താൾ:സൗന്ദര്യനിരീക്ഷണം.djvu/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചിത്രകലയും കാവ്യകലയും


സുകുമാരകലകളുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെ. സത്യത്തേയും നന്മയേയും സൗന്ദര്യത്തേയും ഏകീകരിക്കുന്ന സംസ്കാരികമൂല്യത്തെ കലാകാരന്റെ വ്യക്തിമുദ്രയോടുകൂടി ഉചിതരൂപങ്ങളിൽ ആവിഷ്കരിക്കുക- ഇതാണ് അവയുടെയെല്ലാം പരമോദ്ദേശ്യം. ഏതു കലയ്ക്കാണ് മേന്മയെന്നുള്ളത് ഒരു തീരാവാദമാണ്. സാഹിത്യത്തിനാണ് ഉത്കർഷമെന്ന് സാഹിത്യകാരൻ പറയും: ചിത്രകലയ്ക്കാണ് മേന്മകൂടുതലെന്നു ചിത്രകാരനും പറയും. മനുഷ്യവർഗ്ഗത്തിന്റെ നിയമകർത്താവും സംസ്കാരത്തിന്റെ മുന്നോടിയുമാണ് കവി എന്നു ഷെല്ലി പറയുന്നു. നേരേമറിച്ച്, ലിയോണാർഡോ ഡാവിഞ്ചി (Leonardo da Vinci) പറയുന്നത് ഇപ്രകാരമാണ്: "ചിത്രകലയെ അധിക്ഷേപിക്കുന്നവർ പ്രപഞ്ചത്തെക്കുറിച്ചുള്ള മൌലികവും ഉത്കൃഷ്ടവുമായ ഒരു ആദർശത്തെയാണ് അധിക്ഷേപിക്കുന്നത്. ചിത്രകല പ്രകൃതിയുടെ പുത്രി അഥവാ, പൗത്രി ആണെന്നു പറയാം. ആസ്തിക്യമുള്ള ഏതും പ്രകൃതിയിൽനിന്നു ജനിച്ചതാണ്. പ്രകൃതിയുടെ സന്താനമായ മനുഷ്യന്റെ സർഗ്ഗവിശേഷമാണ് ചിത്രകല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ചിത്രകല പ്രകൃതിയുടെ പൗത്രിയും ഈശ്വരന്റെ സംബന്ധിയുമാണെന്ന്. ചിത്രകലയെ അപലപിക്കുന്നവർ പ്രകൃതിയെയാണ് അപലപിക്കുന്നത്."

ഏതു കലയ്ക്കാണ് ഉത്കർഷമെന്നുള്ള വിതണ്‌ഡാവാദത്തിൽ പ്രവേശിക്കുന്നതിനേക്കാൾ നല്ലത് ഉപകരണവൈജാത്യത്താൽ ഓരോ കലയ്ക്കും സിദ്ധമാകുന്ന ഗുണവിശേഷമെന്താണെന്ന് അന്വേഷിക്കുകയാകുന്നു. ശബ്ദാർത്ഥരൂപമായ കാവ്യത്തിനു സാധിക്കാത്ത ചിലകാര്യങ്ങൾ വർണ്ണരേഖാരൂപമായ ചിത്രകലയ്ക്ക് പ്രകാശിപ്പിക്കാൻ കഴിയും. കാവ്യം ഏതെങ്കിലുമൊരു ഭാഷയിൽ കുടുങ്ങിക്കിടക്കുന്നതുകൊണ്ട് ആ ഭാഷ സംസാരിക്കുന്ന ആളുകൾക്കുമാത്രമേ അതു പ്രയോജനെപ്പെടുന്നുള്ളു. എന്നാൽ ചിത്രകാരന്റെ ഭാഷ സാർവ്വജനീനമാണ്. കണ്ണുള്ളവർക്കെല്ലാം അതു നിഷ്പ്രയാസം ഗ്രഹിക്കാം. ഡാന്റിയുടെ കവിത ഇറ്റാലിയൻഭാഷ പഠിച്ചിട്ടുള്ളവർക്കു മാത്രമേ ആസ്വദിക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ റഫേലിന്റേയും

27