ഏകകാലത്തിലുള്ള അംശങ്ങൾ ചേർന്ന വസ്തുക്കളെ മാത്രമേ പ്രതിബിംബിക്കയുള്ളു. കാലക്രമത്തിനുള്ള ഛായകൾ കാലക്രമത്തിൽ സംഭവിക്കുന്ന വസ്തുതകളെ അഥവാ കാലക്രമത്തിൽ സംഭവിക്കുന്ന അംശങ്ങൾ ചേർന്നുള്ള വസ്തുതകളെ മാത്രമേ പ്രതിപാദിക്കയുള്ളൂ. സ്ഥലനിബദ്ധമായി നിലകൊള്ളുന്ന വസ്തുക്കൾ ജഡങ്ങളാണു്. തന്മൂലം ദൃശ്യമായ ഗുണങ്ങളോടുകൂടിയ ജഡങ്ങളാണു് ചിത്രകലയുടെ പ്രതിപാദ്യവിഷയം. നേരെമറിച്ചു്, കലാക്രമത്തിലുള്ള വസ്തുതകൾ അഥവാ കാലക്രമത്തിൽ പ്രത്യക്ഷപ്പെടുന്ന അംശങ്ങൾ ചേർന്നുള്ള വസ്തുതകൾ സംഭവങ്ങൾ എന്നു വിളിക്കപ്പെടുന്നു. തന്നിമിത്തം സംഭവങ്ങളാണ് കാവ്യത്തിനു പ്രത്യേകം പ്രതിപാദ്യമായ വിഷയം. എന്നാൽ എല്ലാ ജഡങ്ങളും സ്ഥലത്തിൽ മാത്രമല്ല, കാലത്തിലും നിലകൊള്ളുന്നുണ്ട്. കാലക്രമത്തിലുള്ള അവയുടെ നിലനില്പിന്റെ ഓരോനിമിഷത്തിലും അവ മാറിക്കൊണ്ടിരിക്കുന്ന ഗുണവിശേഷങ്ങൾ പ്രത്യക്ഷപ്പെടുത്തുകയും പരിതഃസ്ഥിതികളോടുള്ള അവയുടെ ബന്ധം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. മാറിമാറിക്കൊണ്ടിരിക്കുന്ന ഓരോഭാവവും നൈമിഷികമായ ഓരോ ബന്ധവും കഴിഞ്ഞുപോയ ഒരവസ്ഥയിൽനിന്ന് ഉത്പന്നമാകുകയും അടുത്തുവരുന്ന അവസ്ഥയ്ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട് ചിത്രകലയ്ക്കു വിഷയമാകുന്ന പരിമിതവും നൈമിഷികവുമായ ആ ഭാവം കാലക്രമത്തിൽ സംഭവിക്കുന്ന പലഭാവങ്ങളുടെ കേന്ദ്രമാണെന്നു പറയാം. ഇപ്രകാരം ചിത്രകലയ്ക്കും സംഭവങ്ങളെ വ്യഞ്ജിപ്പിക്കുവാൻ കഴിയും. പക്ഷേ, ഇതു വസ്തുക്കളുടെ ക്ഷണഭംഗുരമായ അവസ്ഥയിൽനിന്നും അവസ്ഥാന്തരങ്ങളെപ്പറ്റിയുള്ള സാമാന്യജ്ഞാനത്തിന്റെ സൂചനയിൽനിന്നും സാധിക്കുന്ന പരോക്ഷമായ ഒരു വ്യഞ്ജനം മാത്രമാണ്. നേരേമറിച്ച്, സംഭവങ്ങൾക്കു സ്വതഃസിദ്ധവും അവിഭക്തവുമായ അസ്തിത്വമില്ല. അവ ജീവികളോടു ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ജീവികൾ ജഡികങ്ങളാണെങ്കിൽ കാവ്യത്തിന് അവയുടെ ജഡികരൂപങ്ങൾ വർണ്ണിക്കേണ്ടതായി വരുന്നു. എന്നാൽ ഈ വർണ്ണന നേരിട്ടുള്ള വണ്ണനയല്ല. ചലനത്തെയോ സംഭവങ്ങളിലുള്ള അവസ്ഥാന്തരങ്ങളെയോ സൂചിപ്പിക്കുകമാത്രമാണ് കവി ചെയ്യുന്നത്."
ലെസ്സിംഗിന്റെ ഈ വ്യതിരേകത്തിൽ നിന്നും നാം മനസ്സിലാക്കെണ്ടത് കാവ്യത്തിനും ചിത്രത്തിനും വിഭിന്നമണ്ഡലങ്ങളുണ്ടെന്നാണ്. കാലക്രമത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുതകളാണ് കാവ്യത്തിനു പ്രത്യേകമായുള്ള പ്രതിപാദ്യമണ്ഡലം. സ്ഥലനിബദ്ധമായ നിശ്ചലാവസ്ഥകളെ കാവ്യത്തിനു വർണ്ണിക്കുവാൻ സാധിക്കുകയില്ലെന്നല്ല ഇപ്പറഞ്ഞതിന്റെ അർത്ഥം. പക്ഷേ കാവ്യം അതിനു പുറപ്പെടുന്നപക്ഷം ചിത്രകലയോടു മത്സരിക്കുകയാണ് ചെയ്യുന്നത്. ഈ മത്സരത്തിൽ കാവ്യം പരാജയമടയുകയേയുള്ളു.