താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തമ്മിലുള്ള വ്യത്യാസങ്ങളെ റിപ്പോർട്ടർ വളരെ സൂക്ഷ്മമായി അറിഞ്ഞിരിക്കണം. ഇത്തരം ശബ്ദങ്ങൾ യഥാസ്ഥാനം കുറിച്ചിരിക്കേണ്ടതിന്റെ ആവശ്യം, ആ പ്രസംഗത്തെ സദസ്യർ എങ്ങനെയാണ് കൈക്കൊണ്ടതെന്ന് അറിയിപ്പാനായിട്ട് മാത്രമല്ല, പ്രസംഗത്തിന്റെ ചില ഘട്ടങ്ങൾ ഇവയെക്കൂടാതെ അർത്ഥമാക്കാൻ സാധിക്കയില്ല; പ്രസംഗകർത്താവിന്റെ വാക്കുകൾ തന്റെ അഭിപ്രായത്തെയും വഹിച്ചുകൊണ്ട് ധടധടാ ഒഴുകിവരുമ്പോൾ, സദസ്യരുടെ ഇടയിൽനിന്നുണ്ടാകുന്ന ശബ്ദങ്ങൾകൊണ്ട്, ആ വാക്പ്രവാഹത്തിന്റെ മേലാലത്തെ ഗതിക്ക് മാറ്റമുണ്ടായേക്കാം. ഈ ഗതിഭേദം എന്തുകൊണ്ടുണ്ടായി എന്നു ഗ്രഹിപ്പാൻ, പത്രവായനക്കാരന്, മേപ്പടി വ്യാക്ഷേപകശബ്ദങ്ങളുടെ സഹായംകൂടാതെ സാധിക്കയില്ല.

സഭായോഗങ്ങൾ ദിവസന്തോറും ഉണ്ടായിരിക്കയും അവ പല പല കാര്യങ്ങളെ സംബന്ധിച്ചായിരിക്കയും, ചെയ്യുമ്പോഴാണ് പത്രക്കാരൻ ബുദ്ധിമുട്ടുന്നത്. അപ്പോഴപ്പോഴുള്ള യോഗനടപടികൾ അതതുകാലത്തുതന്നെ പത്രത്തിൽ പ്രസ്താവിക്കേണ്ടിയിരിക്കകൊണ്ട്, പ്രസംഗങ്ങൾ സംക്ഷേപിച്ചെഴുതാതെ കഴികയില്ല. ഇവിടെയാണ് റിപ്പോർട്ടരുടെ സാമർത്ഥ്യം അറിയേണ്ടത്. ഒരു യോഗത്തിലെ പ്രസംഗങ്ങൾ തന്നേയും ആറേഴു പംക്തി നിറയാനുണ്ടായിരുന്നാൽ, പിന്നെ മറ്റുള്ളവയ്ക്കൊക്കെ സ്ഥലമെവിടെ കിട്ടുവാൻപോകുന്നു? ഒരു രണ്ടു മണിക്കൂറു നേരത്തെ യോഗത്തിന് 'ഒന്നോ രണ്ടോ പംക്തിയിലധികം റിപ്പോർട്ട് നീളുവാൻ പാടില്ല. ഇതിലേക്ക്, പ്രസംഗങ്ങളെ, സംക്ഷേപിക്കേണ്ടതെങ്ങനെയാണ്? ഒരു പ്രസംഗം ഒരു പംക്തിക്കകത്തടങ്ങുമെങ്കിൽ, മുക്കാലോ, അരേഅരയ്ക്കാലോ പംക്തിവരുവാൻ തക്കവണ്ണം ചുരുക്കുന്നതിന് ഇടയ്ക്കിടയ്ക്കുനിന്ന് ചില വാക്കുകൾ തട്ടിക്കളയാം, ചില ഭാഗങ്ങൾ പുനരുക്തമായോ, പരിവാഹമായോ, വൃഥാ സ്ഥൂലമായോ ഇരിക്കുമ്പോൾ അതുകൾ തള്ളിക്കളയുന്നതുകൊണ്ട് ദൂഷ്യം ഉണ്ടാകയില്ല. എന്നാൽ, അതേ പ്രസംഗം ഒരു അർദ്ധപംക്തിയിലോ, അതിലും ചുരുങ്ങിയ സ്ഥലത്തിലോ അടക്കണമെന്നായാൽ, പ്രസംഗത്തിലെ സാരഭാഗങ്ങൾ തേടിപ്പിടിക്കയാണ് അവശ്യം ചെയ്യേണ്ടത്. ഒരു യോഗത്തിൽ അധ്യക്ഷനേയും പ്രധാന പ്രസംഗകർത്താവിനേയും