താൾ:സൗന്ദര്യനിരീക്ഷണം.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യനിരീക്ഷണം


ലിയൊണാർഡോവിന്റേയും ആലേഖ്യവൈദഗ്ദ്ധ്യം മനസ്സിലാക്കുവാൻ ഇറ്റാലിയൻ പഠിക്കേണ്ട. ചിത്രകലയ്ക്കുള്ള സാർവ്വത്രികത്വം യാതൊരു ഭാഷയ്ക്കും ലോകത്തിൽ കൈവന്നിട്ടില്ല.

ഉപകരണവിശേഷംകൊണ്ടു ചിത്രകലയ്ക്കു സംഭവിച്ചിട്ടുള്ള ഒരു ന്യൂനത കാലപരിമിതിയാണ്. ഒരേയൊരു നിമിഷം മാത്രമേ ഒരു ചിത്രത്തിൽ പ്രകാശിപ്പിക്കുവാൻ നിവൃത്തിയുള്ളൂ. കവിക്കു കാലപാരതന്ത്ര്യമില്ലാത്തതുകൊണ്ട്, ഒരു കഥ ആദ്യം‌മുതൽ അവസാനംവരെ കാലക്രമത്തിലോ മറിച്ചോ പ്രതിപാദിക്കുവാൻ അയാൾക്കു പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൻ ചിത്രകാരന് ആ കഥയിലുള്ള ഒരു വിശിഷ്ടനിമിഷത്തിലെ അനുഭവം മാത്രം തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ. നൈമിഷികമായതിനെ അയാൾ കലാരൂപത്തിൽ ശാശ്വതപ്രായമാക്കുന്നു. കാവ്യത്തിലെ പാത്രങ്ങൾ കാലപരിണാമമനുസരിച്ചു വൃദ്ധിക്ഷയങ്ങൾ പ്രാപിക്കുമ്പോൾ ചിത്രകാരന്റെ പാത്രം കാലഗതികൾക്കതീതമായി നിലകൊള്ളുന്നു. ഇക്കാര്യത്തിൽ ചിത്രകലയ്ക്കും ശില്പകലയ്ക്കും സാധർമ്മ്യമുണ്ട്. ഒരു യവനശില്പത്തെ നോക്കി കീറ്റ്സ് (Keats) എന്ന ആംഗലകവി പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമാണ്. പ്രേയസിയെ ചുംബിക്കുവാനായുന്ന കാമുകനെ നോക്കി കവി പറയുകയാണ്: "അല്ലയോ കാമുകാ, നിന്റെ ലക്ഷ്യത്തോടു നീ വളരെ അടുത്തിട്ടുണ്ടെങ്കിലും നിനക്ക് ഒരിക്കലും, ഒരിക്കലും അവളെ ചുംബിക്കുവാൻ സാധിക്കയില്ല. എന്നാലും വിഷാദപ്പെടേണ്ട. നിനക്ക് അഭീഷ്ടസിദ്ധിയുണ്ടാവുകയില്ലെങ്കിലും അവളുടെ സൗന്ദര്യം മാഞ്ഞുപോകയില്ല. നീയെന്നും ഇങ്ങനെ സ്നേഹിക്കയും അവളെന്നും ലാവണ്യവതിയായിരിക്കയും ചെയ്യും." ശില്പത്തിലെ രൂപങ്ങളെക്കുറിച്ചെന്നപോലെ ചിത്രകലയെക്കുറിച്ചും ഈ പ്രസ്താവം സാധുവാണ്. നാനൂറു കൊല്ലത്തോളം പ്രായമുള്ള മോണാലിസ്സാ (Mona Lisa) ഇന്നും യുവതിയാണ്. അവളുടെ ആ കള്ളപ്പുഞ്ചിരി ഇന്നും മാഞ്ഞുപോയിട്ടില്ല. എന്നാൻ ആ പുഞ്ചിരി അവിടെ വരാണുള്ള കാരണമെന്തെന്നോ അതിനും മുൻപും പിൻപും ആ മുഖത്ത് ഏതെല്ലാം ഭാവവിശേഷങ്ങൾ സ്ഫുരിച്ചിട്ടുണ്ടെന്നോ നമുക്കറിയാൻ യാതൊരു മാർഗ്ഗവുമില്ല. ഒരു കവിതയിലാണെങ്കിൽ ഇവയെല്ലാം വിശദീകരിക്കാൻ സൗകര്യമുണ്ട്.

ചിത്രകലയും കാവ്യകലയും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി പ്രസിദ്ധ ജർമ്മൻ‌നിരൂപകനായ ലെസിംഗ് (Lessing) പ്രസ്താവിച്ചിട്ടുള്ളത് ഇവിടെ ഉദ്ധരിക്കാം: "ചിത്രത്തിന്റെ ഭാഷ സ്ഥലത്തിൽ നിലകൊള്ളുന്ന രേഖകളും വർണ്ണങ്ങളുമാണ്. കാവ്യത്തിന്റെ ഭാഷയാകട്ടെ കാലത്തിൽ നിലകൊള്ളുന്ന അർത്ഥവത്തായ ശബ്‌ദസമൂഹമാണ്. വസ്തുവും ഛായയും തമ്മിൽ പരസ്പരബന്ധമുണ്ടെന്നും അവ ഒരേ സാമാന്യനിയമത്തിനു വിധേയമാണെന്നുമുള്ളത് തർക്കമറ്റ സംഗതിയായതുകൊണ്ട്, ഏകകാലത്തു നിലകൊള്ളുന്ന ഛായകൾ, ഏകകാലത്ത് നിലകൊള്ളുന്ന വസ്തുക്കളെ, അഥവാ

28