Jump to content

താൾ:സൗന്ദര്യനിരീക്ഷണം.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യത്തിന്റെ അധിഷ്ഠാനം


സൗന്ദര്യത്തിന്റെ ആസ്ഥാനത്തെപ്പറ്റി ചിന്തിക്കുമ്പോൾ ആത്മപ്രതീതം, വസ്തുപ്രതീതം എന്നീ ദുർഘടപദങ്ങളാണ് ആദ്യം ഓർമ്മയിൽ വരുന്നത്. ഈ വികടശബ്ദങ്ങൾ കൂടാതെ കഴിച്ചാൽകൊള്ളാമെന്നുണ്ട്; പക്ഷേ, ഗത്യന്തരമില്ല. സൗന്ദര്യത്തിന്റെ ഊടെടുക്കുവാൻ ശ്രമിച്ചിട്ടുള്ള അഭിജ്ഞന്മാരെല്ലാം ഈ ചിന്താസരണികളിൽ ഏതെങ്കിലുമൊന്നിനോടു പ്രസക്തി കാണിക്കാതിരുന്നിട്ടില്ല.

ആത്മപ്രതീതമായ സൗന്ദര്യവാദം ഏതാണ്ടിങ്ങനെ സംക്ഷേപിക്കാം: സൗന്ദര്യമെന്നതു വസ്തുക്കളുടെ ഒരു ഗുണല്ല; നമ്മുടെ മനസ്സിന്റെ ഒരു ഭാവവിശേഷമാണ്. ഈ ചിത്രം രമണീയമാണെന്നു പറയുന്നതിന്റെ അർത്ഥം ചിത്രത്തിനെന്തെങ്കിലും ഗുണമുണ്ടെന്നല്ല. പിന്നെയോ, പറയുന്ന ആളിന്റെ മനസ്സിൽ അത് ആനന്ദമുളവാക്കുന്നു എന്നു മാത്രമാണ്. ഒരു കലാവസ്തു സുന്ദരമാണെന്നോ അസുന്ദരമാണെന്നോ പറയുമ്പോൾ നാം ഉദ്ദേശിക്കുന്നത് നമുക്കു സുഖമോ അസുഖമോ ഉണ്ടാകുന്നു എന്നല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ടാണ് ഒരേ വസ്തുവിനെക്കുറിച്ചുതന്നെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുന്നത്. സൗന്ദര്യം വസ്തുവിലാണു സ്ഥിതിചെയ്യുന്നതെങ്കിൽ അഭിപ്രായഭിന്നതയ്ക്കു സംഗതിയില്ലല്ലോ. അതു കാണുന്നുവരൊക്കെ അതിനെ അഭിനന്ദിച്ചേ മതിയാവൂ. പക്ഷേ, സൗന്ദര്യാവബോധം അവനവന്റെ മനോവികാരത്തെക്കുറിച്ചുള്ള ഒരു തീർപ്പായതുകൊണ്ട് പലർക്കും പലവിധത്തിൽ തോന്നാനിടയുണ്ട്. അതുകൊണ്ടാണ് കലാലോകത്തിൽ ഇത്രമാത്രം കലഹങ്ങൾ കാണുന്നത്. വിമർശകന്മാർ കലാവസ്തുക്കളെയല്ല വിമർശിക്കുന്നത്, അവരവരുടെ മനോവികാരങ്ങളെ മാത്രമാണ്. ഏറ്റവും അധികം ജനങ്ങളിൽ ഏറ്റവും അധികം ആനന്ദം ഉളവാക്കുന്ന കലാവസ്തു ഏതോ അതാണ് ഏറ്റവും സുന്ദരമായ കലാവസ്തു. ഇങ്ങനെയാണ് ആത്മപ്രതീതവാദത്തിന്റെ പോക്ക്.

എന്നാൽ, സൗന്ദര്യത്തിനാസ്പദമായ ഉപാധികൾ മനസ്സാകുന്ന ആഭ്യന്തരലോകത്തിൽ ആരായുവാൻ പുറപ്പെട്ടാൽ പല വൈഷമ്യങ്ങളും നേരിടേണ്ടിവരും. ജോഡ് എന്ന ചിന്തകൻ ആത്മപ്രതീതവാദത്തിനെതിരായി താർക്കികരീത്യാ പുറപ്പെടുവിച്ചിട്ടുള്ള ഒരു ന്യായം ശ്രദ്ധേയമാണ്: 'ഈ

9