താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം 7
കോടതികൾ: മഹാജനയോഗങ്ങൾ

വൃത്താന്തനിവേദനപ്രവൃത്തിയിൽ കുറെ പരിചയം ഉണ്ടായാൽ പിന്നെ, കുട്ടിത്തരം റിപ്പോർട്ടർക്കു, മുന്നോട്ടു കടക്കുവാൻ വിരോധമില്ല. മജിസ്ട്രേറ്റ് കോടതിയിലെയും പൊലീസ് കച്ചേരിയിലെയും വർത്തമാനങ്ങൾ ശേഖരിപ്പാൻ വേണ്ടിവരുന്നതിലധികം കാര്യശേഷിയും നിപുണതയും ആവശ്യപ്പെടുന്ന സ്ഥാപനങ്ങളുണ്ട്. ഇവ സിവിൽകോടതികൾ, സെഷൻകോടതികൾ, ഹൈക്കോടതി, നഗരപരിപാലകസഭകൾ എന്നിത്തരം വ്യവസ്ഥാപനങ്ങളാണ്. ഇവയിൽ ഓരോന്നിലും പൊതുവിൽ ജനങ്ങൾക്കു കൗതുകമുള്ള പലേ സംഗതികൾ നടക്കുന്നുണ്ടായിരിക്കും. ഈ നടപടികളെ ആവശ്യത്തിന്നനുസരിച്ച് കുറിച്ചെടുത്ത് റിപ്പോർട്ട് എഴുതുവാൻ കുറെ പഴകിത്തുടങ്ങിയ കൈക്കേ എളുപ്പം സാധ്യമാവൂ. ഒന്നാമതായി, ഓരോന്നിനും ഇത്രയിത്ര പത്രസ്ഥലമേ വിനിയോഗിക്കാവൂ എന്നു നിശ്ചയം ഉണ്ടായിരുന്നേക്കാം. അതിന്നുതക്കവണ്ണം എഴുതുവാൻ മുൻ അധ്യായത്തിൽ വിവരിച്ചിട്ടുള്ള രചനാസമ്പ്രദായങ്ങൾ ശീലിച്ചിരിക്കണം. ഈ വിഷയത്തിൽ, ഒരു റിപ്പോർട്ടിനെ ഇത്ര വരിയിൽ നിർത്തേണമെന്നു ചിലപ്പോൾ നിഷ്കർഷം ചെയ്യാൻ പാടില്ലെങ്കിലും, ഒരു സംഗതിയെക്കുറിച്ചു പ്രകൃതത്തിനു ഉചിതമായുള്ള സാരഭാഗങ്ങളെ മാത്രം എടുത്തെഴുതുവാൻ ശീലിച്ചിരുന്നാൽ, അതു ഏറെക്കുറെ ഉപകാരമായിത്തീരും. സിവിൽകോടതികളിലെ വ്യവഹാരങ്ങളെപ്പറ്റി റിപ്പോർട്ടു ചെയ്യേണ്ടിവരുമ്പോൾ ഈ പരിചയം ഏറെ പ്രയോജനപ്പെടുന്നതാണ്.

സിവിൽ കോടതികളിൽ നടക്കുന്ന വ്യവഹാരങ്ങൾ എല്ലാം പൊതുവിൽ ജനങ്ങൾക്കു കൗതുകപ്പെട്ടവയായിരിക്കയില്ല. ചിലവ്യവഹാരങ്ങളിൽ, നിയമസംബന്ധമായ വിശേഷവാദപദങ്ങളോ, പൊതുവെ ബാധിക്കുന്ന വല്ല തർക്കങ്ങളോ, ഉൾപ്പെട്ടിരിക്കാം. ഇവയെപ്പറ്റി റിപ്പോർട്ട് എഴുതുന്നതു വിഹിതമായിരിക്കും. റിപ്പോർട്ടർക്കു ഇരു കക്ഷികളുടെയും വാദങ്ങൾ മനസ്സിലാക്കുവാൻ, അവരുടെ വക്കീലന്മാർ ചെയ്യുന്ന പ്രസംഗങ്ങൾ കേട്ടാൽ എളുപ്പം