താൾ:സൗന്ദര്യനിരീക്ഷണം.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യനിരീക്ഷണം


ചിത്രത്തിലാണു പ്രകാശിപ്പിക്കാൻ കഴിയുക? പത്തു തലയുള്ള രാക്ഷസന്മാരേയും, നാലു തലയുള്ള ദേവന്മാരേയും, ആയിരം കണ്ണുള്ള ദേവന്മാരേയും നമുക്കു കവിയുടെ ഭാവനയിൽക്കൂടി ദർശിക്കാം. പക്ഷേ, ഒരു ചിത്രത്തിൽ ഈ പാത്രങ്ങൾ സ്ഥൂലഭാവം കൈക്കൊള്ളുമ്പോൾ കവിതയിൽനിന്നുളവാകുന്ന അനുഭവമല്ല നമുക്കുണ്ടാകുന്നത്. അനേകംപേർക്ക് ഇളക്കുവാൻപോലും സാധിക്കാത്ത് ഒരു വലിയ കല്ല് ഒരു ദേവി (Minearve) പൊക്കിയെടുത്ത് എറിയുന്നതും ആ ഏറുകൊണ്ട് യുദ്ധദേവനായ മാർസ് (Mars) നിലംപതിച്ച് ഏഴേക്കർ സ്ഥലം മുഴുവൻ വ്യാപിച്ചുകിടക്കുന്നതും ഹോമർ വർണ്ണിക്കുന്നുണ്ട്. ആ ദേവിയുടെ വലിപ്പം കൂട്ടിയാൽ ദേവിയുടെ ആകൃതി ബീഭത്സമാകുമെന്നു മാത്രമല്ല, ആ സംഭവം അദ്ഭുതാവഹമല്ലാതായിത്തീരുകയും ചെയ്യും. നേരേമറിച്ച് ദേവിയെ ഒരു സാധാരണ സ്ത്രീയെപ്പോലെ ചിത്രീകരിച്ചാൽ ദേവീരൂപവും കല്ലിന്റെ വലിപ്പവും തമ്മിൽ പൊരുത്തമില്ലാതായിത്തീരും.

എന്നാൽ കവിതയുടേ സങ്കല്‌പലോകത്തിൽ ഈവക പൊരുത്തക്കേടൊന്നുമില്ല. സ്ഥൂലവും സൂക്ഷ്‌മവും, ദൃശ്യവും അദൃശ്യവും, മാനുഷികവും അതിമാനുഷികവും കാവ്യലോകത്തിൽ പരസ്‌പരസ്‌പർദ്ധകൂടാതെ ഒന്നു ചേർന്നു വിഹരിക്കുന്നു. ചിത്രകാരന് ആ ലോകത്തിൽ എത്തിനോക്കുവാൻപോലും സാധിക്കില്ല.