Jump to content

താൾ:സഞ്‌ജയന്റെ കവിതകൾ.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശൈശവം
(ഗാഥ)

തൂമണം കാറ്റിൽപ്പരത്തിനിന്നീടുന്നോ-
രോമനച്ചമ്പകസൂനമേ, നീ
അർദ്ധവികസിതമുഗ്ദ്ധാനനത്തിനാൽ
നിർദ്ധനയാക്കുന്നു പദ്മിനിയെ!

വാർമധുരോക്തി ചൊരിയാത്തതെന്തു, നിൻ
താർമധു തുകുന്ന വക്ത്രബിംബം?
ആനന്ദവീണയിൽ പ്രേമക്കൈ മീട്ടും നിൻ
ഗാനമീ ഞങ്ങൾക്കു കേൾക്കരുതോ?

ധാടി കലർന്നുള്ള നിന്നുടെ മാതാവിൻ
ചേടികളെന്നപോൽ നാലുപാടും,
മോടിയിൽ പത്രികരങ്ങളാൽ വല്ലികൾ
മാടി വിളിക്കുന്നതല്ലീ നിന്നെ

കോമളസൂനമേ! സൂനമായെന്നും നീ-
യീ മന്നിൽജ്ജീവിച്ചിടാത്തതെന്തേ?

(ഭാഷാപോഷിണി, പുസ്തകം 27 ലക്കം I, 1098 ചിങ്ങം (1922 ആഗസ്റ്റ്)