താൾ:സഞ്‌ജയന്റെ കവിതകൾ.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പ്രഭാതഗീത
(അന്നനട)

I

വിരിയുന്നുമുല്ല. വിരിയുന്നു പത്മം,
വിരിയുന്നിതന്യകുസുമജാലവും;
തെളിയുന്ന മേഘനിരകളിലെങ്ങും
കളിയാടീടുന്നു കളമൃദുഹാസം!

ഉയർന്നശൈലവുമഗാധമായുള്ള
കയവുമൊന്നുപോൽ തെളിഞ്ഞിതാ കാണ്മൂ!
പളുങ്കുമാലകളണിഞ്ഞു പാഞ്ഞിടും
കളങ്കഹീനരാം സരിൽക്കിടാങ്ങളും.
മലകൾ പോലലയിടഞ്ഞു. തങ്ങളി-
ലലറുമാഴിയു, മുണരുമുഴിയും
നിറഞ്ഞ പുഞ്ചിരിവഴിഞ്ഞു തൂകുന്നു,
മറഞ്ഞിടുന്നിതാ മഹാന്ധകാരവും!

ഉദയവേളയിൽ പ്രിയതമേ! നിന്റെ
വദനബിംബമെന്തിരുണ്ടു കാണ്മൂ ഞാൻ?
സദയമോമനേ! തവ സ്മിതത്തിനാൽ
ഹൃദയപങ്കജം വികസിതമാക്കൂ!

II

കളഗീതമോതുന്നിതാ കുയിലുകൾ,
കളകളാരവം പൊഴിക്കുന്നു കിളി;
വിരിഞ്ഞസൂനങ്ങൾ തിരഞ്ഞു തേനിനായ്
വിരിഞ്ഞു വണ്ടകൾ മുരണ്ടുമണ്ടുന്നു.
ജലധിയെ മരുൽക്കരം തൊടുമ്പോഴു-
ള്ളലകൾനാദവുമിടയ്ക്കു കേൾപ്പൂ ഞാൻ;
പ്രപഞ്ചകാമിനി കരങ്ങളാൽ പ്രേമ-
വിപഞ്ചിതൻ തന്ത്രി മുറയ്ക്കു മീട്ടുന്നു!

പ്രിയതമേ! ചെറ്റുമുരിയാടാതിത്ഥം
നിയതെമെന്തുവാനിരുന്നിടുന്നു നീ?
കദനമാറ്റുന്ന തവ ഗീതമെന്റെ
ഹൃദയഭിത്തിയിൽ പ്രതിധ്വനിക്കട്ടെ!