Jump to content

താൾ:സൗന്ദര്യനിരീക്ഷണം.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൗന്ദര്യനിരീക്ഷണം


മ്പോഴുണ്ടാകുന്ന അനുഭൂതിവിശേഷമാണ് സൗന്ദര്യമെന്നു പറയാം. അനുഭവമാണ് സൗന്ദര്യത്തിനു നിദാനം. ഗുണങ്ങൾ പ്രസ്തുതാനുഭവത്തിന്റെ ഉപാധികൾ മാത്രമാണ്. പ്രസ്തുതോപാധികളാകട്ടെ, പ്രവർത്തനമാനമായ സൗന്ദര്യബോധത്തിൽ നിന്നു ഭിന്നവുമാണ്. ഇവിടെയാണ് ആത്മപ്രതീതവാദത്തിൽ സർവ്വവും, 'ആത്മപ്രചോദിതമാണെ'ന്നും അതുകൊണ്ട് സൗന്ദര്യത്തിന്റെ ഉപാധികളും നമ്മിൽത്തന്നെയാണു സ്ഥിതിചെയ്യുന്നതെന്നും അന്തർഹിതമായിരിക്കുന്നു. ഈ വാദത്തിന്റെ ദുർഘടാംശങ്ങൾ നാം പരിഗണിച്ചുകഴിഞ്ഞുവല്ലോ.

ഇവിടെ ഉന്നയിച്ചിരിക്കുന്ന സിദ്ധാന്തമനുസരിച്ചു സൗന്ദര്യത്തിൽ രണ്ടു ഘടകങ്ങളുണ്ട്. ഒന്നു പ്രവർത്തമാനമായ മാനസികശക്തി; അതിനു വിഷയമായ അനുഭവം രണ്ടാമത്തേത്. അനുഭവം നമ്മെ ആശ്രയിച്ചിരിക്കുന്ന ഒന്നല്ല. മനുഷ്യന്റെ സത്തയും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തിൽ നിന്നാണ് അനുഭവങ്ങളുണ്ടാകുന്നത്. ഈ അനുഭവങ്ങളിൽ ചിലതിനുമാത്രമേ സൗന്ദര്യബോധത്തെ ഉണർത്തുവാൻ കഴിവുള്ളൂ. അങ്ങനെയുള്ള അനുഭവവിശേഷങ്ങളെപ്പറ്റി നമ്മിലുള്ള ഒരു മൗലികശക്തി ചെയ്യുന്ന വിധിത്തീർപ്പാണ് സൗന്ദര്യം. തീർപ്പുചെയ്യുന്ന വ്യക്തിയുടെ കഴിവും സ്വഭാവവും ജീവിതാനുഭവങ്ങളുമനുസരിച്ച് ആ തീർപ്പിനും ചില്ലറ വ്യത്യാസങ്ങൾ ഉണ്ടായെന്നുവരാം (അതു കൊണ്ടാണ് കലാനിരൂപണങ്ങളിൽ ഇത്രമാത്രം പക്ഷാന്തരങ്ങൾ വന്നുകൂടുന്നത്). ചർച്ചചെയ്യപ്പെടുന്ന അനുഭവങ്ങൾ എത്രകണ്ടു സൂക്ഷ്മവും സങ്കീർണ്ണവുമാണോ, അത്രകണ്ട് പക്ഷാന്തരങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കും. എന്നാലും സാമാന്യമായി പറയുന്നപക്ഷം മനുഷ്യന്റെ സൗന്ദര്യഗ്രഹണശക്തി ഏതാണ്ട് ഒരേവിധത്തിലാണു വ്യാപരിക്കുന്നത്.

ഈ ശക്തി യുക്ത്യതീതമാണ്. യുക്തി, സ്മരണ, അനുമാനം എന്നിവയേക്കാൾ ആന്തരികവും മൗലികവുമായ ഒരു വ്യാപാരമാണ് സൗന്ദര്യഗ്രഹണശക്തിക്കുള്ളത്. യുക്തിയുടെ പ്രവർത്തനവും ഈ ശക്തിക്ക് വിഷയമായിത്തീരാവുന്നതാണ്. അതുകൊണ്ടാണ് ഐൻസ്റ്റീനിന്റെ ശാസ്ത്രീയഭാവനയിലും സ്പിനോസയുടെ ദർശനത്തിലും നമുക്കു സൗന്ദര്യം കാണുവാൻ സാധിക്കുന്നത്. പ്രസ്തുത ശക്തിയുടെ തീർപ്പിന് അപ്പീലില്ല. എന്നാൽ യുക്തിവാദംകൊണ്ടു ലഭിക്കുന്ന ഒരു പ്രമേയത്തിനു സാധുത്വമുണ്ടാകണമെങ്കിൽ അതിനേക്കാൾ മൗലികമായ ഒരു ശക്തി അതിനെപ്പറ്റി 'ശരി്' എന്നു തീർപ്പുകല്പിക്കണം.

സൂക്ഷ്മമാലോചിച്ചാൽ സൗന്ദര്യം, സത്യം, നന്മ എന്നിവയെപ്പറ്റി വിധിപ്രസ്താവിക്കുന്നത് ഒരേ ശക്തിയാണെന്നു കാണാം.

ചിലവ വസ്തുക്കൾ സുന്ദരമെന്നും മറ്റു ചിലത് അസുന്ദരമെന്നും നാം തീർച്ചപ്പെടുത്തുന്നു. അങ്ങനെ തീർപ്പുചെയ്യുന്ന ശക്തിയെ നാം സൗന്ദര്യ

22