താൾ:സുധാംഗദ.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ഒരു സമ്പ്രദായമല്ലെന്ന് ഈ മുഖവുരയുടെ ഇതുവരെയുള്ള ഭാഗം വായിച്ചാൽ, ഒരാൾക്കു നിഷ്പ്രയാസം ഗ്രഹിക്കുവാൻ കഴിയും. പദാനുപദതർജ്ജമിയ്ക്കൊരുമ്പെട്ടാൽ ഇപ്പോൾ ഈ കൃതിക്കു കാണുന്ന സാരള്യത്തിനു വലിയ ഉടവുതട്ടിയേക്കുമെന്ന ഭയം കൊണ്ടാണ് ഞാൻ ഇങ്ങനെ മാറ്റംവരുത്തിയത്. ടെന്നിസൺതന്നെ യവനമഹാകവിയായ ഹോമറിന്റെ 'ഇലിയഡ്' (Iliad) എന്ന ഇതിഹാസ മഹാഗ്രന്ഥത്തിൽനിന്നും ഇതിവൃത്തം മാത്രം സ്വീകരിച്ച്, സ്വമനോധർമ്മംകൊണ്ട് ചായം പിടിപ്പിച്ച് അഭിനവമായ ഒരാകർഷകത്വത്തോടുകൂടി പ്രസ്തുതകൃതിയെ ആഗലേയസാഹിത്യലോകത്തിൽ അവതരിപ്പിച്ചിട്ടുള്ളതെന്നോർക്കുമ്പോൾ, അത്രത്തോളം സ്വാതന്ത്ര്യമെടുക്കാഞ്ഞ എന്നെ അധികമാരും കുറ്റപ്പെടുത്തുമെന്നു തോന്നുന്നില്ല.

സാധാരണായായി കഥാഗാത്രത്തെ മാത്രം മൂലഗ്രന്ഥത്തിൽനിന്നും സ്വീകരിച്ച് സ്വതന്ത്രമായ ഒരു പദ്ധതിയിൽക്കൂടി കാവ്യനിർമ്മാണം ചെയ്യുന്ന പതിവുവിട്ട്, കഥാഗാത്രത്തിനോ, അതിന്റെ സൗകുമാര്യത്തിനാധാരമായ ഇരതഘടകങ്ങൾക്കോ, ചമൽക്കാരത്തിനോ, അല്‌പമെങ്കിലും, പരുക്കുതട്ടാതെ, മൂലഗ്രന്ഥത്തിൽ കാണപ്പെടുന്ന കഥാപാത്രങ്ങൾക്കും അന്തരീക്ഷത്തിനും പ്രതിരൂപമായും ഔചിത്യത്തിനു ഭംഗം വരാത്തവിധത്തിലും അവയെ സ്വയം സൃഷ്ടിച്ചും കാവ്യനിർമ്മിതി സാധിക്കുകയാണ് ഞാൻ ഇവിടെ ചെയ്തിട്ടുള്ളത്. മൂലകൃതിയിലുള്ള ഒരൊറ്റ ആശയവീചിയെങ്കിലും ഞാൻ വിട്ടുകളഞ്ഞിട്ടില്ലെന്നു മാത്രമല്ല, അവതന്നെ കേരളീയരുടെ അഭിരുചിക്കനുയോജ്യമായവിധത്തിൽ അവയെ എന്റെ സ്വന്തം കൽപനാശക്തികൊണ്ട് നിറംപിടിപ്പിക്കുകകൂടി ചെയ്തിട്ടുണ്ട്. മൂലകൃതിയിൽ ആദ്യന്തം തുളുമ്പിക്കാണുന്ന ശോകാന്തകമായ വികാരസാന്ദ്രതയ്ക്കു യാതൊരു ശൈഥില്യവും സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. മൂലഗ്രന്ഥവുമായി ഒത്തുനോക്കി ഒരു താരതമ്യപഠനത്തിനൊരുമ്പെടുന്ന നിഷ്പക്ഷബുദ്ധിയായ ഒരു സഹൃദയൻ, തീർച്ചയായും എന്റെ സ്വാതന്ത്യം കൂടുതൽ ഗുണപ്രദമായിട്ടുണ്ടെന്നു സമ്മതിക്കുകതന്നെ ചെയ്യും. സുധാംഗദയിൽ, കഥാപാത്രങ്ങൾക്കും അന്തരീക്ഷത്തിനും വരുത്തിയിട്ടുള്ള മാറ്റത്തിന്റെ മാറ്ററിയുവാൻ മൂലഗ്രന്ഥത്തിലെ കഥ മനസ്സിലാക്കുന്നതു നന്നായിരിക്കാം. അതു ചുവടെ ചേർത്തു കൊള്ളുന്നു.

ഈനോണും പാരീസും

'സെബ്രെൻ' എന്ന ജലദേവന്റെ (river-god) പുത്രിയും 'ഹെല്ല'നെ കവർന്നുകൊണ്ടുപോകുന്നതിനുമുൻപ് 'പാരീസി'ന്റെ പത്നിയുമായിരുന്നു 'ഈനോൺ'. ട്രോജൻ യുദ്ധകാലത്തു ട്രോയിയിലെ രാജാവ് 'പ്രയാം' എന്നൊരാളായിരുന്നു. അദ്ദേഹത്തിന് 'ഹെക്യുബാ' എന്ന രാജ്ഞിയിലുണ്ടായ രണ്ടാമത്തെ പുത്രനാണ് പാരീസ്. പാരീസിന്റെ ജനനത്തിനുമുൻപ്, താൻ ഒരു തീക്കൊള്ളിയെ പ്രസവിച്ചതായും

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/28&oldid=174559" എന്ന താളിൽനിന്ന് ശേഖരിച്ചത്