Jump to content

താൾ:സൗന്ദര്യനിരീക്ഷണം.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യനിരീക്ഷണം


അതിന്റെ വിശിഷ്ടസ്വഭാവം കൈവെടിയുകയും ചിത്രകലയുടെ മണ്ഡലത്തിൽ പ്രവേശിക്കുകയുമാണ്` ചെയ്യുന്നത്. വാസവദത്തയുടെ വർണ്ണനയെക്കുറിച്ച്, ' ഇതു ചിത്രത്തിലെഴുതിയതുപോലിരിക്കുന്നു' എന്നു ചിലർ പ്രശംസിച്ചുകേട്ടിട്ടുണ്ട്. അതേ! ചിത്രത്തിലെഴുതിയപോലെ ഇരിക്കുന്നു. പക്ഷെ, ചിത്രത്തിലെഴുതിയതല്ല. ചിത്രത്തിലെഴുതിയിരുന്നെങ്കിൽ വാസവദത്തയുടെ രൂപം കുറേകൂടി സ്‌‌പഷ്ടവും യാഥാർഥ്യപ്രതീതി ജനിപ്പിക്കുന്നതുമാകുമായിരുന്നു. അതായത്, കുമാരനാശാന് കവിതയിൽ എത്രമാത്രം പ്രാവീണ്യമുണ്ടോ അത്രമാത്രം പ്രാവീണ്യം ചിത്രകലയിൽ സമ്പാദിച്ചിട്ടുള്ള ഒരാൾ ആ ചിത്രം വരച്ചിരുന്നെങ്കിൽ !

കവിതയുടെ സ്വകീയമണ്ഡലത്തിൽ ചിത്രകലയ്‌‌ക്ക് അതിനോട് കിടപിടിക്കുവാൻ സാധിക്കുന്നതല്ല. കവിക്ക് ദൃശ്യലോകവും അദൃശ്യലോകലോകവും ഒന്നുപോലെ സ്വാധീനമാണ്`. അത്രതന്നെയല്ല; അദൃശ്യമായ മാനസികലോകത്തിലാണ്` അതു മിക്കപ്പോഴും സ്വഛന്ദം വിഹരിക്കുന്നത്. ദൃശ്യലോകത്തിന്റെ പരിമിതിക്കുള്ളിൽ ഒതുങ്ങിക്കിടക്കുന്ന ചിത്രകാരന് കവിയുടെ ഭാവനാലോകത്തിൽ പ്രവേശിക്കുക സാദ്ധ്യമല്ല. ചിത്രകാരന്` കല്`പ്പനാവൈഭവത്തേക്കാൾ പ്രയോഗസാമർഥ്യമാണ്` കൂടുതൽ വേണ്ടത്. അദ്ദേഹത്തിന്റെ വിഷയം നൂതനമായിരിക്കണമെന്നില്ല. മിക്ക ചിത്രകാരന്മാരും കവികളിൽ നിന്ന് ആശയം സ്വീകരിച്ചിട്ടുള്ളതയിക്കാണാം. ഇത് അവർക്കൊരു പോരായ്‌‌കയല്ല. സ്വീകരിച്ചിരിക്കുന്ന ആശയത്തിനു തങ്ങളുടെ പ്രയോഗപാടവംകൊണ്ട് ജീവൻ നൽകുകയാണ്` അവരുടെ മുഖ്യ കർത്തവ്യം. എന്നാൽ ഒരു കാവ്യത്തിൽ വാഗാർത്ഥങ്ങളുടെ പ്രയോഗവൈചിത്ര്യത്തേക്കാൾ ഒട്ടും അപ്രധാനമല്ലാത്ത ഒരു കാര്യമാണ്` കവികല്പനയുടെ നൂതനത്വം. ഒരു ചിത്രത്തെ ഉപജീവിച്ച് കവിതയെഴുതുന്നതു കവിക്കൊരു പോരായ്‌‌മയാണ്`. ചിത്രകാരൻ പ്രഖ്യാതമായ ഇതിഹാസങ്ങളെയും ചരിത്രങ്ങളെയും സുജ്ഞാതമായ പ്രകൃതിവിലാസങ്ങളെയുമാണ്` തന്റെ തൂലികയ്‌‌ക്ക് വിഷയമാക്കുന്നത്. എന്നാൽ ഒരു കവിക്ക് മുമ്പ് ആരും കേട്ടിട്ടില്ലാത്ത വിഷയത്തെ സ്വസങ്കല്പ്പത്തിൽനിന്ന് ആവിഷ്കരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വിഷയത്തിന്റെ നൂതനത്വം ചിത്രത്തിന്` ഒരു വിഘ്നവും കവിതയ്ക്ക് ഒരു ഭൂഷണവുമത്രേ. അരിസ്റ്റോട്ടിൽ തന്റെ ശിഷ്യനായ ഒരു ചിത്രകാരനോട് അലക്‌‌സാണ്ടറുടെ ജീവചരിത്രത്തിലെ സംഭവങ്ങളെ വിഷയീകരിച്ച് ചിത്രങ്ങൾ എഴുതുവാൻ ഉപദേശിച്ചതായി ഒരു ഐതിഹ്യമുണ്ട്. അലക്‌‌സാണ്ടറുടെ ജീവചരിത്രം പ്രഖ്യാതമായതുകൊണ്ടായിരിക്കണം അദ്ദേഹം അപ്രകാരം ഉപദേശിച്ചത്.

മാനുഷികവും അതിമാനുഷികവുമായ കഥാപാത്രങ്ങൾ ഇടകലർന്നുള്ള ഒരു സംഭവം കവിതയ്‌‌ക്ക് വിഷയമാകാമെങ്കിലും ഒരു ചിത്രകാരന്` അതു സ്വീകരിക്കുവാൻ നിവൃത്തിയില്ല. രാമരാവണയുദ്ധം സമഞ്ജസമായി ഏതു