കൾ കുറിക്കുക? വല്ല കെട്ടിടത്തിനുള്ളിലും ആയിരുന്നാൽ, ചിലപ്പോൾ, അധ്യക്ഷന്റെയും പ്രവക്താക്കളുടെയും സമീപത്തുതന്നെ റിപ്പോർട്ടർക്കു കസാലയും മേശയും കൊടുത്തിരുന്നിരിക്കും; ചിപ്പോൾ, മേശ ഉണ്ടായിരുന്നില്ലെന്നും വരാം; ആ സമയങ്ങളിൽ, കാൽമുട്ടിന്മേലോ, ഒറ്റക്കയ്യിന്മേലോ വെച്ചെഴുതാനേ മാർഗ്ഗമുണ്ടായിരിക്കൂ. വെളിപ്പുറങ്ങളിലോ, അധ്യക്ഷന്നുകൂടിയും കസാല ഉണ്ടായിരിക്കയില്ലാ; റിപ്പോർട്ടരുടെ കഥയോ, പിന്നെ, പറവാനില്ലല്ലോ? പ്രസംഗകർത്താക്കന്മാരുടെയും അധ്യക്ഷന്റെയും സമീപം ചുറ്റിപ്പറ്റിക്കൊള്ളാൻ കഴിയാത്ത റിപ്പോർട്ടർ, കടൽനടുവിൽ വീണതുപോലെ, കര കാണാതെ കുഴങ്ങിപ്പോവും. അവരുടെ അരികിൽ ചുറ്റിപ്പറ്റിയാൽ കൂടിയും യോഗനടപടികളെ പക്ഷേ, തന്റെ മുന്നിൽ നിൽക്കുന്നവന്റെ പുറം മേശയാക്കീ വെച്ചുങ്കൊണ്ട് കുറിച്ചെടുക്കുവാനേ സൗകര്യമുണ്ടായിരിക്കൂ. തിങ്ങിനില്ക്കുന്ന ആൾക്കൂട്ടത്തിൽ, ആ വിധത്തിലെങ്കിലും കുറിച്ചെടുപ്പാൻ റിപ്പോർട്ടർ കുറെയേറെ മിടുക്കുള്ളവനായിരിക്കണം.
ഏതു വിധത്തിലായാലും, ഒരു മഹായോഗത്തിന്റെയോ, ദർബാർ (കൂടിക്കാഴ്ച), തീൻവിരുന്ന് (ബാങ്ക്വെറ്റ്) എന്നിവയുടെയോ, വിവരങ്ങൾക്കു റിപ്പോർട്ടു തെയ്യാറാക്കുന്നതിൽ, ഒന്നാമതായി വേണ്ടത് അതിൽ പ്രമാണികളുടെ പേരുകൾ കുറിക്കുകയാണ്; പിന്നെ, യോഗനടപടികൾ എഴുതുകയാകുന്നു. പത്രത്തിൽ, ഇതിന്നായി എത്രപംക്തി അനുവദിച്ചിട്ടുണ്ടോ, അതിലടങ്ങി നിൽക്കത്തക്കവണ്ണം വേണം റിപ്പോർട്ട് എഴുതുവാൻ, യോഗം വളരെ മുഖ്യമായ കാര്യങ്ങളെ സംബന്ധിച്ചായിരുന്നാൽ, പത്രസ്ഥലം കുറെ അധികം വേണ്ടി വന്നേക്കും. ഇത്തരം യോഗറിപ്പോർട്ടുകളിൽ, പ്രസംഗങ്ങൾ കഴിയുന്നതും മുഴുവൻ കൊടുക്കേണ്ടിയിരിക്കും; ഇടയ്ക്കിടെ അപ്രധാനമായ വാക്യങ്ങളോ വാക്കുകളോ വിട്ടുകളയാം. ഒരു വിഷയത്തെപ്പറ്റി മുമ്പനായി നിൽക്കുന്ന പ്രവക്താവിന്റെ പ്രസംഗം മുഴുവൻ എടുത്താൽ പിന്നെ, ശേഷംപേരുടെ പ്രസംഗങ്ങളിൽ വിശേഷസംഗതികൾ ഉള്ളവ മാത്രം കുറിച്ചാൽ മതിയാകും, സാധാരണമായി കാര്യവിവരത്തോടും ഭാഷാനിപുണതയോടും വക്തൃത്വവിദ്യയിൽ സാമർത്ഥ്യത്തോടും കൂടി പ്രസംഗിക്കുന്നവരുടെ പ്രസംഗങ്ങൾ കുറിച്ചെടുപ്പാൻ