<poem>
കള്ളിന്റെ തുള്ളൽ
മദ്യനിരോധം! മദ്യവിരോധം! സദ്യസ്സമ്മതമെല്ലാവർക്കും! ചോദ്യം നഹി നഹി! ശരി,യെന്നാലീ വിദ്യകളൊന്നും നമ്മോടു കൂടാ!
കാടു കയറ്റി വിടാതീ നമ്മെ നാടു ഭരിയ്ക്കുകയില്ലവർ പോലും! കാടും പടലും ചൊല്ലി നടപ്പവ- രോടു വിശേഷിച്ചെന്തുരചെയ്-വാൻ! സർവാവ്യാപിയെ നാടുകടത്താ- നുർവിയിലാർക്കാനെളുതായ് വരുമോ? അന്തം വിട്ടവനെന്തും ചെയ്യാം, കുന്തം ഫലമെന്നുണ്ടൊരു ഞായം!
വാഗ്ഭടനാകിയ വൈദ്യാചാര്യൻ- വാഗ്വൈഭവമെഴുമതുല സുധീന്ദ്രൻ- കള്ളിനെ വാഴ്ത്തി ചൊല്ലിയതെല്ലാം ഭള്ളന്മാരിവരെന്തറിയുന്നു?
വൈദ്യൻ ചാർത്തു കൊടുക്കുകിലൊരു വഴി മദ്യത്തിന്നവരരുളും പോലും! ശരി,ശരി, നല്ലത്! മേലാലത്തെ- ച്ചരിതം നമ്മൾക്കൂഹ്യവുമല്ലേ മദ്യപരോക്കെയുമിനിമേൽ നമ്മുടെ വൈദ്യന്മാരെത്തേടി നടക്കും!
അല്പമൊ'രാസവ'മില്ലാതവരുടെ 'രാപ്പനി' മാറുകയില്ലിനിമേലിൽ! താശ്ശമ്മാമനു നിത്യാജീർണ്ണം വാശ്ശതുമൊന്നു പിടിച്ചേ പോകൂ; ദ്രാക്ഷാസവമൊരു കുപ്പിയടിച്ചേ കാൽക്ഷണമെങ്കിലുമായത് നിൽക്കൂ!
ആയതിനെന്തൊരുപായം കാണും കാര്യക്കാരിവരെന്നറിയേണം!
(സഞ്ജയൻ വാല്യം2, ലക്കം 10, 1937 സെപ്തംബർ 16 പുറം297 )
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mjayas എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |