താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഞെരച്ചലാണെന്നു വിചാരിപ്പാനും ന്യായമില്ല. "വൈകിയതില്പിന്നെ" ആണെന്നു പറഞ്ഞിട്ടുള്ള സ്ഥിതിക്ക്, "നേരം ഇരുട്ടിത്തുടങ്ങിയതിനാൽ' എന്ന് പുനരുക്തം ചെയ്യേണ്ടിയിരുന്നില്ല. അപകടംപറ്റിയ ഗോവിന്ദപ്പിള്ളയെ ആദ്യവാചകത്തിൽ തന്നെ വായനക്കാരുടെ മുമ്പിൽ പ്രവേശിപ്പിക്കേണ്ടിയിരുന്നു; ഗോവിന്ദപ്പിള്ള ആരാണെന്നും എവിടെ പാർക്കുന്നവനാണെന്നും ആദ്യമേ അറിയിക്കുന്നില്ല. വാസസ്ഥലം ഒടുവിലാണ് പറഞ്ഞിരിക്കുന്നത്. "അപ്പോൾ" മുതലായി ചില അനാവശ്യപദങ്ങളും, നിരർത്ഥവാചകങ്ങളും ലേഖനത്തെ വീർപ്പിച്ചിരിക്കുന്നു. "പെട്ടെന്നു പരിഭ്രമിച്ചു" വിരണ്ടോടി എന്നു വർണ്ണിക്കേണ്ട വിശേഷാവശ്യമെന്ത്? വിരണ്ടോടുന്നതു പെട്ടെന്നല്ലാതെ ക്രമേണ ആണോ? വിരളുന്നതു പരിഭ്രമത്താലുമാണല്ലോ? ഗോവിന്ദപ്പിള്ള താഴത്തു വീണതിന്റെ ശേഷം അയാളുടെ അവസ്ഥ എന്തായിരുന്നു എന്നു അറിവാൻ ലേഖനത്തിന്റെ അവസാനത്തിൽ പോകേണ്ടിവരുന്നു; അതിനിടയിൽ കുതിരയുടെയും വണ്ടിയുടെയും പിന്നാലെയാണ് വായനക്കരനെ ഓടിക്കുന്നത്. കുതിര ഗോവിന്ദപ്പിള്ളയെ താഴത്ത് തള്ളിക്കളഞ്ഞിട്ട് ഓടിയ വഴിക്ക് മറ്റു വല്ല ആളേയും അപകടത്തിൽ പെടുത്തിയിരുന്നുവെങ്കിൽ ഗോവിന്ദപ്പിള്ളയെ വിട്ട് ആ ആളുടെ അപകടത്തെ അറിവാനായി വായനക്കാരനെ കൂട്ടിക്കൊണ്ടുപോയതു യുക്തമായിരിക്കുമായിരുന്നു. ഡാക്ടർ "വളരെ സൂക്ഷിച്ചു ശ്രദ്ധിച്ചു" പരിശോധിച്ചു എന്നു വിശേഷണം ചെയ്യേണ്ട ആവശ്യമില്ലയിരുന്നു; പരിശോധന സൂക്ഷിച്ചും ശ്രദ്ധിച്ചും ചെയ്യുന്ന കൃത്യമാണല്ലോ. മുറിവുകൾ 'ഉണ്ടായിട്ടുണ്ട്' എന്നു വർണ്ണിക്കുന്നെടത്തു "ഉണ്ടാവുക"യെക്കാൾ ഉചിതതരമായ പദം "പറ്റുക"യോ, "പെടുക"യോ ഏൽക്കുക"യോ ആകുന്നു. ഈ ഖണ്ഡികയെ അടിച്ചുടച്ചു വാർക്കാം.

"ഭയങ്കരമായ ആപത്ത്--ഇക്കഴിഞ്ഞ ചൊവ്വാഴ്ച സായങ്കാലത്തു, മേക്കേപട്ടം വിശ്വനാഥപുരത്തെ മിസ്റ്റർ ഗോവിന്ദപ്പിള കച്ചേരിയിൽനിന്നു മടങ്ങിപൊയ്ക്കൊണ്ടിരുന്നപ്പോൾ ഒരു അപകടം നേരിട്ടു. പുത്തൻകച്ചേരിക്കു സമീപത്തുള്ള പഴയ റോട്ടിന്റെ തിരിവിൽ എത്തിയപ്പോൾ അദ്ദേഹം കയറിയപ്പോയിരുന്ന വണ്ടിയിലെ കുതിര ഒരു