താൾ:സൗന്ദര്യനിരീക്ഷണം.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യനിരീക്ഷണം



അരിസ്റ്റിപ്പസ്: എന്നാൽ ചാണകത്തൊട്ടി ഒരു സുന്ദരവസ്തുവാണോ?

സോക്രട്ടീസ്: തീർച്ചയായും| ഉദ്ദേശ്യപ്രാപ്തിക്കുതകാത്ത പൊൻപരിചയോക്കാൾ കാര്യത്തിനു കൊള്ളുന്ന ചാണത്തൊട്ടിയാണു സുന്ദരം.

യവനചിന്തയിൽ നന്മയും സൗന്ദര്യവും മാത്രമല്ല, ജ്ഞാനവും ഒന്നുതന്നെയാണെന്നാണു ഭാവന. 'അലങ്കാരം ധാരാളമുണ്ടെങ്കിലും ശരീരത്തിൽനിണങ്ങാത്ത കഞ്ചുകത്തേക്കാൾ സുന്ദരമായിട്ടുള്ളത് അനലംകൃതവും എന്നാൻ ഉപയോഗപ്രദമായ കഞ്ചുകമാണ്' എന്നു സോക്രട്ടീസ് മറ്റൊരവസരത്തിൽ പറയുന്നുണ്ട്. ഉദ്ദേശസിദ്ധിക്കുള്ള പര്യാപ്തതയാണ് ഇവിടെ സൗന്ദര്യത്തിന്റെ മാനദണ്ഡമായി കല്പിച്ചിരിക്കുന്നത്. 'സൗന്ദര്യം' എന്ന ശബ്ദത്തിനു നാം സാധാരണ വിവക്ഷിക്കുന്ന അർത്ഥത്തിലല്ല സോക്രട്ടീസ് അതു പ്രയോഗിക്കുന്നത്. സാമാന്യപ്രയോഗത്തിൽ ചാണകത്തൊട്ടി സുന്ദരമാണെന്ന് ആരും പറയുന്നതല്ല. പോർക്കിന്റെ മോന്ത നോക്കുക. ആ നീണ്ടു തടിച്ച മൂക്കും, കനത്ത തൊലിയും, കുണ്ടിൽ കിടക്കുന്ന കണ്ണും! നിലം കുഴിച്ചു കിഴങ്ങുകണ്ടെത്തുന്നതിന് ഏറ്റവും പര്യാപ്തമാണ് അതിന്റെ ഘടന. പക്ഷേ, അതു സുന്ദരമാണ്ന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. അതുപോലെ തന്നെ ആനയുടെ തുമ്പിക്കൈ, മുള്ളൻപന്നിയുടെ കവചം, കുരങ്ങിന്റെ കൈകാലുകൾ എന്നിവയുടെ ഉപയോഗത്തെപ്പറ്റി രണ്ടുപക്ഷമില്ല. എന്നാലും സുന്ദരവസ്തുക്കളുടെ കൂട്ടത്തിൽ നാം അവയെ ഉൾപ്പെടുത്താറില്ല. നേരേ മറിച്ച് നമുക്കു പറയത്തക്ക ഉപയോഗമൊന്നുമില്ലാത്ത പല വസ്തുക്കളും സുന്ദരമായി നമുക്കു തോന്നുന്നുണ്ട്. മയിലിന് അതിന്റെ ചിറകുകൊണ്ടു വലിയ പ്രയോജനമൊന്നുമില്ല. പൂവൻകോഴിയുടെ തലപ്പാവും അതുപോലെതന്നെ. തന്മൂലം സാമാന്യവ്യവഹാരത്തിൽ സൗന്ദര്യത്തെ ഉപയോഗത്തിനു വിധേയമാക്കുന്നത് ഉചിതമല്ലെന്നു വന്നുകൂടുന്നു.


5


കാവ്യസൗന്ദര്യത്തിനാസ്പദമായി ആലങ്കാരികന്മാർ വ്യവച്ഛേദിച്ചിട്ടുള്ള ഗുണങ്ങളെ സൗന്ദര്യത്തിന്റെ സാമാന്യലക്ഷണങ്ങളായി കണക്കാക്കാം. പലരും പലവിധത്തിൽ കാവ്യഗുണങ്ങൾ വിശകലനം ചെയ്തിട്ടുണ്ട്. ശ്ലേഷം, പ്രസാദം, സമത, സമാധി, മാധുര്യം, ഓജസ്സ്, സൗകുമാര്യം, അർത്ഥവ്യക്തി, ഉദാരത, കാന്തി ഇങ്ങനെ പല ഗുണങ്ങളും കാവ്യസൗന്ദര്യത്തിനു നിദാനമായി അവർ സങ്കല്പിക്കുന്നു. ഇവയിൽ പ്രസാദം, ഓജസ്സ്, മാധുര്യം എന്നീ മൂന്നു ഗുണങ്ങളാണ് മികച്ചു നിൽക്കുന്നത്. അനുവാചകന്റെ മനസ്സിനെ വികസിപ്പിക്കുന്നത് പ്രസാദവും, ദീപ്തമാക്കുന്നത് ഓജസ്സും, ദ്രവിപ്പിക്കുന്നത് മാധുര്യവുമാകുന്നു. ഇവയെ കാവ്യസൗന്ദര്യത്തിന്റെ മാത്രമല്ല എല്ലാ സൗന്ദര്യത്തിന്റെയും സാമാന്യലക്ഷണങ്ങളായി സ്വീകരിക്കാം.

20