താൾ:സൗന്ദര്യനിരീക്ഷണം.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യത്തിന്റെ അധിഷ്ഠാനംപക്ഷേ, സൗന്ദര്യത്തിന്റെ അധിഷ്ഠാനം ഈ ഗുണങ്ങളാണെന്നു പറയുന്നതുകൊണ്ട് നമ്മുടെ പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നതല്ല. സൗന്ദര്യം എന്താണെന്നുള്ള പ്രശ്നത്തെ മറ്റൊരുരൂപത്തിൽ അവതരിപ്പിക്കുക മാത്രമാണ് ഇതുകൊണ്ടു സാധിക്കുന്നത്. സൗന്ദര്യത്തിന്റെ അധിഷ്ഠാനം എന്താണ്? ഓജസ്സ്, അല്ലെങ്കിൽ മാധുര്യം. ഓജസ്സ് എന്താണ്? മനസ്സിനെ ദീപതമാക്കുന്നത്. മനസ്സിനെ ദീപ്തമാക്കുന്നതെങ്ങനെ? ആ ഗുണമുണ്ടായിട്ട്. എന്താണ് ആ ഗുണം? മനസ്സിനെ ദീപ്തമാക്കുന്നതേതോ, അതുതന്നെ. വട്ടം കറങ്ങുവാൻ മാത്രമേ ഈ വാദം പ്രയോജനപ്പെടുന്നുള്ളു. അത്രതന്നെയല്ല, സൗന്ദര്യം പലർക്കും പലവിധത്തിൽ അനുഭവപ്പെടുന്നതെന്തുകൊണ്ടാണെന്നുള്ള സംശയം സൗന്ദര്യത്തിനാസ്പദമായ ഗുണങ്ങളെ സംബന്ധിച്ചും അവശേഷിക്കുന്നു. ഒരാൾ ഓജസ്സു കാണുന്നിടത്ത് മറ്റൊരാൾ അതു കാണുന്നില്ല. ശ്രീ ശങ്കരക്കുറുപ്പിന്റെ കവിതയ്ക്കു പ്രസാദമില്ലെന്നു ചിലർ പറയുന്നു. ഉണ്ടെന്നു മറ്റുചിലരും പറയുന്നു. ഈ അഭിപ്രായവ്യത്യാസത്തിനു കാരണമെന്ത്? നമ്മുടെ മനസ്സിൽനിന്നു ഭിന്നമായ ചില ഗുണങ്ങളാണ് സൗന്ദര്യത്തിന്റെ അധിഷ്ഠാനമെങ്കിൽ, ആ ഗുണങ്ങളെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസത്തിനു ന്യായമില്ല. ഒരു വസ്തുവിന്റെ നീളം, വീതി എന്നിവയെക്കുറിച്ചു പക്ഷാന്തരങ്ങളുണ്ടാകാൻ സംഗതിയില്ലാത്തതുപോലെതന്നെ, പ്രസാദം മുതലായ ഗുണങ്ങളെക്കുറിച്ചും പക്ഷാന്തരമുണ്ടാകാൻ ന്യായമില്ല.


6


ചുരുക്കിപ്പറഞ്ഞാൽ ബാഹ്യമായ യാതൊരു ഗുണത്തിലും സൗന്ദര്യത്തിനു സുസ്ഥിരവും സുപരിനിഷ്ഠിതവുമായ ഒരു അധിഷ്ഠാനം ആരും കണ്ടെത്തിയിട്ടില്ല. സുന്ദരവസ്തുക്കളുടെ വൈവിധ്യവും ഐകരൂപ്യവും ആലോചിക്കുമ്പോൾ അങ്ങനെയൊരധിഷ്ഠാനം കണ്ടെത്തുവാൻ സാധിക്കുമെന്നും തോന്നുന്നില്ല.

തന്നിമിത്തം നമുക്കു നമ്മുടെ അന്തരംഗത്തിലേക്കുതന്നെ തിരിച്ചുപോരേണ്ടിയിരിക്കുന്നു. അവിടെമാത്രമേ നാം ഐകരൂപ്യം കാണുന്നുള്ളൂ. സുന്ദരവസ്തുക്കൾ എത്രവിധമായിരുന്നാലും, അവ നമുക്കനുഭവപ്പെടുന്നത് ഒരേവിധത്തിലാണ്. അവ നമ്മളിലുളവാക്കുന്ന ചിത്തവൃത്തി ആനന്ദമയമാണ്. ഒരുപക്ഷേ, സൗന്ദര്യമെന്നു പറയുന്നത് നിർജ്ജീവമായ ഒരു ഗുണമല്ല, സജീവമായ ഒരു മനോവ്യാപാരമാണെന്നുവരുമോ? അഥവാ, ചില നിർജ്ജീവഗുണങ്ങളുടെ സാന്നിദ്ധ്യത്തിൽ നമ്മിലുള്ള എന്തോ ഒന്നു സജീവമായി പ്രവർത്തിക്കുന്നതിന്റെ ഫലമല്ലയോ സൗന്ദര്യാനുഭൂതി? വിദ്യുച്ഛക്തിയുടെ അനുലോമപ്രതിലോമഘടകങ്ങൾപോലെ നമ്മിലുള്ള ശക്തിയും ബാഹ്യമോ ആന്തരികമോ ആയ ചില ഉപാധികളും തമ്മിൽ സമ്മേളിക്കു-

21