Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

'ഫോറം' ആയി. ഇതുതന്നെയോ; ഇതിന്റെമേൽ ചില പ്രയോഗങ്ങൾ ചെയ്തു സ്റ്റീരിയോ ടൈപ്പ്' ഉണ്ടാക്കിയെടുത്തു 'സ്റ്റീരിയോ'വിനേയോ അച്ചടിയന്ത്രത്തിൽ കയറ്റി അച്ചടിക്കുന്നു. 'സ്റ്റീരിയോ' എന്നത് ഉണ്ടാക്കുന്നതായാൽ, മുമ്പ് നിരത്തിവെച്ചിട്ടുള്ള അച്ചാണികൾ, അച്ചടിയന്ത്രത്തിൽ വെച്ച് അടിപെടാതെ, പൊളിച്ചെടുത്തുകൊള്ളാവുന്നതാണ്. മുറുക്കിയ ഫോറം തന്നെ അച്ചടിക്കുന്നതായാൽ, അച്ചാണികൾക്കു ക്രമേണ തേയ്മാനം വരും. ചിലപ്പോൾ, അച്ചടി നടക്കുമ്പോഴോ, പൊളിച്ചെടുക്കുമ്പോഴോ, അച്ചാണികൾ ഉടഞ്ഞു വീണുപോയേക്കാം. ഇങ്ങനെ വീണുപോകുന്ന അച്ചാണികൾക്ക് ഇംഗ്ലീഷിൽ "പൈ" എന്നു പേരു പറയുന്നു. 'പൈ' വീഴുന്നതിനൊപ്പം അച്ചടിപ്പണിക്കാർക്കു ക്ലേശകരമായ സംഭവം മറ്റൊന്നില്ല; അതു 'തിരിവാൻ' വളരെ സങ്കടമുള്ള കാര്യമാണ്.

കൈയെഴുത്തു പകർപ്പ് അച്ചു നിരത്തുന്നതിലേക്കായി ഏല്പിക്കുന്നതു തുടങ്ങി, അച്ചടിച്ചു പുറമെ അയയ്ക്കുന്നതുവരെ, അച്ചുകൂടത്തിൽ എന്തൊക്കെ ചടങ്ങുകൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ടെന്നു മേലെഴുതിയ വിവരങ്ങളാൽ സ്പഷ്ടമായിട്ടുണ്ടല്ലോ. ഇവയിൽ എന്തെങ്കിലുമൊരു വീഴ്ച കണ്ടാൽ, അത് ഇന്ന കാരണത്താലുണ്ടായതാണെന്നു ഉടനടി നിർണ്ണയിപ്പാനും, അതിനു പരിഹാരം കല്പിപ്പാനും, ഈ ചടങ്ങുകളുമായി പരിചയം വേണ്ടതാണെന്നും വ്യക്തമായിരിക്കുന്നു. പക്ഷേ, ഈവക നോട്ടങ്ങൾ, അച്ചുകൂടപ്പണികളിൽ മേൽവിചാരം ചെയ്യുന്ന ആളോ, ഉപപത്രാധിപരോ, പ്രൂഫ് തിരുത്തുകാരനോ നടത്തിക്കൊള്ളുമായിരിക്കും; എന്നിരുന്നാലും, റിപ്പോർട്ടർ കൂടെ അവിടെ പണിയെടുക്കുന്ന ആളാണെങ്കിൽ, തന്റെ ലേഖനങ്ങളുടെ പ്രൂഫ് നോക്കി ശരിപ്പെടുത്തിക്കുന്ന ചുമതല റിപ്പോട്ടർ തന്നെ വഹിക്കുന്നതു മേലിൽ ഗുണകരമായിരിക്കുന്നതാണ്. അവന്റെ ലേഖനത്തിന്നു പ്രൂഫ് എടുത്തു കിട്ടുന്നതിനിടയ്ക്കു, പലേ വീഴ്ചകൾ ഉണ്ടായിപ്പോയിരിക്കാം. അവൻ തന്നെ എഴുതിയ പകർപ്പിൽ ബദ്ധപ്പാടുനിമിത്തം വല്ല പിഴകളും വരുത്തിയിരുന്നിരിക്കാം. അച്ചുനിരത്തുകാരൻ ശബ്ദനിശ്ചയം ഇല്ലാതെ ഒന്നിനൊന്നു ധരിച്ചു ഭേദഗതിചെയ്തു ചേർത്തിരിക്കാം; അറകളിൽ അച്ചാണികൾ ഇനംമാറി കിടന്നിരുന്നതുനിമിത്തം, അക്ഷരമാറ്റങ്ങൾ