താൾ:സുധാംഗദ.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഇനി അതിൽ ഒരു പവിഴത്തുണ്ടിനുപോലും പഴുതില്ലെന്നും പറയുന്നതു പരമാബദ്ധമാണെന്നേയുള്ളു. സംസ്കൃതസാഹിത്യത്തെ മാത്രം ആധാരമാക്കി വാദിക്കുന്ന അക്കൂട്ടരോടു ഞാൻ ചോദിക്കുന്നു, ഗദ്യപ്രബന്ധം, ഗദ്യനാടകം, ചെറുകഥ, ആഖ്യായിക, പര്യടനവിവരണം, കത്തുകൾ, മാനസികാപഗ്രഥനം തുടങ്ങിയവയ്ക്ക്, അവർ എവിടെപ്പോകുമെന്ന്. അപ്പോൾ നമുക്കു വളർച്ച വേണമെങ്കിൽ, ഇതരസാഹിത്യങ്ങളേയും ആശ്രയിച്ചേ ഒക്കു എന്നുള്ളതു തീർച്ചയാണ്. കലാശാലയിലെ ഉയർന്ന ക്ലാസ്സുകളിൽ സംസ്കൃതസാഹിത്യംപോലും പഠിപ്പിക്കുന്നത് ആംഗലഭാഷയുടെ സഹായത്തോടുകൂടിയാണെന്ന് എന്നെപ്പോലുള്ള അനുഭവസ്ഥന്മാർ പറയുമ്പോൾ ആംഗലഭാഷയും ആംഗലസാഹിത്യവും ഇനി നമുക്ക് ഒഴിച്ചുനിർത്തുവാൻ സാദ്ധ്യമല്ലെന്ന് എന്തുകൊണ്ട് നിങ്ങൾക്കു സമ്മതിച്ചുകൂടാ?

മലയാളസാഹിത്യത്തിന്റെ ഇനിയത്തെ വളർച്ച

മലയാളസാഹിത്യത്തിന്റെ ഇനിയത്തെ വളർച്ച മുഴുവൻ യൂറോപ്യൻ സാഹിത്യത്തെ മാത്രം ആധാരമാക്കിയായിരിക്കും എന്നു ദീർഘദർശനം ചെയ്യുന്നത് ഒരിക്കലും അസ്ഥാനത്തല്ല. ഹിന്ദി, ബംഗാളി തുടങ്ങിയ ഇതര ഭാരതീയസാഹിത്യങ്ങൾക്കും മലയാളസാഹിത്യപോഷണത്തിൽ തുച്ഛമായ ഒരു പങ്കുണ്ടായിരിക്കുമെന്നുള്ളതു തീർച്ചയാണ്. സംസ്കൃതസാഹിത്യത്തിന്റെ പിടിയിൽനിന്നും മലയാളം ഇന്നിപ്പോൾ നിശ്ശേഷം വിട്ടുകഴിഞ്ഞു എന്നുപറയാം. ആംഗലസാഹിത്യത്തെ അത് ആശ്ലേഷം ചെയ്യാൻ തുടങ്ങി. ആ ബന്ധം കാലക്രമത്തിൽ അധികമധികം ദൃഢീഭവിച്ചു വരികയേയുള്ളു എന്നതിൽ സംശയമില്ല. അതിനാൽ ആംഗലസാഹിത്യത്തെ മാത്രം ആധാരമാക്കാതെ യൂറോപ്യൻ സാഹിത്യങ്ങളെ ആകമാനം ലക്ഷ്യമാക്കിക്കൊണ്ടുവേണം ഇനിയത്തെ സാഹിത്യകാരന്മാരുടെ സംരംഭമെന്നും, പത്രങ്ങളും മാസികകളും ഇക്കാര്യത്തിൽ പ്രത്യേകം ഔത്സുക്യം പ്രദർശിപ്പിച്ചെങ്കിൽ മാത്രമേ അതു പരിപൂർണ്ണവിജയത്തിൽ എത്തിച്ചേരുകയുള്ളുവെന്നും പ്രത്യേകം സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇന്നുള്ള പത്രമാസികകളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പുമാത്രമേ അതി അല്പമായിട്ടെങ്കിലും അഭിരുചി പ്രദർശിപ്പിക്കുന്നുള്ളു. ഇത്രയും പൊതുവേ പ്രസ്താവിച്ചുകൊണ്ട് ഇനി ഞാൻ ഈ മുഖവുരയ്ക്ക് ആധാരമായ ഗ്രന്ഥത്തിലേക്ക് പ്രവേശിച്ചുകൊള്ളുന്നു.

സുധാംഗദ

ഈ ഖണ്ഡകാവ്യം ടെന്നിസൺന്റെ 'Oenone' എന്ന കൃതിയെ ആധാരമാക്കി രചിച്ചിട്ടുള്ള ഒന്നാണെന്നു ഞാൻ ആരംഭത്തിൽ തന്നെ സൂചിപ്പിച്ചു കഴിഞ്ഞു. അന്തരീക്ഷത്തിനും കഥാപാത്രങ്ങൾക്കും ഭാരതീയത്വം കല്പിച്ചുകൊണ്ടാണ് ഞാനിതു രചിച്ചിട്ടുള്ളത്. ഇത് എനിക്കിഷ്ടമുള്ള

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/27&oldid=174558" എന്ന താളിൽനിന്ന് ശേഖരിച്ചത്