Jump to content

താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മേല്പറഞ്ഞ പഴയ റോട്ടിന്റെ തിരിവിൽ എത്തിയപ്പോൾ, മിസ്റ്റർ പിള്ളയുടെ വണ്ടിയിൽ പൂട്ടിയിരുന്ന കുതിര ആ തിരിവിൽ നാട്ടീട്ടുള്ള വഴികാട്ടിസ്തംഭം കണ്ട് പെട്ടന്നു പരിഭ്രമിച്ചു വിരണ്ടോടി അടുത്തൊരു കയ്യാലയിൽ ചെന്നു കയറി വണ്ടിയും കൊണ്ടു മറിയുകയും വണ്ടിക്കകത്തിരുന്ന മിസ്റ്റർ പിള്ള ഊക്കോടെ താഴത്തുവീഴുകയും ചെയ്തു. എന്നിട്ടും, കുതിര പിടിച്ചടിച്ചു എഴുന്നേറ്റു തകർന്ന വണ്ടിയും വലിച്ചിഴച്ചുകൊണ്ടു ഓടി വീണ്ടും തട്ടിമുട്ടി വീണു. രണ്ടാമതു വീണതു ഒരു പിലാമരത്തിൽച്ചെന്നു മുട്ടിയതുനിമിത്തമായിരുന്നു. ഇതോടുകൂടി വണ്ടി തവിടുപൊടിയായി. ഇതിനിടയ്ക്കു, വേറൊരു വണ്ടി പിറകെ വന്നുചേർന്നു. അതിലെ വണ്ടിക്കാരൻ ശങ്കു എന്നവൻ റോട്ടിൽ മിസ്റ്റർ ഗോവിന്ദപ്പിള്ള കിടക്കുന്നതുകണ്ട്, മിസ്റ്റർ പിള്ളയെ താങ്ങിയെടുത്ത്, തന്റെ വണ്ടിക്കകത്തു കിടത്തി. മിസ്റ്റർ പിള്ളയുടെ വീട് മേക്കേപട്ടത്തു വിശ്വനാഥപുരത്തു ആണ്; മൂന്നുനാഴിക ദൂരമുണ്ട്. മിസ്റ്റർ പിള്ളയെ ഡാക്ടർ വന്നുകണ്ട് വളരെ സൂക്ഷിച്ച് ശ്രദ്ധിച്ചു പരിശോധിച്ച് ചികിത്സിക്കുന്നു. പരിശോധനയിൽ, മിസ്റ്റർ പിള്ളയ്ക്കു വളരെ കഠിനമായ മുറിവുകൾ തലയിലും പുറത്തും ഉണ്ടായിട്ടുണ്ടെന്നാണ് ഡാക്ടർ കണ്ടിരിക്കുന്നത്."

ഇത്തരം വർത്തമാനക്കുറിപ്പുകൾ പലപ്പോഴും പത്രങ്ങളിൽ കാണാറുണ്ട്. ഇതിന്റെ ന്യൂനതകളെ പരിഹരിച്ച് തിരുത്തി എഴുതുംമുമ്പായി ചില ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കാം. വർത്തമാനക്കുറിപ്പുകൾ എഴുതുമ്പോൾ ലേഖകന്മാർ ഒന്നാമതായി ചെയ്യേണ്ടതു വായനക്കാരെ ആകർഷിക്കുവാൻ തക്കതും വിഷയത്തിനു ചേർന്നതുമായ ഒരു തലവാചകം വെയ്ക്കുകയാണ് എന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. ഇവിടെ കാണിച്ചതായ ഖണ്ഡലേഖനത്തിന്റെ തലവാചകം "വീണുഞെരിഞ്ഞു" എന്നാണ്. ഇതു വായിച്ചാൽ, അപകടം സംഭവിച്ച ആളുടെ പേരിൽ അനുകമ്പ ഉദിക്കുന്നതിലധികം ഹാസ്യരസം തോന്നുവാനാണ് എളുപ്പമുള്ളത്. ഗോവിന്ദപ്പിള്ളയ്ക്കു പറ്റിയ ആപത്താണ് ഇവിടെ മുഖ്യസംഗതിയായിരിക്കുന്നത്; അതു തലവാചകത്താൽ സൂചിപ്പിക്കുന്നുണ്ടെന്നു പറഞ്ഞുകൂടാ. പിന്നെ വണ്ടിതകർന്നത്