താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഴികാട്ടിസ്തംഭം കണ്ട് വിരണ്ടോടി അടുത്തൊരു കയ്യാലയിൽ ചെന്നുമുട്ടി, വണ്ടിയോടുകൂടെ മറിഞ്ഞു. അദ്ദേഹം റോട്ടിൽ വീണുപോയി. പിറകെ വന്നിരുന്ന ഒരു വണ്ടിയിലെ (ശങ്കു എന്ന) വണ്ടിക്കാരൻ അദ്ദേഹത്തെ കാണുകയും, എടത്തു തന്റെ വണ്ടിയിലാക്കി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകുയും ചെയ്തു. ഡാക്ടറെ വരുത്തി നോക്കിച്ചതിൽ മിസ്റ്റർ പിള്ളയ്ക്കു തലയും പുറവും കഠിനമായി മുറിപ്പെട്ടിരിക്കുന്നതായി കണ്ടിരിക്കുന്നു. വിരണ്ടോടിവീണ കുതിരയോ, പിടച്ചടിച്ചെണീറ്റു വീണ്ടും വണ്ടിയും വലിച്ചിഴച്ചുകൊണ്ടു ഓടി ഒരു പിലാമരത്തിൽ മുട്ടി; വണ്ടി തീരെ തകർന്നുപോകയും ചെയ്തു".

ഇത്രയും കൊണ്ടു സംഭവത്തിന്റെ സംക്ഷിപ്തമായ വിവരണം ആയിട്ടുണ്ട്. മേപ്പടി ആപത്തിലെ പ്രധാന സംഗതികൾ ഒക്കെ ഇതിൽ അടക്കീട്ടുമുണ്ട്. സംഭവം നടന്ന കാലം, ആൾ, അപകടം, സന്ദർഭം, കാരണം പരിണാമം--എന്നിതുകൾ ഓരോന്നും സംഭവിച്ച ക്രമത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുമുണ്ട്. പത്രത്തിൽ എഴുതി പഴമപരിചയം വന്നിട്ടുള്ള ലേഖകന്മാർ, മുമ്പു കാണിച്ച മാതിരി ആക്ഷേപാർഹമായ വിധത്തിൽ സംഭവകഥനം ചെയ്കയില്ല എന്നു സമാധാനപ്പെടാം; കുട്ടിത്തരക്കാർക്കാണ് വീഴ്ചവരാറ്.

വർത്തമാനങ്ങളെ വിഷയമാക്കി ഖണ്ഡലേഖനങ്ങൾ എഴുതുന്നതു എത്രമാത്രം നീളാം? ഇതിനു നിശ്ചിതമായ വ്യവസ്ഥയൊന്നും കല്പിച്ചിട്ടില്ലാ. വിഷയം നാനാമുഖമായി പ്രതിപാദിക്കപ്പെടേണ്ടതല്ലെങ്കിൽ, ചെറിയ അക്ഷരത്തിൽ മുപ്പതു നാല്പതു വരിവരെ നീളുന്നതിൽ തരക്കേടില്ല. എന്നാൽ, അതിലധികം നീണ്ടാൽ തലവാചകം നടുവിൽ നാട്ടി, ഒരു ചെറിയ ഉപന്യാസത്തിന്റെ രീതിയിൽ നിറുത്താം. വിഷയം നാനാമുഖമായിരിക്കയും ഒന്നിലധികം ഖ്ണ്ഡികകൾ ആയി പിരിച്ചെഴുതേണ്ടിവരുകയും ചെയ്യുന്നതായാൽ, തലവാചകം നടനാട്ടി, ഓരോ ഖണ്ഡികയ്ക്കും വെവ്വേറെ തലവാചകങ്ങൾ വെച്ചോ വെയ്ക്കാതെയോ, വർണ്ണിക്കുക യുക്തമായിരിക്കും. അഗ്നിബാധ, തിവണ്ടി അപകടം, ലഹള മുതലായ പലേ