താൾ:സൗന്ദര്യനിരീക്ഷണം.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യത്തിന്റെ അധിഷ്ഠാനം


എന്നാൽ ആത്മപ്രതീതവാദികൾ അത്രത്തോളം പോകാൻ ഒരുക്കമല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ മാത്രമേ അവർ തങ്ങളുടെ വാദം പ്രയോഗിക്കുന്നുള്ളൂ. ഈ നില യുക്തിദൃഷ്ട്യാ സുസ്ഥിരമല്ലല്ലോ.

ആത്മപ്രതീതവാദത്തിൽ, സുന്ദരമായ രണ്ടു വസ്തുക്കളെ താരതമ്യം ചെയ്യുന്നതിനുള്ള മാനദണ്ഡം ആ വസ്തുക്കളിൽ സ്ഥിതിചെയ്യുന്ന ഗുണമൊന്നുമല്ലെന്നും പ്രത്യുത, അഭിനന്ദകന്മാരുടെ എണ്ണവും അഭിനന്ദനത്തിന്റെ ശക്തിയും മാത്രമാണെന്നും നാം കണ്ടു കഴിഞ്ഞു. കാളിദാസന്റെ ശകുന്തളയെക്കാൾ ശാന്താരാമിന്റെ ശകുന്തളയോയാണ് ഇന്ന് അധികം പേർ അഭിനന്ദിക്കുന്നതെന്നും അവരുടെ അഭിനന്ദനം ശക്തിമത്താണെന്നും വിചാരിക്കുക. അപ്പോൾ ശാന്താരാമിന്റെ ശകുന്തളയ്ക്ക് കാളിദാസന്റേതിനേക്കാൾ മെച്ചം കൽപിക്കേണ്ടിവരും. പക്ഷേ, വാസ്തവത്തിൽ ആരും അങ്ങനെ ചെയ്യുന്നില്ല. തലയെണ്ണി കാവ്യഗുണം നിശ്ചയിക്കുന്ന സമ്പ്രദായം ആത്മപ്രതീതവാദികൾക്കുപോലും സ്വീകരിക്കുവാൻ മടിയുണ്ട്.

ഈ ദുർഘടസന്ധിയിൽ നിന്ന് ഒഴിയുവാൻ വേണ്ടി അവർ മറ്റൊരുപായം പ്രയോഗിക്കുന്നുണ്ട്. ആസ്വാദകന്മാരുടെ എണ്ണം നോക്കി സൗന്ദര്യത്തെ അളക്കണമെന്നു പറയുമ്പോൾ, യഥാർത്ഥ സഹൃദയന്മാരെ മാത്രമേ അവർ ഉദ്ദേശിക്കുന്നുള്ളൂ എന്നാണ് പുതിയ ന്യായം. ഈ ന്യായമനുസരിച്ച് സഹൃദയന്മാരുടെ അഭിനനന്ദനമാണ് സൗന്ദര്യത്തിന്റെ അധിഷ്ഠാനം. പക്ഷേ സഹൃദയന്മാരുടെയിടയിൽ ലോകോത്തരങ്ങളായ കൃതികളെക്കുറിച്ചുപോലും ഭിന്നാഭിപ്രായമുണ്ടായിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലെ സഹൃദയന്മാർക്ക് ഷേക്സ്പിയറെപ്പറ്റി വലിയ മതിപ്പുണ്ടായിരുന്നില്ല. പോപ്പ് ജനിച്ച രാജ്യത്ത് ഷേക്സ്പിയറുടെ അശിക്ഷിതമായ കലാവികൃതികളെ അഭിനന്ദിക്കുന്നത് ആശ്ചര്യകരമായിരിക്കുന്നു എന്ന് വോൾട്ടയർ പറഞ്ഞിട്ടുണ്ട്. സഹൃദയന്മാരുടെയിടയിൽ അഭിപ്രായഭിന്നതയുണ്ടെങ്കിൽ സൗന്ദര്യത്തിന് അധിഷ്ഠാനം എവിടെ? എന്നുതന്നെയല്ല, ആത്മപ്രതീത സിദ്ധാന്തമനുസരിച്ച് സഹൃദയത്വം എന്താണെന്ന് തന്നെ നിർവചിക്കുക വയ്യ. ആരാണ് സഹൃദയൻ? ഉൽകൃഷ്ടകൃതികളെയെല്ലാം അഭിനന്ദിക്കുന്നവൻ. ഉൽകൃഷ്ടകൃതികളെന്നു വച്ചാൽ എന്താണ്? സഹൃദയന്മാർ അഭിനന്ദിക്കുന്നതേതോ അത്. ഇതൊരു ചക്രവാദമാണെന്ന് പ്രത്യക്ഷമാണല്ലോ. നിർവ്വചിക്കേണ്ട പദത്തെത്തന്നെ ആശ്രയിച്ചുകൊണ്ടുള്ള വിവരണം നിർവ്വചനമാകയില്ല.

സൗന്ദര്യാസ്വാദനത്തിൽ രണ്ടു ഘടകങ്ങളുണ്ട്. ആസ്വദിക്കുന്നതൊന്ന്. ആസ്വദിക്കപ്പെടുന്നത് മറ്റൊന്ന്. സൗന്ദര്യം മനസ്സിൽ മാത്രമാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ, സൗന്ദര്യാസ്വാദനമെന്നതിന് മനസ്സു സ്വയം ആസ്വദിക്കുന്നു എന്നേ അർത്ഥമുള്ളൂ. പക്ഷേ, മനസ്സ് ആസ്വദിക്കുക മാത്രമല്ല ചെയ്യുന്നത്. വൈരൂപ്യത്തിൽ അത് അവജ്ഞ ഉൾക്കൊള്ളുകയും ചെയ്യുന്നു. സൗന്ദര്യം മനസ്സിൽ മാത്രമാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ, വൈരൂപ്യം മനസ്സിൽ സ്ഥിതി ചെയ്യുന്നതായിരിക്കണം. അങ്ങനെയെങ്കിൽ മനസ്സ് അതിനെത്തന്നെ