താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രമം തോന്നുകയില്ല. ഇവർ തങ്ങളുടെ പ്രസംഗവിഷയത്തെ സഭ്യജനങ്ങളുടെ ഉള്ളിൽ പതിപ്പിക്കാൻ തക്ക കൗശലം അറിഞ്ഞവരാകയാൽ, അതിലെ ഓരോ യുക്തിപദങ്ങളും ക്രമമായി തെളിഞ്ഞുവരും. ഉഷസ്സിൽ സൂര്യന്റെ വെളിച്ചം തെളിഞ്ഞുവരുമ്പോൾ താമരകൾ ഏതുപ്രകാരം മെല്ലെമെല്ലെ വിടർന്നു വരുമോ, അതിന്മണ്ണംതന്നെ ഈ പ്രവക്താക്കളുടെ ഉള്ളിൽ നിന്നു ഒരു വിഷയത്തെപ്പറ്റി യുക്തികൾ ക്രമേണ ഉയർന്നുവരുന്തോറും ശ്രോതാക്കളുടെ മനസ്സും വിടർന്നുകൊള്ളും. ഈ സ്ഥിതിക്ക് ഇത്തരം പ്രസംഗങ്ങളെ പിൻതുടർന്നെഴുതാൻ ക്ലേശംതോന്നുകയില്ല. എന്നാൽ മറ്റു ചില പ്രസംഗകർത്താക്കന്മാരുണ്ട്: ഇവർ പ്രസംഗങ്ങളെ മുൻകൂട്ടി എഴുതിപഠിച്ച്, സഭമുമ്പാകെ 'കാണാപ്പാഠം' പറയുന്നവരാണ്. ഇവരെ പിന്തുടരുവാൻ കുറെ വൈഷമ്യമുണ്ടു്. വീട്ടിലിരുന്ന് പലേഗ്രന്ഥങ്ങൾ നോക്കി മുറിശ്ലോകങ്ങളും കണക്കുകളും പഴമൊഴികളും മറ്റും പകർത്തെടുത്ത് പ്രസംഗത്തിനുള്ളിൽ കുത്തിത്തിരുകി "ഛർദ്ദിക്കുക"യായിരിക്കും ഇവർ ചെയ്യുന്നത്. റിപ്പോർട്ടർ ഇത്തരക്കാരുടെ കാര്യത്തിൽ കുറെ നല്ലവണ്ണം ശ്രദ്ധവെച്ചിരിക്കണം. ഇവർക്കു ഒരു വിഷയത്തെ പ്രതിപാദിപ്പാൻ ഏതു ഭാഗം തുടങ്ങി വേണം എന്നൊന്നും പരിചയമുണ്ടായിരിക്കയില്ല. അതു നിമിത്തം, ഒരു സംഗതി പ്രസ്താവിച്ചാൽ പിന്നെ അതിനെ പിൻതുടർന്നു വരുന്നതു ഏതായിരിക്കുമെന്നു ഏകദേശമെങ്കിലും മുൻകൂട്ടി ഊഹിപ്പാൻ ശ്രോതാക്കൾക്കു മാർഗ്ഗമേയില്ല. റിപ്പോർട്ടർ അതിനാൽ, എല്ലാ സംഗതികളേയും കുറിച്ചെടുക്കാൻ ഏറെ ക്ലേശിക്കും. വല്ല ഭാഗവും വിട്ടുപോകയോ, സംശയഗ്രസ്തമായി തോന്നുകയോ ചെയ്താൽ പ്രസംഗകർത്താവിനോടു യോഗാനന്തരം ചോദിച്ചു ശരിപ്പെടുത്തിക്കൊള്ളണം. ഇതിനിടയ്ക്ക് വല്ല കത്തോ, വേറെ രേഖയോ വായിച്ചിരുന്നാൽ അവയെ കുറിച്ചെടുപ്പാൻ കഴിഞ്ഞില്ലെങ്കിൽ, ചെറുതായൊരു സൂചനകൊടുത്തിരിക്കണം. പ്രസംഗങ്ങളിൽ ഉൾപ്പെടുത്തുന്ന കത്തുകൾ, നിശ്ചയങ്ങൾ, ശ്ലോകങ്ങൾ, മുതലായവ പ്രത്യേകം ഖണ്ഡികയായിച്ചേർക്കണം; പഴമൊഴികൾ, പദ്യങ്ങൾ മുതലായവ വിട്ടുകളഞ്ഞാൽ, ചിലപ്പോൾ പ്രസംഗങ്ങളുടെ താല്പര്യം പൂർത്തിയായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നു വന്നേക്കും. ഇത്തരം പദ്യങ്ങൾ, പഴമൊഴികൾ മുതലായവ റിപ്പോർട്ടർക്കു