താൾ:സുധാംഗദ.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നീ മണ്ണടിയിലും, മായാതെ നിന്നിടും
നീ മന്നിൽ നേടും വിശിഷ്ട വിഖ്യാതികൾ!
കാലത്തിനാകില്ല നിന്നെ മറയ്ക്കുവാൻ
ലോകത്തിനാകില്ല നിന്നെ മറക്കുവാൻ!"


ഏവം കഥിച്ചു പിൻവാങ്ങിനാൾ, ഭാരതീ—
ദേവി—ചിന്താവിഷ്ടനായി മൽക്കാന്തനും.
"മൽപ്രാണനാഥാ, കൊടുക്കൂ സരസ്വതി—
ക്കപ്പൊൻകനി"—ഞാൻ പുറകിൽനിന്നോതിനാൾ.
കേട്ടാതില്ലെന്മൊഴി; യല്ലെങ്കിലന്നതു
കേട്ടതായിട്ടു നടിച്ചില്ല മൽപ്രിയൻ!
ദുർഭഗ ഞാനെന്തു ചെയ്യട്ടെ, ദൈവവും
നിർദ്ദയമയ്യോ വെടിഞ്ഞവളാണു ഞാൻ!


അംബികേ, ഗംഗേ, നമസ്തേ, നമോസ്തു തേ
ത്ര്യംബകലാളിതേ, കേൾക്ക നീ ശർമ്മദേ!
എന്മനസ്പന്ദനം നിന്നുപോം മുൻപു, നി—
ന്നെന്മൊഴിക്കൊന്നു നിൻ കർണ്ണമേകംബികേ!
കല്ലോലമാലയിൽ വെൺനുരമാതിരി
വല്ലീമതല്ലിയിൽ മഞ്ജരിമാതിരി;
നാണം കുണുങ്ങിയെൻ നാഥന്റെ മുന്നിലാ
നാളീകനാളീകനായികയെത്തിനാൾ.
അറ്റത്തു വാടാമലർവെച്ചു വെണമുല്ല—
മൊട്ടുക്കൾകൊണ്ടു തൊടുത്ത പൂച്ചെണ്ടുപോൽ
മിന്നിയദ്ദേവിതൻ ഹസ്താഗ്രഭാഗത്തു
സന്നസൗന്ദര്യം വഴിഞ്ഞ വിരലുകൾ!
നെറ്റിത്തടത്തിലും ചെമ്പനീർപൂങ്കവിൾ—
ത്തട്ടിലും പാറീ കുറുനിരച്ചാർത്തുകൾ!
നീലോല്‌പലക്കണ്മുനകൾ, വിദ്യുല്ലതാ—
പാളികൾ പാകി പരിസരപ്പച്ചയിൽ!
അക്കുള്ളിർപ്പൊന്നുടൽത്തൈവല്ലിയെപ്പൊതി—
ഞ്ഞുജ്ജ്വലിക്കും നീലനീരാളസാരിയിൽ;
കാളിന്ദിയിൽപ്പോലിളകിയിടയ്ക്കിടെ—
ച്ചേലഞ്ചിടും ചില വീചികാരേഖകൾ!
പട്ടുപുതപ്പിച്ച മിന്നൽക്കൊടിയെന്ന—
മട്ടുല്ലസിച്ചിതാ മംഗളരൂപിണി!


മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!
കുന്ദമുകുളം വിടരുന്നപോലൊരു
മന്ദസ്മിതാങ്കുരമർപ്പിച്ചന്തരം,

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/49&oldid=174582" എന്ന താളിൽനിന്ന് ശേഖരിച്ചത്