മൽപ്രിയഗംഗേ, മരിപ്പതിന്മുൻപു ഞാൻ
മദ്വചനങ്ങൾ നീ കേൾക്കുകൊന്നംബികേ!
ചൊല്ലിനാൾ പിന്നെയും വാണി: "സമ്മാനങ്ങ
ളല്ലേകുവാൻ പോവതിന്നു നിനക്കു ഞാൻ
സമ്മാനദാനത്തിനാകില്ലിതിൽപരം
സമ്മോഹിനിയാക്കിയെന്നെ മാറ്റീടുവാൻ!
ഞാനീ നിലയിലെമ്മട്ടു തോന്നുന്നവ—
ളാ,ണതുപോൽ നീ ഗണിക്കിൽ മാത്രം മതി,
എന്നാകിലേ, നിനക്കത്യന്തസൗന്ദര്യ—
മെന്നിലാണെന്നിന്നു കാണാൻ കഴിഞ്ഞിടൂ.
എന്നിരുന്നീടിലും, സമ്മാനലാഭത്തിൽ
മിന്നിവിടരും മിഴികൾക്കുമാത്രമേ,
ദേവതമാരായ ഞങ്ങൾതന്നാകാര—
ലാവണ്യനിർണ്ണയശക്തിയുള്ളെങ്കിലോ;
ഞാനും നിനക്കു വരം തരാം, ലേശവും
ഗ്ലാനിയതോർത്തു നിന്നുള്ളിലുണ്ടാകൊലാ!
നിന്നെ ഞാൻ ഗാഢമായ് സ്നേഹിച്ചിടാം, നിന്നൊ—
ടെന്നുമൊട്ടിപ്പിടിച്ചൊന്നിച്ചിരുന്നിടാം.
അഭ്യാസമൂലം സഹനശീലം നിന്നി—
ലത്രയ്ക്കധികം ബലിഷ്ഠമാകുംവരെ;—
പാരിലനുഭവകോടികളെ സ്വയം
നേരിട്ടെതിരിട്ടറിഞ്ഞറിഞ്ഞങ്ങനെ,
കെല്‌പു വായ്ക്കുംമട്ടിൽ നിന്നാത്മനിർണ്ണയ—
ശക്തിക്കുപൂർണ്ണവളർച്ചകിട്ടുംവരെ;—
നിന്നെ നയിക്കുന്ന നിർമ്മലനീതിയായ്
നിന്നു, നിൻ ജീവിതം സംസ്കരിച്ചീടുവാൻ;—
ഉത്തമസ്വാതന്ത്യപൂർണ്ണതപൂശിനി—
ന്നുജ്ജ്വലജീവിതം മാതൃകയാക്കുവാൻ;—
ഓരോതരത്തിൽ നടുക്കങ്ങൾ, കർമ്മങ്ങൾ
ഘോരവിപത്തുക,ളിത്തടസ്സങ്ങളാൽ,
ദുർഗ്ഗമായിത്തീർന്നിടുന്നതാം ജീവിത—
ദുർഗ്ഗസരണിയിൽക്കൂടി നിരാകുലം,
വെന്നിക്കൊടിയും പറപ്പിച്ചുകൊണ്ടു നീ
മുന്നോട്ടു മുന്നോട്ടു പോകുമാറങ്ങനെ
നിന്മനസ്പന്ദനം തോറും കലർത്തിടാം
നിർമ്മായമെൻ സർവ്വശക്തിയുമിന്നു ഞാൻ!
എന്നിൽനിന്നുണ്ടാം പ്രചോദനമുൾക്കൊണ്ടു
മന്നിതിൽ ദേവനായ് മാറും ക്ഷണത്തിൽ നീ!
ചോരയിലെന്റെ ചൈതന്യമുൾക്കൊണ്ടു നി—
ന്നോരോ സിരയും തുടുക്കും തെരുതെരെ!
താൾ:സുധാംഗദ.djvu/48
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
