താൾ:സൗന്ദര്യനിരീക്ഷണം.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യനിരീക്ഷണം


ചിത്രം സുന്ദരമാണ് ' എന്ന വാക്യത്തിന്റെ അർത്ഥം ' ഈ ചിത്രം എനിക്കു സുഖം തരുന്നു ' എന്നു മാത്രമാണെന്നാണല്ലോ ആത്മപ്രതീതവാദിയുടെ സിദ്ധാന്തം. സിദ്ധാന്തം ശരിയോ തെറ്റോ ആകട്ടെ, അത് കുറഞ്ഞപക്ഷം വിവാദക്ഷമമെങ്കിലുമാണെന്നു സമ്മതിക്കണം--അതായത്, ഈ പ്രമേയത്തിന് എന്തെങ്കിലും അർത്ഥമുണ്ട്. സിദ്ധാന്തം ശരിയാണെങ്കിൽ ' ഈ ചിത്രം സുന്ദരമാണ് 'എന്ന വാക്യത്തിന്റെ സ്ഥാനത്ത് ' ഈ ചിത്രം എനിക്ക് സുഖം തരുന്നു' എന്ന വാക്യം പ്രതിഷ്ഠിക്കാം. അങ്ങനെ പ്രതിഷ്ഠിക്കുമ്പോൾ ആദ്യത്തെ പ്രമേയം ഇങ്ങനെ മാറുന്നു: 'ഈ ചിത്രം എനിക്കു സുഖം തരുന്നു' എന്നതിന്റെ അർത്ഥം 'ഈ ചിത്രം എനിക്കു സുഖം തരുന്നു' എന്നാണ്. ഇതു വെറും പുനരുക്തിയായതുകൊണ്ട്, വിവാദക്ഷമമല്ല.എന്നാൽ ആദ്യത്തെ പ്രമേയം വിവാദക്ഷമമായിരുന്നു.അതുകൊണ്ട് ആദ്യത്തെ പ്രമേയവും രണ്ടാമത്തെ പ്രമേയവും ഒന്നല്ല--എന്നുവച്ചാൽ, 'ഈ ചിത്രം സുന്ദര'മാണെന്നതിനു പകരം 'ഈ ചിത്രം എനിക്കു സുഖം തരുന്നു' എന്നു പ്രതിഷ്ഠിക്കുവാൻ പാടില്ല. താർക്കികന്മാർക്ക് ഈ വാദരീതി രോചനീയമായി തോന്നിയേക്കാം.

താർക്കികക്കസർത്തുകൾ കൂടാതെതന്നെ ആത്മപ്രകതീതവാദത്തിന്റെ ദുർബ്ബലത കാണിക്കുവാൻ വഴിയുണ്ട്. ഈ വാദത്തിന്റെ ഉത്ഭവം, ശാസ്ത്ര സമ്മതമായ ലോകവും പരീക്ഷണവിധേയമായ ഭൗതികഗുണങ്ങളും മാത്രമാണു യഥാർത്ഥമെന്നും മറ്റതൊക്കെ മിഥ്യയാണെന്നുമുള്ള ബോധത്തിൽ നിന്നാണ്. ഒരു വസ്തുവിന്റെ ഘനം ശാസ്ത്രീയപരീക്ഷണത്തിനു വിധേയമാണ്. തന്മൂലം അതു വാസ്തവികമാണ്. എന്നാൽ ഒരു വസ്തുവിനെ സൗന്ദര്യം ശാസ്ത്രീയനിർവ്വചനത്തിനു തികച്ചും വിധേയമായിട്ടില്ല.‌അതുകൊണ്ടു സൗന്ദര്യം വാസ്തവികമല്ല. ഇങ്ങനെ വാദിക്കുന്നത് ശാസ്ക്രീയ പരീക്ഷണത്തിന്റെയും ശാസ്ത്രീയനിർവ്വചനത്തിന്റെയും പരിമിതി മനസിലാക്കാത്തതുകൊണ്ടാണ്. പണ്ട് പ്ലൂട്ടോ എന്ന ഗ്രഹം ജ്യോതിശ്ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിരുന്നില്ല. അതുകൊണ്ട് ഈ ഗ്രഹം പണ്ടില്ലായിരുന്നു എന്നു വാദിക്കാൻ പാടുണ്ടോ? ഏതാണ്ടിതുപോലെയാണ് സൗന്ദര്യ ശാസ്ത്രീയനിർവ്വചനത്തിനു വിധേയമല്ലാത്തതുകൊണ്ട് അതു വാസ്തവകമല്ലെന്നുള്ള വാദവും.

ആത്മപ്രതീതവാദം പൂർണ്ണമായി സമ്മതിക്കുന്നപക്ഷം, ഒരു വസ്തുവിന്റെ സൗന്ദര്യം മാത്രമല്ല, മറ്റെല്ലാ ഗുണങ്ങളും നമ്മുടെ മനസിൽ മാത്രമാണു സ്ഥിതിചെയ്യുന്നതെന്നു സമ്മതിക്കേണ്ടിവരും. ഈ ചിത്രത്തിന് മൂന്നടി നീളവും രണ്ടടി വീതിയുമുണ്ടെന്നു പറയുമ്പോൾ, ചിത്രത്തിന് സ്വന്തമായ ഒരു ലക്ഷണമല്ല ഞാൻ പറയുന്നതെന്നും എന്റെ മനസ്സിലുള്ള ചില ഭാവനകൾ മാത്രമാണ് എന്റെ പ്രസ്താവനയിൽ അടങ്ങിയിരിക്കുന്നതെന്നും സമ്മതിക്കേണ്ടിവരും. അതായത്, നമ്മുടെ മനോവികാരങ്ങൾ ഒഴികെ ബാക്കിയുള്ള എല്ലാറ്റിന്റെയും വാസ്തവികത നിഷേധിക്കേണ്ടിവരും.