താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വന്നിരിക്കാം; പ്രൂഫ് എടുക്കവേ വല്ല അച്ചാണിയും ഊർന്നു പോയിരിക്കാം. പകർപ്പുവായിച്ചുകേൾപ്പിക്കുന്ന ആൾ തെറ്റിദ്ധാരണ നിമിത്തം വല്ല പദവും മറ്റൊരുവിധം വായിച്ചിരിക്കാം. ഇപ്രകാരം പലേ വീഴ്ചകൾ പ്രൂഫ് തിരുത്തിക്കഴിയുന്നതിനിടയ്ക്ക്, കണ്ടുപിടിക്കാൻ കഴിയുന്നതാണ്. ചിലപ്പോൾ, പ്രൂഫ് നോക്കുന്ന സമയം കാണുന്ന ചില പിഴകൾ അസാമാന്യമായ ക്ലേശത്തിനു കാരണമാകും; അവയെ ഏറിയ പ്രയത്നം കൂടാതെ തിരുത്തിച്ചേർപ്പാൻ റിപ്പോർട്ടർ ബുദ്ധികൗശലം പ്രയോഗിക്കേണ്ടതായും വരും. സന്ദർഭൗചിത്യം അനുസരിച്ച് ഒരു പദത്തിനു പകരം മറ്റൊരു പദം വെയ്ക്കയോ, ഒരു ചെറിയ വാക്കിനു പകരം വലിയ വാക്ക് ഉപയോഗിച്ച് മറ്റു ചില പദങ്ങൾ നീക്കിക്കളകയോ, മറ്റോ ചെയ്യേണ്ടി വന്നേക്കും. ഇതൊക്കെ, റിപ്പോർട്ടരുടെ നോട്ടത്തിങ്കീഴിലായാൽ, അധികം എളുപ്പത്തിൽ നടന്നേക്കും.

കാര്യവിവരവും പഠിപ്പുമുള്ളവനാണ് അച്ചുനിരത്തുകാരനെങ്കിൽ, പ്രൂഫിൽ ഏറെ പിഴകൾ ഉണ്ടായിരിക്കയില്ല; തീരെ അക്ഷരജ്ഞാനമില്ലാത്ത അച്ചുനിരത്തുകാരെകൊണ്ട് ഉണ്ടാകാവുന്ന ക്ലേശങ്ങൾ, പത്രക്കാർക്ക്, നൂറിരട്ടിച്ചു കാണും. പകർപ്പു നിശ്ശേഷം ശുദ്ധമായും വൃത്തിയായും വ്യക്തമായും എഴുതിയിരുന്നാൽ, പ്രൂഫിൽ തെറ്റുകൾ ചുരുങ്ങിയിരിക്കുമെന്നു ആശിക്കാവുന്നതാണ്; എന്നാൽ, 'മരത്തല'കളായ അച്ചുനിരത്തുകാർക്കു, എല്ലാം ഒപ്പംതന്നെയാണ്; അവർ അറപ്പെട്ടികളിൽ അച്ചാണികൾ ഇനം മാറി തിരിഞ്ഞിടുകനിമിത്തം പ്രൂഫ് ഒട്ടേറെ, കുഴപ്പത്തിലാക്കിയിരിക്കും. പ്രൂഫ് തിരുത്തലിൽ കണ്ടുപിടിക്കാവുന്ന പിഴകൾ പലമാതിരിയുണ്ട്. ചിലതു, അറമാറിപ്പോകയാൽ വരുന്ന അക്ഷരമാറ്റമായിരിക്കും. 'അവൻ ഇരുളിൽ മറഞ്ഞു'-എന്നതിന്ന്, 'അവൾ ഇരുളിൽ പറഞ്ഞു'-എന്നു നിരത്തിയിരിക്കാം. ചിലപ്പോൾ അച്ചാണികൾ തമ്മിൽ അല്പമായുള്ള ഭേദത്തെ സൂക്ഷ്മമായി കണ്ടറിയാതെ വരുത്തുന്ന തെറ്റാവാം. "അന്യായക്കാരൻ കുളത്തിൽ കുളിച്ചുനിന്നിരുന്നപ്പോഴാണ് പ്രതി തല്ലിയത്."-എന്നതിനെ "........കളത്തിൽ കളിച്ചു നിന്നിരുന്നപ്പോഴാണ്........" എന്നു ചേർത്തിരിക്കാം. ചിലപ്പോൾ, അച്ചാണി തിരിഞ്ഞോ മറിഞ്ഞോ ഇരിക്കും. 'രാമൻ' എന്നത്