താൾ:സഞ്‌ജയന്റെ കവിതകൾ.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാസ്യാഞ്ജലി 10

ചിരിക്കുവിനൊരിക്കലെൻസഹജരേ! സഖാക്കളേ!
ചിരിയാൽത്താൻ മനുഷ്യന്നു മൃഗേതരത്വം!
സാഹിത്യത്തെപ്പോലും ചളിക്കുണ്ടിലാഴ്തിക്കിടത്തുവാൻ
മോഹിച്ചീടും ജീവത്സാഹിത്യാചാര്യന്മാരേ!
പരസ്പരസ്പർദ്ധയിലാണുലകത്തീന്നവശതാ-
പരിഹാരമെന്നു കണ്ഠക്ഷോഭം ചെയ്വോ‌‌‌‌‌‌രേ!
വിദ്വേഷക്കാറ്റൂതിയൂതി വിപ്ലവത്തീ ജ്വലിപ്പിക്കാ-
നുദ്യോഗിക്കുമീർച്ചപ്പൊടിത്തലച്ചോറരേ!
പട്ടിണിതൻ പൊറുതിക്കായ് നിണക്കൊടി പറപ്പിച്ചു
പട്ടണപ്രദക്ഷിണത്തിനൊരുങ്ങുവോരേ?
സോദരരേ! (മഹാകവി പറഞ്ഞപോൽ) പതിക്കൊല്ലേ.
'സോദരംഭരികളയിത്തിര്യഗ്വരഗ്ഗത്തിൽ'
ചിരിക്കുവിനൊരിക്കലെൻ സഹജരേ! സഖാക്കളേ!
ചിരിയാൽത്താൻ മനുഷ്യന്നു മൃഗേതരത്വം!
(ഹാസ്യാഞ്ജലി പുറം 48, സഞ്ജയൻ പുസ്തകം 2, ലക്കം 11, 1937 ഒക്ടോബർ 4, പുറം 321)