താൾ:സുധാംഗദ.djvu/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുന്നോട്ടു നീങ്ങി, യെൻ നാഥന്റെ കർണ്ണത്തിൽ
മന്ദം മനോഹരി മന്ത്രിച്ചിതീവിധം:
"ഇത്രിലോകങ്ങളിലുള്ളതിലേറ്റവും
ചിത്തം കവരുന്ന ലാവണ്യലക്ഷ്മിയെ,
ശങ്കിച്ചിടേണ്ട, വരികെന്നൊടൊന്നിച്ചു
നിൻ കാന്തയായ് നിനക്കേകിടാമിന്നു ഞാൻ!"
ഇമ്മട്ടിലദ്ദേവിയോതീ; ഭയത്തിനാ—
ലെന്മിഴി രണ്ടുമിറുക്കിയടച്ചു ഞാൻ.
പിന്നെ ഞാൻ കണ്ണുതുറക്കവേ, കണ്ടിതെൻ
മുന്നിൽ, കരമുയർത്തുന്നതായ് മൽപ്രിയൻ.
കണ്ടേനടങ്ങാത്ത കോപമാർന്നക്ഷണം
തണ്ടാരിൽമാതും സരസ്വതീദേവിയും
അപ്പൊന്മുകിൽത്തേരിലേറി മായുന്നതും
മൽപ്പാർശ്വദേശം വിജനമാകുന്നതും!
ചന്ദനത്തൈമരച്ചാർത്തിനിടയിലായ്
നിന്നിടുന്നൂ തനിച്ചാകുലസ്തബ്ധ ഞാൻ!
ആ നിമേഷം തൊട്ടിതുവരെ, ക്കഷ്ട,മി—
ക്കാനനഭൂവിൽ കഴിവു ഞാനേകയായ്.
അയ്യോ, മരിക്കുംവരെയ്ക്കു, മെനിക്കിദം
വയ്യവയ്യെന്നും തനിയേ കഴിയണം!


എങ്കിലും, ഗംഗേ, മരിപ്പതിൻമുൻപിലെൻ
സങ്കടമ്മൊന്നിതു കേൾക്ക നീയംബികേ!
അത്യന്തസുന്ദരി—ഹാ കഷ്ട, മെന്തിനാ—
ണാത്യന്തസുന്ദരിയാകും പ്രണയിനി?
സുന്ദരിയല്ലി ഞാൻ?—ആയിരം പ്രാവശ്യ—
മെന്നൊ, ടാണെന്നോതിയിട്ടുണ്ടു മൽപ്രിയൻ
ചാരുതയില്ലായ്കയില്ലെന്നി, ലെന്നല്ല
ചാരിത്രശക്തിയുമുള്ളവളാണു ഞാൻ.
നിൽക്കുന്നു, ശാർദ്ദൂലസിംഹാദിയാം ഘോര—
ദുഷ്ടമൃഗങ്ങ,ളെന്മുന്നിൽ, പ്രശാന്തരായ്.
വാലാട്ടിനിൽക്കുന്നു പുള്ളിപ്പുലിക,ളെൻ
താലോലമേറ്റുകൊ,ണ്ടീ വനവീഥിയിൽ!
ദുഷ്ടജന്തുക്കൾക്കുപോലു, മെന്നോടുള്ളി—
ലിഷ്ടമു,ണ്ടത്ര ദയാവതിയാണു ഞാൻ.
എന്നിട്ടു, മയ്യോ, കനിവെഴാതെന്തുകൊ—
ണ്ടെന്നെയിക്കാട്ടിൽ വെടിഞ്ഞൂ മദ്വല്ലഭൻ?
ആ രതീദേവി, യെൻ ജീവേശനേകുമാ
നാരി വിശ്വൈകവിലാസിനിതന്നെയോ?
എന്നെ നിശ്ശേഷം മറന്നുവോ?—ഹാ, കഷ്ട—
മെങ്ങു നീ, യെങ്ങു നീ, ജീവസർവ്വസ്വമേ!

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/50&oldid=174584" എന്ന താളിൽനിന്ന് ശേഖരിച്ചത്