താൾ:11E607.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiv

ചെയ്തു. തലശ്ശേരി മുതലായ സ്ഥലങ്ങളിലെ പഴയ സർക്കാർ റിക്കാർഡുകൾ
പരിശോധിച്ച് അവയിലെ ശബ്ദങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്. പല
തരത്തിലും തൊഴിലിലും സ്ഥാനങ്ങളിലുമുള്ള നാനാജാതി മതസ്ഥരായ
ജനങ്ങളുമായി സംഭാഷണത്തിലേർപ്പെട്ടു അവരവരുടെ ഇടയിൽ മാത്രം
പ്രചാരമുള്ള ശബ്ദങ്ങളും, സംഗ്രഹിച്ചിരിക്കുന്നു. രാമചരിതവും
പയ്യന്നൂർപ്പാട്ടും അദ്ദേഹത്തിന്റെ ഗ്രന്ഥ സമുച്ചയത്തിൽ അവയുടെ
പ്രാചീനത നിമിത്തം അത്യന്തം മഹനീയമായ ഒരു സ്ഥാനത്തെ
അലങ്കരിക്കുന്നു. രാമചരിതം നമുക്കു പിന്നീട് കിട്ടുകയുണ്ടായിട്ടുണ്ടെങ്കിലും
പയ്യന്നൂർപ്പാട്ട് അദ്ദേഹത്തോടൊന്നിച്ച് അന്തർധാനം ചെയ്തതായി
കരുതേണ്ടിയിരിക്കുന്നു. കേരളസാഹിത്യ ചരിത്രം വാല്യം 4, 1964: 165

1859-ൽ കേരളത്തിൽ നിന്നു മടങ്ങിപ്പോയ ഗുണ്ടർട്ട് ജർമനിയിലിരുന്നു
കൊണ്ടാണ് മലയാളം - ഇംഗ്ലീഷ് നിഘണ്ടു പൂർത്തിയാക്കിയത്. തന്റെ ജോലികൾ
പൂർത്തിയാക്കാൻ വേണ്ടിയായിരിക്കണം തന്റെ ഗ്രന്ഥശേഖരവും അദ്ദേഹം,
ജർമനിയിലേക്കു കൊണ്ടുപോയി. ഇതിൽ പയ്യന്നൂർപ്പാട്ടടക്കമുള്ള ചുരുക്കം ചില
ഗ്രന്ഥങ്ങൾ ഗുണ്ടർട്ട് സ്വജീവിതകാലത്തു തന്നെ മാതൃവിദ്യാലയമായ ട്യൂബിങ്ങൻ
സർവകലാശാലയ്ക്കു സംഭാവന ചെയ്തിരുന്നു.

1865-ൽ ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറി പ്രസിദ്ധീകരിച്ച
കൈയെഴുത്തു ഗ്രന്ഥങ്ങളുടെ പട്ടികയിൽ ഏതാനും മലയാള ഗ്രന്ഥങ്ങളുമുണ്ട്.
അന്ന് അവിടെ സംസ്കൃതത്തിനു പുറമെ ബംഗാളിയും മലയാളവും മാത്രമേ
ഇന്ത്യയിൽനിന്ന് ചെന്നെത്തിയിരുന്നുള്ളു. ഓലയിൽ എഴുതിയ കേരളോത്പത്തിയും
മുദ്രാരാക്ഷസവുമായിരുന്നു 1865-ലെ പ്രധാനപ്പെട്ട മലയാള ഗ്രന്ഥങ്ങൾ. 1899-ലെ
കാറ്റ്‌ലോഗിൽ മലയാളം കൈയെഴുത്തു ഗ്രന്ഥങ്ങളുടെ എണ്ണം വർധിച്ചിരിക്കുന്നു.
അവയിൽ Ma. I.279 എന്ന നമ്പരിൽ കാണുന്ന ഓലക്കെട്ട് മലയാളികൾക്ക്
അമൂല്യനിധിയാണ്. ഇതിൽ മലയാളികൾ വളരെക്കാലമായി അന്വേഷിച്ചു
കൊണ്ടിരിക്കുന്ന പയ്യന്നൂർപ്പാട്ട് പ്രത്യക്ഷപ്പെടുന്നു. 36 ഓലയിലായി 104 പാട്ടുകൾ
ഈ കൃതിയിലുണ്ട്. ആമുഖമായി ഒരു അഞ്ചടിയും. കൃതി അപൂർണംതന്നെ,
കോവാതലച്ചെട്ടി, കച്‌ചിൽപട്ടണം, അഞ്ചുവണ്ണം, മണിഗ്രാമം, യഹൂദർ എന്നിങ്ങനെ
ചില വിഷയങ്ങളെല്ലാം വിവരണത്തിന്റെ ഭാഗമായി കാറ്റ്‌ലോഗിൽ പ്രത്യേകം
സൂചിപ്പിക്കുന്നു. അതേ ഓലക്കെട്ടിൽ കോലത്തുനാടിന്റെയും
കോലത്തിരിമാരുടെയും വീരകഥകളാണ് 46 ഓലകളിൽ കേരളോത്പത്തി
മാതൃകയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 36 ഓലകളിൽ അഷ്ടാംഗഹൃദയത്തിന്റെ
പകർപ്പും ഇതേ ഓലക്കെട്ടിൽ കാണുന്നു. ഇതേ കാറ്റ്‌ലോഗിൽ Ma I 282, 283, 284
നമ്പരുകളിലായി കടലാസിലുള്ള മൂന്നു കൈയെഴുത്തു ഗ്രന്ഥങ്ങളെക്കുറിച്ചുള്ള
വിവരങ്ങൾകൂടികാണുന്നു. മംഗലാപുരത്തുനിന്ന് ഡീറ്റ്‌സ് എന്ന മിഷണറി സംഭാവന
ചെയ്തതാണ് ഇവ. നളചരിതം കിളിപ്പാട്ട്, മുദ്രാരാക്ഷസം കിളപ്പാട്ട്, വേതാളചരിതം,
ഉത്തര രാമായണം, ദേവീ മാഹാത്മ്യം, ചന്ദ്രസംഗമം കഥ, സീതാവൃത്താന്തം,
രാമായണ കഥ, വിവേകരത്നം, ഓണപ്പാട്ട്, ശീലവതിപ്പാട്ട്, തന്ത്രസംഗ്രഹം,
മഹാഭാരതം കിളിപ്പാട്ട്, അധ്യാത്മ രാമായണം എന്നിവയാണ് ഡീറ്റ്‌സ് സായ്‌പു

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/20&oldid=201021" എന്ന താളിൽനിന്ന് ശേഖരിച്ചത്