താൾ:സഞ്‌ജയന്റെ കവിതകൾ.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
III


ദിനകരകരം തലോടുമ്പോളിതാ
മനോഹരപത്മമുണർന്നു നോക്കുന്നു;
മധു നിറഞ്ഞുള്ള സൂമം ശലഭത്തിൻ
മധുരാശ്ലേഷത്തെയനുഭവിയ്ക്കുന്നു!
അനഘകാന്തിയോടമരുന്ന പൂക്കൾ-
ക്കനിലസമ്പർക്കം സുഖത്തെ നല്കുന്നു;
മണൽത്തിട്ടുകളും സരിത്തിനെച്ചുംബി-
ച്ചണിയുന്നു മാറിൽജ്ജലകണങ്ങളെ;
വളർന്ന രാഗമോടണഞ്ഞു കാന്തനിൽ-
കളഭം പൂശുന്ന കമനിയെപ്പോലേ
പ്രഭാതഹസ്തവും കിഴക്കുദിക്കിനെ
പ്രഭാവിശേഷത്താലലംകരിയ്ക്കുന്നു.

മതിമുഖി! നിന്റെ സൂശീതലസ്പർശം
കൊതിച്ചു മാനസമുരുകിടുന്നു മേഃ
മതിയിലേതുമൊരലിവു തോന്നായ്കിൽ
ഗതിയെന്തെന്തുവാനെനിക്കു മൽപ്രിയേ!