താൾ:ശ്രീമൂലരാജവിജയം.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ന്നെ നടത്തപ്പെട്ടുവന്നു. ഇപ്പോൾ ഇതിനായി നിയമനിൎമ്മാണസഭ ഏൎപ്പെടുത്തപ്പെട്ടിട്ടുണ്ടു, ഇതുകൊണ്ടു ഓരോ നിയമത്തിന്റെയും ഗുണദോഷങ്ങളെ പരസ്യമായി ഗുണദോഷ വിചിന്തനം ചെയ്യുന്നതിനും വേണ്ടപോലെ പൎയ്യാലോചിക്കുന്നതിനും ഉള്ള അവസരം ലഭിച്ചിട്ടുണ്ടു. ഒരു ഏൎപ്പാടിനെ സഭയിൽനിന്നും നിയമമാക്കി അനുവദിക്കുംമുമ്പു ആദ്യമായി അതിന്റെ നക്കലിനെ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും പ്രസിദ്ധപ്പെടുത്തിയതിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായത്തെ ക്ഷണിച്ചുവരുത്തുന്നതിനുള്ള ഏൎപ്പാടുചെയ്കയും പതിവാണ്. ഈ സഭ ഏൎപ്പെടുത്തീട്ടുള്ളതു ൧൮൯൨‍ാം വൎഷത്തിലെ ഇൻഡ്യൻ കൌൺസിൽസ് ആക്‌ടിന്റെ രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ൧൦൭൩‍ാമാണ്ടത്തെ ൫‍ാം റിഗുലേഷൻ അനുസരിച്ചാണു. സഭ ഒരു പ്രസിഡന്‌റും ൮ൽ കുറയാതെയും ൧൫ൽ കവിയാതെയും സാമാജികന്മാരും ചേൎന്നിട്ടുള്ളതായിരിക്കുന്നു. ൟ സാമാജികന്മാരിൽ ൨/൫ൽകുറയാതെ എണ്ണം സൎക്കാർ ജീവനക്കാരല്ലാത്തവരായിരിക്കണമെന്നും ഏൎപ്പാടുണ്ടു. സൎക്കാർ ജീവനക്കാരല്ലാത്തവരെ സാമാജികന്മാരായി നിയമിക്കുന്നതിൽ ജനങ്ങൾ തന്നെ അവരിടെ പ്രതിനിധികളെ തിരിഞ്ഞു എടുക്കുന്നതിനു ഏൎപ്പാടുചെയ്യാ൯വേണ്ട സൌകൎയ്യങ്ങൾ ൟ സംസ്ഥാനത്തിൽ ഉണ്ടാകുമ്പോൾ അങ്ങിനെ ചെയ്യാമെന്നു ൟ റിഗുലേഷനിൽ വ്യവസ്തചെയ്തിട്ടുണ്ടു.

ഒരു ബില്ലിനെ സഭയിൽ പ്രയോഗിച്ചു ഗുണദോഷവിവേചനംചെയ്തു അനുവദിക്കുന്നതുവരെ ഉണ്ടാകുന്ന താമസംകൂടി പാടില്ലാതെ ഉടൻതന്നെ അടിയന്ത്ര സംഗതികൾക്കു ഒരു ഏൎപ്പാടു നിശ്ചയിക്കേണ്ടിയിരുന്നാൽ ദിവാൻ അതിലേക്ക് ഒരു റിഗുലേഷൻ തയാറാക്കി മഹാരാജാവിന്റെ അനുമതിക്കായി അയക്കുനതിനു അധികൃതനാക്കപ്പെട്ടിരിക്കുന്നു. എന്നാൽ ആ റിഗുലേഷൻ ആറുമാസകാലത്തെക്കുമാത്രമെ സാധുവായിരിക്കയുള്ളു. മറ്റെല്ലാ പ്രധാനസംഗതികളിലും എന്നപോലെ നിയമം ഉണ്ടാക്കുന്ന സംഗതിയിലും ബ്രിട്ടീഷ് റസിഡൻറുമായി ധാരാ-

"https://ml.wikisource.org/w/index.php?title=താൾ:ശ്രീമൂലരാജവിജയം.djvu/16&oldid=174421" എന്ന താളിൽനിന്ന് ശേഖരിച്ചത്