Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ടായിരിക്കയും ചെയ്യും. മുൻ‌വരികളിലെവാക്കുകൾ യാതൊന്നും നീക്കുവാനും നിവൃത്തികാണുകയില്ല. അപ്പോൾ "സ്പേസ്" (ഇട) എടുത്തുകളകയോ ചുരുക്കുകയോ ചെയ്തിട്ടോ, മുൻ വാക്കുകളിൽ നിന്നു അർത്ഥത്തിന്നു ഭേദം വരുത്താതെ ചില അക്ഷരങ്ങൾ തട്ടിക്കളഞ്ഞിട്ടോ കാര്യം സാധിക്കാം. ഇതിനെക്കാൾ വിഷമമാണ് ഒരു ലേഖനത്തിന്റെ ഇടയ്ക്കുള്ള ഖണ്ഡം, "കോളം" ആക്കുമ്പോൾ, പ്രമാദത്താൽ മറ്റൊരു ഭാഗത്തു അസ്ഥാനത്തിൽ എടുത്തുവെച്ചു മുറുക്കിയിരുന്നാൽ ഉണ്ടാകുന്ന ക്ലേശം. ഈ പ്രമാദം, 'മാറ്റർ' ഗാലിയിൽ തന്നെയിരിക്കുമ്പോൾ ഉണ്ടായതായിരുന്നാൽ ഗാലിയിൽ വെച്ചുതന്നെ ശരിപ്പെടുത്താം. എന്നാൽ അച്ചടിപ്പാനായി "ഫോറം" മുറുക്കി, അച്ചടിയന്ത്രത്തിൽ കയറ്റിയിട്ടിരിക്കുമ്പോഴാണ് കാണുന്നതെങ്കിൽ, എന്താണ് ചെയ്ക? ചില സംഗതികളിൽ, ഫോറം താഴത്തിറക്കേണ്ടി വന്നേക്കും. ചിലപ്പോൾ, ബുദ്ധികൗശലം ഉണ്ടെങ്കിൽ സമയോചിതംപോലെ ഉപായം തോന്നും. എന്റെ അനുഭവത്തിൽ പെട്ടിരുന്ന വിഷമഘട്ടങ്ങളിൽ ഒന്ന് താഴെ പറയും പ്രകാരം ചാടിക്കടന്നതായി ഞാൻ ഓർക്കുന്നുണ്ട്. രണ്ടേമുക്കാൽ "കോളങ്ങൾ" വരുന്ന ഒരു ലേഖനത്തിൽ, ഒന്നാം 'കോള'ത്തിന്റെ അവസാനഘട്ടത്തിൽ 4‌-ാം വകുപ്പിൽ ചേർന്നു നില്ക്കേണ്ടതായ ഉദ്ദേശം കാലേ അരയ്ക്കാൽ "കോളം" വക "മാറ്റർ", ഫോർമാന്റെ പ്രമാദത്താൽ ലേഖനത്തിന്റെ അവസാനത്തിൽ 10-ാം വകുപ്പിനോടു ചേർത്തു മുറുക്കിയിരുന്നു. ഇതു, പത്രം അച്ചടിച്ച് പുറപ്പെടുവിക്കും മുമ്പുള്ള "പ്രെസ് പ്രൂഫ്" വന്നപ്പോളാണു കണ്ടത്. ഫോറം ഇറക്കി പൊളിച്ചെടുത്ത് ശരിയാക്കുക എന്നാൽ, ഒരു മണിക്കൂറോളം സമയം വൈകുകയും പത്രം അന്നു പുറപ്പെടുവിക്കാൻ സാധിക്കാതെ പോകയും ചെയ്യുമായിരുന്നു. ഫോർമാൻ വിഷണ്ണനായി ഫോറം ഇറക്കാൻ ഭാവിച്ചു. ആ സമയം എനിക്കു തോന്നിയ ഉപായം ഇതായിരുന്നു. അസ്ഥാനത്തിൽ വന്ന ഭാഗത്തെ "4-ാം വകുപ്പിൽ കൂട്ടിച്ചേർപ്പാൻ" എന്ന ഒരു തലവാചകം നടനാട്ടി വേറാക്കിക്കാണിച്ചു. ലേഖനം ഒരു റെഗുലേഷന്റെ നഖൽ ആയിരുന്നതിനാൽ, ഈ അന്ത്യഘട്ടം ആ നഖലിൽ കൂട്ടിച്ചേർപ്പാനായി പിന്നാലെ എഴുതിച്ചേർത്ത ഒരു പരിഷ്കാരമാണെന്നു വായനക്കാർ ധരിപ്പാനും, ആ വിധത്തിൽ അതിലെ സന്ദർഭവൈഷമ്യം നീങ്ങാനും സംഗതിയായി.