Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്റ്റിക്ക് നിറഞ്ഞിട്ട്, 'മാറ്റർ' ഗാലിയിൽ ഇറക്കി, ഗാലിയുടെ നീളം മുഴുവൻ എത്തുകയോ, ലേഖനം അതിനുമുമ്പുതന്നെ അവസാനിക്കയോ ചെയ്താൽ, നിരത്തിയതൊക്കെ ഒരു ഗാലിപ്രെസ്സ് എന്ന അമർത്തുയന്ത്രത്തിൽ കൊണ്ടുവെച്ചു 'പ്രൂഫ്' എടുക്കുന്നു. അച്ചു പതിഞ്ഞശേഷവും ഇരുഭാഗത്തും കുറെ 'വെള്ള' ഉണ്ടായിരിക്കുമാറ് വീതിയിലും, ഗാലിയുടെ നീളത്തിലും കടലാസ് ചീന്തിവെച്ചിട്ടാണ് 'പ്രൂഫ്' എടുക്കാറുള്ളത്. ഇനി 'പ്രൂഫ്' നോക്കിത്തിരുത്തുകയാണ് ചെയ്യേണ്ടത്. ഇതിലേക്ക്, ഒരാൾ 'തായേടു' വെച്ചു വായിക്കയും, മറ്റൊരാൾ ആ 'പ്രൂഫ്' നോക്കി, പിഴകളെ, കടലാസിലെ രണ്ടരികിലുമുള്ള 'വെള്ള'കളിൽ തിരുത്തിയെഴുതുകയും ചെയ്യണം. 'വെള്ള' എന്നത് അച്ചടിച്ചതു കഴികെയുള്ള-അതാവിത് അച്ചാണികൾ പതിഞ്ഞിട്ടില്ലാത്ത-ഭാഗമാണ്. തിരുത്തിയ പ്രൂഫ്, അതു നിരത്തിയ അച്ചുനിരത്തുകാരന്റെ കൈയിലേയ്ക്കുതന്നെ തിരിയെ എത്തിക്കുന്നു. അവൻ നിരത്തിവെച്ചിരിക്കുന്ന അച്ചാണികളിൽ ആവശ്യപ്പെട്ട ഭേദഗതികൾ ചെയ്യുന്നു. വീണ്ടും ഒരു പ്രൂഫ് എടുത്തു മുമ്പത്തെ പ്രൂഫുമായി തിരുത്തുകാരന്റെ അടുക്കലെത്തിക്കുന്നു. ഇവ രണ്ടും വെച്ചു ഒത്തുനോക്കുകയും; ഇനിയും പിഴകൾ ഉണ്ടായിരുന്നാൽ, രണ്ടാം പ്രൂഫിൽ തിരുത്തിക്കാണിക്കയും ചെയ്യുന്നു. ഇതും തിരുത്തി ശരിപ്പെടുത്തിക്കഴിഞ്ഞാൽ ഗാലിയിലെ 'മാറ്റർ' 'കോളം' ആക്കി കെട്ടി ഒരു ഒത്തനിരപ്പായ മേശപ്പുറത്ത് ഇറക്കുന്നു. ഇങ്ങനെ, പത്രത്തിന്റെ 'പുറം' തികയുന്നതു വരെ 'ഗാലി'കൾ ഒഴിക്കുന്നു. ഒന്നോരണ്ടോ പുറത്തിനു വേണ്ടതു തികഞ്ഞാൽ ഉടൻ അത്രയും ഒരു 'ചേസി'നകത്താക്കി, 'മുറുക്കുന്നു'. കോളങ്ങൾക്കിടയ്ക്ക്, അച്ചാണികളുടെ പൊക്കത്തിലുള്ള 'റൂൾ' (പിത്തല ഓല) വെയ്ക്കയോ, അതിലും എകരം കുറഞ്ഞ 'ചീളി'യോ, 'ലെഡ്' തുണ്ടുകളോ ഇടുകയോ ചെയ്യാം. 'ചേസ്' എന്നതു ഇരുമ്പിലോ, മരത്തിലോ ഉള്ള ചതുരശ്രച്ചട്ടക്കൂടാണ്. ഇതിനുള്ളിൽ 'മാറ്റർ' ഇട്ടു മുറുക്കുന്നത്, അച്ചാണികളുടെ ചുറ്റും 'കമ്പ'കൾ, 'ചരിവുകട്ട'കൾ എന്നിവ ചേർത്തുവെച്ചും, അവയ്ക്കും ചട്ടത്തിനും മധ്യേ, 'പൂൾ' തള്ളിക്കയറ്റിയും ആണ്. ഇപ്രകാരം, അച്ചടിയന്ത്രത്തിൽ കൊള്ളാവുന്നതിന്നനുസരിച്ച് ഒന്നോ രണ്ടോ അധികമോ പുറങ്ങൾ ഇട്ടു മുറുക്കിയാൽ ഒരു