബർ 2

ഇപ്പോൾ 103 പാട്ടുകളും ഒന്നിച്ചുകാണുമ്പോൾ ഭാഷാസ്വരൂപത്തെക്കുറിച്ചു
കുറെക്കൂടി വ്യക്തമായ ധാരണകൾ നമുക്കുണ്ടാകും. പോരെങ്കിൽ കൃതിയുടെ
കാലം പ്രഫ. ഗുപ്തൻ നായരും മറ്റും സൂചിപ്പിക്കുന്നതുപോലെ പതിനഞ്ചാം
നൂറ്റാണ്ടിനു മുമ്പായിരിക്കണം. അന്നത്തെ ഭാഷയുടെ ഘടന പിൽക്കാല കലർപ്പുകൾ
നീക്കി നോക്കിക്കാണേണ്ട ചുമതല ഭാഷാഗവേഷകർക്കുള്ളതാണ്. ഇതിലെ

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/37&oldid=201054" എന്ന താളിൽനിന്ന് ശേഖരിച്ചത്